Wednesday - 22 April, 2026 4-Dhu al-Qadah-1447

അപൂർവ്വ സഹോദരങ്ങൾ (2)

   മൂസാ നബി (അ) നെ കുറിച്ചുള്ള ഈ രംഗങ്ങളെല്ലാം വിശുദ്ധ ഖുർആൻ ഭംഗിയായി നമുക്കു വിവരിച്ചുതരുന്നുണ്ട്. സൂറത്ത് ഖസ്വസിലെ ചില വിവരങ്ങൾ കാണുക: "സത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾക്കു വേണ്ടി മൂസാ നബിയുടെയും ഫിർഔന്റെയും വൃത്താന്തത്തിൽ നിന്ന് ചില ഭാഗങ്ങൾ യഥാർത്ഥ നിലക്ക് താങ്കൾക്ക് നാം ഓതിത്തരുന്നു." (28:3)


 "നിശ്ചയമായും ഫിർഔൻ ഭൂമിയിൽ അഹങ്കാരം പ്രവർത്തിക്കുകയും ആളുകളെ പല വിഭാഗങ്ങളാക്കുകയും ചെയ്തു. എന്നിട്ട് അവരിൽ ഒരു വിഭാഗത്തെ തങ്ങളുടെ ആൺകുട്ടികളെ അറുകൊല ചെയ്യുകയും പെൺകുട്ടികളെ ജീവനോടെ വിടുകയും ചെയ്തുകൊണ്ട് അവൻ ബലഹീനമാക്കി. തീർച്ചയായും അവൻ നാശകാരികളിൽ പെട്ടവനായിരുന്നു." (28:4) 

 

إِنَّهُ كَانَ مِنَ الْمُفْسِدِينَ


 ഒരു രാഷ്ട്രത്തിന്റെ അവസ്ഥയാണിത്. ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ അവസ്ഥ. ഇത്രയും ദയനീയമായിത്തീർന്നാൽ അല്ലാഹു ﷻ അവിടെ നീതി നടപ്പാക്കും. മർദ്ദകന്മാരെ തകർക്കും. മർദ്ദിക്കപ്പെട്ടവരെ ഉയർത്തും. ഈജിപ്തിൽ ഇതാണു നടക്കാൻ പോവുന്നത്. അതിന്റെ മുന്നോടിയാണ് മൂസാ നബിയുടെ ജനനം... 


 ഇക്കാര്യം അല്ലാഹു ﷻ വ്യക്തമാക്കുന്നത് കാണുക: "നാട്ടിൽ ബലഹീനരായി ഗണിക്കപ്പെടുന്നവർക്ക് ഔദാര്യം ചെയ്യണമെന്നും അവരെ നേതാക്കന്മാരും അനന്തരാവകാശികളും ആക്കണമെന്നും നാം ഉദ്ദേശിക്കുന്നു." (28:5)


 ഫിർഔനും ഹാമാനും എന്താണോ ഭയന്നത് അത് തന്നെ നടപ്പിലാക്കാൻ അല്ലാഹു ﷻ ഉദ്ദേശിച്ചു. അല്ലാഹു ﷻ ഉദ്ദേശിച്ചതെന്തോ അത് മാത്രമേ നടക്കുകയുള്ളൂ. ഫിർഔനും ഹാമാനും ഉദ്ദേശിച്ചത് നടക്കില്ല. അല്ലാഹു ﷻ പറയുന്നത് ശ്രദ്ധിക്കൂ:


"നാട്ടിൽ അവർക്ക് സ്വാധീനം നൽകാനും, ഫിർഔനിനും ഹാമാനും, അവരുടെ സൈന്യത്തിനും അവർ എന്താണോ ഭയപ്പെട്ടിരുന്നത് അത് അനുഭവത്തിൽ കാണിച്ചുകൊടുക്കുവാനും നാം തീരുമാനിച്ചു." (28:6)

 

 കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ അല്ലാഹു ﷻ വിവരിച്ചുതന്നിരിക്കുന്നു. ഫിർഔനും കൂട്ടരും ഭയപ്പെട്ടതെന്താണോ അത് സംഭവിക്കും. ഭരണം പോവും എല്ലാം നശിക്കും...


 മൂസാ (അ) പിറന്നു. മാതാവ് ഭയന്നു. അപ്പോൾ അല്ലാഹു ﷻ അവരെ വളരെ നല്ല സന്ദേശം അറിയിച്ചു. സന്ദേശത്തിലെ നിർദേശങ്ങൾ നോക്കി മനസ്സിലാക്കാം


1. കുട്ടിക്ക് മുലപ്പാൽ നൽകുക.


2. ഭയം വന്നാൽ പെട്ടിയിലാക്കി നദിയിലിടുക.


ദിവ്യസന്ദേശത്തിൽ രണ്ട് കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്. 


1. ഭയപ്പെടരുത്. 


2. കുട്ടിയുടെ കാര്യത്തിൽ ദുഃഖിക്കരുത്. 


രണ്ട് ശുഭ വാർത്തകളും അറിയിക്കപ്പെട്ടു. 


1. ശിശു തിരിച്ചു വരും. 


2. ഭാവിയിൽ നബിയായിത്തീരും. 


 ഇത്രയും കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് മാതാവിന് കിട്ടിയ സന്ദേശം. ആ സന്ദേശം കാണുക. 


 "മൂസാ നബിയുടെ ഉമ്മാക്ക് നാം സന്ദേശം നൽകി. കുട്ടിക്ക് നീ മുല കൊടുക്കുക. ഇനി നിനക്കവനെക്കുറിച്ച് ഭയമുണ്ടായാൽ അവനെ (പെട്ടിയിലാക്കി) നദിയിലിടുക. പേടിക്കുകയോ ദുഃഖിക്കുകയോ വേണ്ട. നിശ്ചയമായും അവനെ നിന്നിലേക്ക് നാം മടക്കിത്തരുന്നതും മുർസലുകളിൽ പെട്ടവനാക്കുന്നതുമാണ്." (28:7)


 ഹാറൂൻ എന്ന കുട്ടിയുടെ കൊച്ചു മനസ്സിനെ ഈ സന്ദേശം എന്തു മാത്രം സ്വാധീനിച്ചിരിക്കുമെന്ന് ചിന്തിച്ചു നോക്കുക. സ്വന്തം അനുജനോടുള്ള സ്നേഹം വർധിക്കാൻ ഇത് കാരണമായിത്തീർന്നു. പെട്ടി പുഴയിലിട്ടു. അനുജൻ അതാ ഒഴുകിപ്പോവുന്നു. അനിയത്തി നദിയുടെ കരയിലൂടെ നടന്നു നീങ്ങുന്നു...  


 അനിയനെയും അനിയത്തിയെയും നോക്കിനിൽക്കുന്ന ബുദ്ധിമാനായ ജ്യേഷ്ഠൻ. ദിവ്യസന്ദേശത്തിൽ ഉറച്ച വിശ്വാസമുണ്ട്. ഒരുപാട് സംഭവങ്ങൾക്ക് ഈ നദീതീരം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഫിർഔനും ഹാമാനും സൈന്യത്തിനും അബദ്ധം സംഭവിക്കാൻ പോവുന്നു. 


 കുട്ടി കിടക്കുന്ന പെട്ടി രാജകുമാരിമാർ കുളിക്കുന്ന കടവിലെത്തും. പെട്ടി കരക്കണയും. പെട്ടി തുറക്കും. കുട്ടിയെ കാണും. അഴകുള്ള കുട്ടി അതിനെ കൊല്ലാൻ രാജ്ഞി സമ്മതിക്കില്ല. കുട്ടി കൊല്ലപ്പെടില്ല. അവിടെ ഫിർഔന് അബദ്ധം പിണഞ്ഞു. യഥാർത്ഥ ശത്രു അവന്റെ മുമ്പിൽ കിടക്കുന്നു. ചോരപ്പൈതലാണ്. അതിനെ കൊല്ലുന്നില്ല. മറ്റുള്ള കുഞ്ഞുങ്ങളെ വകവരുത്തുന്നു. ഇതാണ് അല്ലാഹുﷻവിന്റെ പദ്ധതി...  


 ഈ കുഞ്ഞ് ഫിർഔനിന്റെ ശത്രുവാണ്. ഈ കുഞ്ഞ് കാരണം ഫിർഔൻ വ്യസനിക്കും. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ:


"അവൻ തങ്ങൾക്ക് ശത്രുവും ദുഃഖവും ആയിത്തീരുന്നതിന് വേണ്ടി ഫിർഔനിന്റെ ആൾക്കാർ അവനെ നദിയിൽ നിന്നെടുത്തു. നിശ്ചയമായും ഫിർഔനും അവരുടെ സൈന്യവും അബദ്ധം പിണഞ്ഞവരായിപ്പോയി." (28:8)


 എത്ര വലിയ അബദ്ധമാണ് തങ്ങൾക്ക് പിണഞ്ഞതെന്ന് അവർക്ക് അപ്പോൾ മനസ്സിലായില്ല. പിന്നീട് മനസ്സിലായി. നദിയിലൂടെ പെട്ടി ഒഴുകിവരുന്നത് കണ്ടു. അത് കരയിൽ കയറ്റി. പെട്ടി തുറന്നപ്പോൾ അഴകുള്ള കുട്ടി. രാജ്ഞി കുട്ടിയെ കാണുന്നു. ആരാണ് രാജ്ഞി..? 


ആസിയ ബീവി (റ). കുട്ടിയുടെ അഴക് റാണിയെ അതിശയിപ്പിച്ചു. അവർക്ക് മക്കളില്ല. ഈ കുഞ്ഞിനെ വളർത്താൻ അവർ ആഗ്രഹിച്ചു.


 ഫിർഔൻ ഇങ്ങനെ പറഞ്ഞു: "ഇതാരുടെ കുട്ടിയാണെന്നറിയില്ല ഇസ്രാഈല്യരുടെ കുട്ടിയാവാം എങ്കിൽ ഇവനെ കൊല്ലണം." 


രാജ്ഞി പറഞ്ഞു: "വേണ്ട ഇവനെ കൊല്ലരുത്. ഈ കുഞ്ഞിനെ നമുക്കു വളർത്താം. എനിക്കും താങ്കൾക്കും കണ്ണിന് കുളിർമയായി ഈ കുഞ്ഞ് വളർന്നു വരട്ടെ..! ഇവനെ നമുക്കു വളർത്തുമകനായി സ്വീകരിക്കാം."


 ഫിർഔൻ രാജ്ഞിക്കു വഴങ്ങി. കുഞ്ഞിനെ ജീവിക്കാൻ വിട്ടു. ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം ഇങ്ങനെ: 


"ഫിർഔനിന്റെ ഭാര്യ പറഞ്ഞു: എനിക്കും താങ്കൾക്കും കൺകുളിർമയായിരിക്കും ഈ കുട്ടി. ഇവനെ നിങ്ങൾ കൊന്നുകളയരുത്. ഇവൻ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കിൽ ഇവനെ നമുക്കൊരു സന്താനമാക്കി വെക്കാം. അക്കൂട്ടർ യാഥാർത്ഥ്യമറിഞ്ഞിരുന്നില്ല." (28:9)


 ഇംറാനും ഭാര്യയും മക്കളും. അസാമാന്യമായ മനക്കരുത്താണ് അവർക്ക് അല്ലാഹു ﷻ നൽകിയത്. അത് കാരണം അവർ രഹസ്യം സൂക്ഷിച്ചു. ഇംറാനും യൂഹാനിദും  

അപൂർവ സൗഭാഗ്യം സിദ്ധിച്ച ദമ്പതികളാണവർ. രണ്ട് പ്രവാചകന്മാരുടെ മാതാപിതാക്കളാണവർ...


 ആദ്യം നബിയായി നിയോഗിക്കപ്പെട്ടത് മൂസാ(അ).  തന്റെ സഹോദരൻ ഹാറൂനെക്കൂടെ  നബിയായി നിയോഗിക്കാൻ അല്ലാഹുﷻവിനോട് മൂസാ(അ) അപേക്ഷിച്ചു. അപേക്ഷ പരിഗണിക്കപ്പെട്ടു. ഹാറൂൻ (അ) നബിയായി... 


 രണ്ട് നബിമാരുടെ മാതാപിതാക്കൾ. അവർ പെട്ടിയുടെ രഹസ്യം സൂക്ഷിച്ചു. മക്കളും രഹസ്യം സൂക്ഷിച്ചു. കുട്ടികളായിട്ടുപോലും പുറത്ത് പറഞ്ഞില്ല...