Wednesday - 22 April, 2026 4-Dhu al-Qadah-1447

ആദ്യ രക്തസാക്ഷികൾ (2)

   ഹാറൂൻ (അ) ഉജ്ജ്വലമായൊരു പ്രസംഗം നടത്തി. ഞങ്ങൾ അല്ലാഹുവിﷻന്റെ പ്രവാചകന്മാരാണ്. അവന്റെ കൽപന പ്രകാരമാണ് ഞങ്ങളിവിടെ വന്നത്. ഞങ്ങൾ മാരണക്കാരല്ല. ഞങ്ങളുടെ കൈവശമുള്ളത് അല്ലാഹുﷻവിന്റെ ദൃഷ്ടാന്തമാണ്. അല്ലാഹുﷻവിന്റെ ശക്തി വിജയിക്കും. നിങ്ങളുടെ ജാലവിദ്യകൾ പരാജയപ്പെടും... 


 "പ്രിയപ്പെട്ട മാരണക്കാരേ, ഞങ്ങൾ അല്ലാഹുﷻവിന്റെ ദൂതന്മാരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാവും. മനസ്സിലായിക്കഴിഞ്ഞാൽ ഉടനെ വിശ്വസിക്കണം. ഫിർഔനെക്കുറിച്ചുള്ള ഭയം നിങ്ങളെ തടയാതിരിക്കട്ടെ!"  


 കൂടുതൽ സംസാരിക്കാൻ സമ്മതിച്ചില്ല. മാരണക്കാർ വടിയും കയറുമൊക്കെ താഴെയിട്ടു. അവ പാമ്പുകളായി ഇഴയുന്നതുപോലെ തോന്നി. മൂസാ(അ) വടി താഴെയിട്ടു. അത് ഉഗ്രൻ പാമ്പായി മറ്റുള്ളവയെ പിടിച്ചു വിഴുങ്ങി... 


 കൈ പ്രകാശിക്കുന്ന മുഅ്ജിസത്തു കാണിച്ചു. മാരണക്കാർക്കു ബോധ്യമായി ഇത് ദൈവിക ശക്തി തന്നെ. ഈമാൻ അവരുടെ ഖൽബിൽ പ്രവേശിച്ചു. അവർ ഉറക്കെ വിളിച്ചു പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് 

മൂസാ കലീമുല്ലാഹ്...  


 ഫിർഔൻ കോപാന്ധനായി മാറി...


 "പിടിച്ചുകെട്ടവരെ എതിർദിശയിലുള്ള കൈകാലുകൾ വെട്ടിമാറ്റുക..!!"  


 എത്ര ക്രൂരമായ ശിക്ഷയാണിത്. 

വലതു കൈയും ഇടതും കാലും മുറിക്കുക. അല്ലെങ്കിൽ ഇടതു കൈയും വലതു കാലും മുറിക്കുക... 


 "അല്ലാഹു അക്ബർ"  ഈമാൻ ശക്തമായി. അവർ ശക്തമായി പ്രതികരിച്ചു. മാരണക്കാർ സുജൂദിൽ വീണു.  

ഞങ്ങൾ മൂസായുടെയും ഹാറൂനിന്റെയും റബ്ബിൽ വിശ്വസിച്ചുകഴിഞ്ഞു... 


 രാവിലെയവർ മുശ്രിക്കുകളായിരുന്നു. പൂർവാഹ്നത്തിൽ മത്സരം നടന്നു. തുടർന്ന് അവർ മുസ്ലിംകളായി.

വൈകുന്നേരം ശുഹദാക്കളായി രക്തസാക്ഷികളായി. ഇതാണവർക്ക് കിട്ടിയ കൊടും ശിക്ഷ. ആദ്യ രക്തസാക്ഷികൾ അല്ലാഹു ﷻ അവരെ ആദരിച്ചു. രക്തസാക്ഷികളായ വാർത്ത നാടാകെ പരന്നു. കുരിശിൽ തറച്ചവരുടെ രക്തം ഇറ്റിറ്റു വീഴുന്നു. ഈ പ്രശ്നം ജനമനസ്സുകളെ ഇളക്കിമറിച്ചു. പലരും രോഷം കൊണ്ടു...


 വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ശ്രദ്ധിക്കുക: "മാരണ വിദ്യക്കാർ സുജൂദ് ചെയ്തവരായി വീഴ്ത്തപ്പെട്ടു." (7:120)


"അവർ പറഞ്ഞു: ലോക രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചു." (7:121) 


"മൂസായുടെയും ഹാറൂനിന്റെയും റബ്ബിൽ." (7:122) 


"ഫിർഔൻ അവരോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുവാദം നൽകുന്നതിന് മുമ്പ് നിങ്ങൾ അവനിൽ വിശ്വാസിച്ചു കളഞ്ഞോ? നിശ്ചയമായും ഈ നാട്ടിൽ നിന്ന് ഇവിടത്തെ നിവാസികളെ പുറം തള്ളുവാൻ നിങ്ങൾ രണ്ട് കൂട്ടരും ചേർന്ന് ഇവിടെ നടത്തിയ ഗൂഢാലോചന തന്നെയാണിത്. എന്നാൽ നിങ്ങൾ പിന്നീട് അറിഞ്ഞുകൊള്ളും." (7:123)


"നിശ്ചയമായും നിങ്ങളുടെ കൈകളെയും കാലുകളെയും ഒന്നിനൊന്ന് എതിരായി ഞാൻ മുറിക്കും. എന്നിട്ട് നിങ്ങളെല്ലാവരെയും ഞാൻ കുരിശിൽ തറക്കുകയും ചെയ്യും." (7:124)


"അവർ പറഞ്ഞു: നിശ്ചയമായും ഞങ്ങൾ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങിപ്പോവുന്നവരാകുന്നു." (7:125)


 അല്ലാഹുﷻവിൽ വിശ്വസിച്ചു അതല്ലാതെ ഒരു കുറ്റവും ഞങ്ങൾ ചെയ്തില്ല. അതിന്റെ പേരിൽ മരണശിക്ഷ സ്വീകരിച്ചു കൊള്ളാം. സന്തോഷത്തോടെ അവർ പ്രാർത്ഥിച്ചതിങ്ങനെയായിരുന്നു: 


"ഞങ്ങളുടെ റബ്ബേ... മരണശിക്ഷ നൽകപ്പെടുമ്പോൾ ക്ഷമിക്കാനുള്ള ശക്തി നൽകേണമേ! ഞങ്ങളെ മുസ്ലിംകളായി മരിപ്പിക്കേണമേ..!"