Wednesday - 22 April, 2026 4-Dhu al-Qadah-1447

ആദ്യ രക്തസാക്ഷികൾ (1)

   വളരെ നാളത്തെ ശ്രമത്തിന്റെ ഫലമായി പ്രവാചകന്മാർക്ക് കൊട്ടാരത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു.  


"നിങ്ങളാരാണ്?" ഫിർഔൻ ഗൗരവത്തിൽ ചോദിച്ചു. 


"ഞങ്ങൾ സർവലോക രക്ഷിതാവായ അല്ലാഹുﷻവിന്റെ പ്രവാചകന്മാരാകുന്നു" മൂസാ(അ) പറഞ്ഞു...


ഹാറൂൻ (അ) അത് വിശദീകരിച്ചു. "മഹാരാജാവേ താങ്കൾ നാനൂറ് വർഷമായി ഈജിപ്ത് ഭരിക്കുന്നു. ഇതിന്നവസരം നൽകിയത് അല്ലാഹുﷻവാണ്. ആ അല്ലാഹുﷻവിനെ താങ്കൾ അനുസരിക്കണം. വണങ്ങണം. നാനൂറ് വർഷമായി താങ്കൾ ഇസ്രാഈലി വംശക്കാരെ പീഡിപ്പിക്കുന്നു. അവരെ ഞങ്ങളുടെ കൂടെ അയക്കണം. ഞങ്ങൾ ഫലസ്തീനിലേക്ക് പോയ്ക്കൊള്ളാം."  


 ഞങ്ങൾ അല്ലാഹുﷻവിന്റെ പ്രവാചകന്മാരാണ്. അതിന് ദൃഷ്ടാന്തങ്ങളുണ്ട്. തുടർന്ന് മൂസാ(അ) ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു. വടി പാമ്പായി. 

കൈ പ്രകാശിച്ചു... 


ഫിർഔനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "മാരണം തന്നെ. ഇത് പരാജയപ്പെടുത്തണം. നമ്മുടെ മാരണക്കാരെയെല്ലാം വിളിച്ചുവരുത്തുക."


 രാജകൽപന വന്നു. തിയ്യതി നിശ്ചയിച്ചു. പ്രവാചകന്മാർ തൽക്കാലം പിന്മാറി. എവിടെയും മാരണക്കാരുടെ സംഗമത്തെക്കുറിച്ചായി സംസാരം.


 നബിമാർ ഇസ്രാഈല്യർക്കിടയിൽ മതപ്രചാരണം തുടങ്ങി. ഇത് ഫിർഔനിനെ പ്രകോപിതനാക്കി. മർദ്ദനങ്ങൾ ശക്തമായി. മൂസായും ഹാറൂനും പ്രവാചകരാണെന്ന് വിശ്വസിച്ചാൽ കൊന്നുകളയും. 


 രണ്ട് ചെറുപ്പക്കാരെ നമുക്കു പരിചയപ്പെടാം. ഇസ്രാഈല്യർക്കിടയിലെ ഒരു പ്രമുഖനാണ് നൂൻ. നൂനിന്റെ ഭാര്യ മർയം. അവർക്ക് ജനിച്ച  കുട്ടിയാണ് യൂശഅ്. യൂശഇന്റെ കളിക്കൂട്ടുകാരനാണ് കാലബ്. യഫുന്നായുടെ മകൻ യൂശഉം കാലബും നിഷ്കളങ്ക സ്നേഹത്താൽ ബന്ധിക്കപ്പെട്ട കൂട്ടുകാർ... 


അവർ തൗഹീദിന്റെ വിളി കേട്ടു...


ലാഇലാഹ ഇല്ലല്ലാഹ് 

മൂസാ കലീമുല്ലാഹ്. 


മനസ്സ് തുടിച്ചുപോയി. തൗഹീദിന്റെ മഹത്തായ വചനം അതിന്റെ പ്രകാശം മനസ്സിൽ പരന്നു.  

തൗഹീദ് ഉച്ചരിച്ചാൽ? 

ഫിർഔൻ കോപിക്കും. മർദ്ദിക്കും. വധിക്കും എന്തുവേണം? തൗഹീദ് വേണോ? ശിർക്ക് വേണോ? 

വേണ്ടത് തൗഹീദ് തന്നെ. 

അവർ നബിമാരെ സമീപിച്ചു. തൗഹീദിന്റെ വചനം ചൊല്ലി... 


 ഹാറൂൻ (അ) അവർക്ക് മത തത്വങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തു.  

ദിവസങ്ങൾക്കകം രഹസ്യം പുറത്തായി. യൂശഉം കാലബും മുസ്ലിംകളായി. അവർ പൊതുശത്രുക്കളായി മുദ്രകുത്തപ്പെട്ടു. ഖിബ്ത്തികൾ അവരെ തേടിയിറങ്ങി. പിടികൊടുക്കാതെ നടന്നു. പിടിക്കപ്പെടും വധിക്കപ്പെടും ആ വാർത്ത നാട്ടിൽ പരന്നു...  


 നിശ്ചിത ദിവസമായി. മാരണക്കാരെല്ലാം എത്തിച്ചേർന്നു. മൂസാ നബി (അ), ഹാറൂൻ (അ) എന്നിവരുമെത്തി...