Wednesday - 22 April, 2026 4-Dhu al-Qadah-1447

സമൂഹം വഴി തെറ്റി (1)

   ഹാറൂൻ (അ), മൂസാ(അ), യൂശഅ്, കാലബ് നാലു നേതാക്കന്മാർ. ആദ്യത്തെ രണ്ടുപേർ ഇപ്പോൾ പ്രവാചകന്മാരാണ്. യൂശഅ്(അ) പിൽക്കാലത്ത്  പ്രവാചകനായിത്തീർന്നു. കാലബ് പിന്നീട് നബിയായിത്തീർന്നു എന്ന അഭിപ്രായം ചിലർക്കുണ്ട്. നബിയുടെ താഴെ പദവിയുള്ള ഔലിയാക്കളിൽ പെട്ട ആളായിരുന്നു കാലബ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്...


 ഇസ്രാഈല്യർക്കിടയിലാണിവരുടെ പ്രവർത്തനം. ഖിബ്ത്തികൾക്കിടയിലും രഹസ്യമായി പ്രവർത്തിക്കുന്നു. അല്ലാഹുﷻവിൽ വിശ്വസിക്കുക. അവനിൽ ഭരമേൽപ്പിക്കുക. അവന്റെ കൽപനകൾ പാലിക്കുക. ഇവയൊക്കെയാണ് ഉപദേശങ്ങൾ...


 കിങ്കരനായ ഫിർഔനിന്റെ ഭാര്യ ആസിയ(റ) അവർ മൂസാ(അ)യിൽ വിശ്വസിച്ചു. രഹസ്യമായി ആരാധനാ കർമങ്ങൾ നിർവഹിച്ചു. ഫിർഔൻ കോപാകുലനായിവന്നു.  ആസിയ(റ)യെ കുരിശിൽ തറച്ചു കൊന്നു. ഈജിപ്തിനെ നടുക്കിയ വാർത്തയാണത്. അതുപോലെ എത്രയെത്ര കുരിശു മരണങ്ങൾ... 


 ഇസ്രാഈല്യരെയുംകൊണ്ട് കടൽ കടന്നു പോവണം. അതിന്നവരെ മാനസികമായി തയ്യാറാക്കണം. ഇപ്പോൾ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു. കുറെ കാലത്തെ കഠിനാധ്വാനം. ഇപ്പോൾ എല്ലാ ഇസ്രാഈല്യരും ഈജിപ്ത് വിടാൻ തയ്യാറായി... 


 ഇരുട്ടുള്ള രാത്രി ഉള്ളതെല്ലാം പെറുക്കിക്കെട്ടി. നാടുവിടുകയാണ്. വലിയൊരു ജനക്കൂട്ടം കടൽതീരത്തേക്ക് നീങ്ങി. എങ്ങനെയോ ഫിർഔൻ വിവരമറിഞ്ഞു. മന്ത്രിമാരെ വിളിച്ചു വരുത്തി. ജനങ്ങളെ വിവരമറിയിച്ചു... 


 ഫിർഔൻ, മന്ത്രിമാർ, പട്ടാളക്കാർ, പ്രമുഖന്മാർ തുടങ്ങി എല്ലാവരും പുറപ്പെട്ടു കടൽതീരത്തേക്ക്. വല്ലാത്ത ആരവം. ഇസ്രാഈല്യർ ആരവം കേട്ടു തിരിഞ്ഞു നോക്കി. ഫിർഔനും കൂട്ടരും അതാ കുതിച്ചുവരുന്നു. മുമ്പിൽ കടലാണ്. പിന്നിൽ ശത്രുക്കൾ... 


 ശക്തമായ ഈമാനില്ലാത്തവർ പതറിപ്പോവുന്ന രംഗം. പലരും പ്രവാചകന്മാരോട് തട്ടിക്കയറുന്നു. വല്ലാത്ത പരീക്ഷണ രംഗം. മൂസാ(അ)ന് അല്ലാഹുﷻവിന്റെ കൽപന വന്നു. 

വടികൊണ്ട് കടലിൽ അടിക്കുക. 

കടലിൽ അടിച്ചു. വെള്ളം രണ്ട് ഭാഗത്തേക്ക് മാറി. നല്ല വഴി ദൃശ്യമായി.  

ഇസ്രാഈല്യർ അതിലൂടെ നടന്നു. സുരക്ഷിതരായി അക്കരെപ്പറ്റി... 


 ഫിർഔനും കൂട്ടരും കുതിച്ചു വന്നു. കടലിൽ വഴി കണ്ടു. എല്ലാവരും വഴിയിലേക്കിറങ്ങി.  

എല്ലാവരും ഇറങ്ങിക്കഴിഞ്ഞു. ഇനിയാരും ബാക്കിയില്ല. അപ്പോൾ വെള്ളം കൂടിച്ചേർന്നു. ഇസ്രാഈല്യർ മറുകരയിൽ നിന്ന് ആ കാഴ്ച കണ്ടു. തങ്ങൾ നടന്നു പോന്ന വഴി കാണാനില്ല...


 വെള്ളം കൂടിച്ചേർന്നുകഴിഞ്ഞു. ഫിർഔനും കൂട്ടരും മുങ്ങിച്ചത്തുപോയി. ഒരു ജനത നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. ചില വചനങ്ങൾ കാണുക: 


"അവർ (ഫിർഔനും സംഘവും) സൂര്യോദയ സമയത്ത് അവരുടെ പിന്നാലെ വന്നു." (26:60) 


"അങ്ങനെ ഇരുസംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ സംഘക്കാർ പറഞ്ഞു: തീർച്ചയായും നാം പിടിക്കപ്പെടുന്നവർ തന്നെയാണ്." (26:61) 


"മൂസാ നബി (അ) പറഞ്ഞു: ഇല്ല എന്റെ റബ്ബ് എന്റെ കൂടെത്തന്നെയുണ്ട് അവൻ എനിക്ക് മാർഗദർശനം നൽകും." (26:62)


"അപ്പോൾ അല്ലാഹു ﷻ മൂസാനബിക്ക് സന്ദേശം നൽകി. താങ്കളുടെ വടികൊണ്ട് സമുദ്രത്തിൽ അടിക്കുക. അപ്പോൾ അത് പിളർന്നു. എന്നിട്ട് ഓരോ പിളർപ്പും വലിയ പർവ്വതം പോലെയായി." (26:63) 


"അവിടേക്ക് മറ്റേ കൂട്ടരെ (ഫിർഔനെയും സംഘത്തെയും) നാം അടുപ്പിച്ചു." (26:64) 


"മൂസാ നബിയെയും അദ്ദേഹത്തോടൊപ്പമുള്ള മുഴുവൻ പേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു." (26:65) 


"പിന്നെ മറ്റെ കൂട്ടരെ നാം വെള്ളത്തിൽ മുക്കി നശിപ്പിച്ചു." (26:66)


 ഫിർഔനിന്റെ ഭൗതിക ശരീരത്തെ അല്ലാഹു ﷻ നശിപ്പിച്ചില്ല. അത് രക്ഷിച്ചു. എന്തിനുവേണ്ടി..? പിൽക്കാല തലമുറകൾക്ക്  പാഠമാകുവാൻ വേണ്ടി. മുങ്ങിച്ചാവുമ്പോൾ അവൻ വിളിച്ചു പറഞ്ഞു: 

ഇസ്രാഈല്യർ വിശ്വസിക്കുന്ന അതേ റബ്ബിൽ ഞാനും വിശ്വസിക്കുന്നു. അവനല്ലാതെ ഒരു ആരാധ്യനുമില്ല... 


 ആ പറച്ചിൽ ഫലം ചെയ്തില്ല. സമയം കഴിഞ്ഞുപോയി. ചെങ്കടൽ കടന്ന് ഇസ്രാഈല്യർ രക്ഷപ്പെട്ടു.  

ഇനി തൗറാത്ത് ലഭിക്കാൻ പോവുകയാണ്. ആ സമൂഹത്തെ അല്ലാഹു ﷻ വേദഗ്രന്ഥം നൽകി ആദരിക്കുകയാണ്. തൗറാത്ത് സ്വീകരിക്കാൻ മൂസാ(അ) പോവുകയാണ്...


 ഇസ്രാഈല്യരുടെ കാര്യം മുഴുവൻ ഹാറൂൻ (അ) നെ ഏൽപിച്ചു. സഹായത്തിന് യൂശഅ്, കാലബ് എന്നിവരുമുണ്ട്. ഈ സമയത്താണ് സാമിരി രംഗത്ത് വരുന്നത്...