Wednesday - 22 April, 2026 4-Dhu al-Qadah-1447

തൃക്കല്യാണം (1)

   ഹാറൂൻ (അ), മൂസാ(അ) എന്നിവരുടെ സഹോദരിയായ കുൽസൂം(റ). ചരിത്രം മറക്കാത്ത വനിതയാണവർ. ശിശുവായ മൂസാ(അ)നെ പെട്ടിയിലാക്കി നദിയിലൊഴുക്കി. പെട്ടി എങ്ങോട്ടു പോകുന്നുവെന്ന് നോക്കാൻ ഉമ്മ ഏൽപിച്ചത് ഈ ബാലികയെയായിരുന്നു. 


 ഇത്തരം ഒരു ജോലി ഏൽപിക്കാൻ യോഗ്യയാണ് ഈ ബാലികയെന്ന് ഉമ്മാക്ക് ബോധ്യമുണ്ടായിരുന്നു. തന്റെ ജോലി ഭംഗിയായി നിർവഹിച്ചു. പെട്ടി പോയ വഴിയേ നടന്നു. കൊട്ടാരത്തിലെത്തി കുഞ്ഞിന് മുലകൊടുക്കാൻ നാനൂറോളം ഉമ്മമാരെയാണ് കൊട്ടാരത്തിൽ വരുത്തിയത്. ആരുടെയും പാൽ കുടിക്കാൻ കുഞ്ഞ് കൂട്ടാക്കിയില്ല... 


 ഉമ്മമാരെ വിളിച്ചു കൊണ്ടുവരാൻ ചുമതലപ്പെട്ട സ്ത്രീകളിലൊരാളോട് കുൽസൂം പറഞ്ഞു. കുഞ്ഞിന് പാൽ നൽകാൻ പറ്റിയ ഒരു സ്ത്രീയെ എനിക്കറിയാം ഞാൻ കൊണ്ടുവരാം.


ഒരു പട്ടാളക്കാരൻ ഇത് കേൾക്കാനിടയായി. കുൽസൂമിനെ ചോദ്യം ചെയ്തു.  


"നീ ആരാണ്? ഏതാണ് പാൽ കൊടുക്കുന്ന സ്ത്രീ? ആ സ്ത്രീയുടെ പാൽ ഈ കുട്ടി കുടിക്കുമെന്ന് നിനക്കെങ്ങനെ അറിയാം?  ഈ കുട്ടിയും സ്ത്രീയും തമ്മിൽ വല്ല ബന്ധവുമുണ്ടോ..?"


 ഈ ചോദ്യങ്ങൾക്കെല്ലാം കുൽസൂം ബുദ്ധിപരമായി മറുപടി നൽകി. ഒരു സംശയത്തിനും ഇടകൊടുത്തില്ല. തന്റെ അനുജൻ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണെന്ന് കുൽസൂം അറിഞ്ഞിരുന്നു. പ്രവാചകനായി വരുന്ന കാലത്തും താൻ അനിയനെ സഹായിക്കും. ശിശുവായിരുന്നപ്പോൾ സഹായിച്ചതുപോലെ.  


ആരാധനയിൽ മുഴുകിയ പണ്ഡിത വനിതയായി കുൽസൂം (റ) വളർന്നുവന്നു. വിദ്യയുടെ പ്രകാശമായിരുന്നു. അവർ എത്രയോ ആളുകൾക്ക് അവർ വിജ്ഞാനം നൽകി.  


 മൂസാ(അ)ന്റെ വേർപാടിന്റെ കാലം. ദുഃഖം കടിച്ചമർത്തിയ കാലഘട്ടമായിരുന്നു അത്. ഒരു ഖിബ്ത്തി കൊല്ലപ്പെട്ടതുമായുണ്ടായ കോലാഹലങ്ങൾ. അയാൾ ഫിർഔനിന്റെ കൊട്ടാരത്തിലെ പാചകക്കാരനായിരുന്നു. 


പാവപ്പെട്ട ഇസ്രാഈലി ഒരു കെട്ട് വിറകുമായി പോവുകയായിരുന്നു. അത് വിറ്റിട്ട് അന്നത്തെ ഉപജീവനത്തിന്റെ മാർഗം നേടാൻ. ആ വിറകുകെട്ട് പാചകക്കാരൻ ബലമായി പിടിച്ചു വാങ്ങി. അപ്പോൾ വഴക്കുണ്ടായി. 


 മൂസാ(അ) ഖിബ്ത്തിയെ ഇടിച്ചു. അയാൾ മരിച്ചു. സംഭവമറിഞ്ഞു കുൽസൂം ചിന്തയിലാണ്ടു. ഖിബ്ത്തി ധിക്കാരം കാണിച്ചു. ശിക്ഷ വേണ്ടതുതന്നെ. പത്ത് വർഷങ്ങൾ അനുജനെ കാണാതെ വേദനയനുഭവിച്ച വർഷങ്ങൾ. 


കുൽസൂം ആരാധനയിൽ ജീവിതം കഴിച്ചു. ഇത് അല്ലാഹുﷻവിനുള്ള ജീവിതം. മറ്റാർക്കും ഈ ജീവിതത്തിൽ അവകാശമില്ല. രണ്ട് സഹോദരന്മാർ രണ്ടുപേരും പ്രവാചകന്മാർ. അവരുടെ സഹോദരിയാണിത്. ശത്രുക്കളിൽ നിന്ന് മാനസിക പീഡനങ്ങൾ സഹിച്ചു. മർദിക്കപ്പെട്ടു. ദുരിതം സഹിച്ചു. പ്രവാചകന്മാരുടെ ഭാരം പേറാൻ സഹായിക്കുക. ദൗത്യനിർവഹണത്തിൽ പങ്കാളിയാവുക.  അതിനുള്ളതാണ് ഈ ജീവിതം.  


കുൽസൂം വിവാഹിതയായില്ല. വിവാഹം നടക്കാൻ പോവുന്നതേയുള്ളൂ എവിടെ? സ്വർഗത്തിൽ. ആരാണ് വരൻ? അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ...


സ്വർഗത്തിൽ തൃക്കല്യാണം. പഴയ കാലത്ത് കേരളത്തിലെ വഅളിന്റെ സദസ്സുകളിൽ മുഴങ്ങിക്കേട്ട ഒരു പ്രാർത്ഥനാ വചനമുണ്ടായിരുന്നു. 


"പടച്ചവനേ... മുത്തുനബിﷺയുടെ തൃക്കല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ..." 


 ശ്രോതാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പ്രാർത്ഥനാ വചനമായിരുന്നു അത്. ഇന്നത് കേൾക്കാനേയില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ നമുക്ക് അങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങാം (إن شاء الله)