Wednesday - 22 April, 2026 4-Dhu al-Qadah-1447

തൃക്കല്യാണം (2)

   അബൂ ഉമാമ(റ) റിപ്പോർട്ട് ചെയ്യുന്നത് കാണുക: ഒരിക്കൽ നബിﷺ തങ്ങൾ എന്നോട് പറഞ്ഞു: അബൂ ഉമാമാ... നിനക്കറിയാമോ? അല്ലാഹു ﷻ എനിക്ക് ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസിയ, മൂസാ നബി (അ) ന്റെ സഹോദരി കുൽസൂം എന്നിവരെ സ്വർഗത്തിൽവെച്ച് വിവാഹം ചെയ്തു തരും. ഇതുകേട്ട്, വളരെ സന്തോഷമാവട്ടെ എന്ന് ഞാൻ ആശംസിച്ചു... 


ആഇശാ(റ) പറയുന്നു: 

ഒരിക്കൽ നബിﷺ തങ്ങൾ വളരെ സന്തോഷത്തോടെ കടന്നുവന്നു. എന്നിട്ട് പറഞ്ഞു: ആഇശാ... നീ അറിഞ്ഞില്ലേ? മർയം (റ), ആസിയ (റ), കുൽസൂം (റ) എന്നിവരെ അല്ലാഹു ﷻ എനിക്ക് സ്വർഗത്തിൽ വെച്ചു വിവാഹം ചെയ്തു തരും. 


ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഖദീജ (റ) വഫാത്താവാൻ പോവുന്നു. നബിﷺ കടന്നുവന്നു എന്നിട്ടിങ്ങനെ പറഞ്ഞു: ഓ... ഖദീജാ... നിന്റെ സഹപത്നിമാരെ കണ്ടാൽ നീ എന്റെ സലാം പറയണം. ഖദീജ (റ) ചോദിച്ചു: സഹപത്നിമാരോ? എന്നെയല്ലാതെ അങ്ങ് വേറെ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ല ഖദീജാ. സ്വർഗത്തിൽ വെച്ച് മൂന്നു മഹതികളെ എനിക്ക് അല്ലാഹുﷻ വിവാഹം ചെയ്തു തരും. മർയം (റ), ആസിയ(റ), കുൽസൂം (റ).  


 മൂന്നുപേരും ഇസ്ലാമിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു. ദാമ്പത്യം അനുഭവിക്കാൻ ദുനിയാവിൽ കഴിഞ്ഞില്ല. പരലോകത്താണ് വിവാഹം. തൃക്കല്യാണ വിശേഷങ്ങൾ പലരും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തൃക്കല്യാണപ്പാട്ടുകൾ പ്രചാരത്തിലുണ്ട്. 


 അതിവിശാലമായ സ്ഥലത്തുവെച്ചാണത് നടക്കുക. എല്ലാ നബിമാരും, ഔലിയാക്കളും, മുഅ്മിനീങ്ങളും പങ്കെടുക്കും. നബിമാർക്ക് ഇരിക്കാൻ സ്വർണക്കസേരകൾ, ഔലിയാക്കൾക്ക് വെള്ളിക്കസേരകൾ, മുഅ്മിനീങ്ങൾക്ക് പ്രത്യേക വിരിപ്പുകൾ. അതിൽ ഹൃദ്യമായ സുഗന്ധം പൂശിയിട്ടുണ്ടാവും... 


 എല്ലാ മുഅ്മിനീങ്ങളും എത്തിക്കഴിഞ്ഞാൽ മാഇദത്തുൽ ഖുൽദ് എന്ന വിരിപ്പ് വിരിക്കും. ചതുരാകൃതിയിലാണ് വിരിപ്പ്. അതിന്റെ വിശാലത പറഞ്ഞാൽ നമ്മുടെ ഭാവനക്ക് ഉൾക്കൊള്ളാനാവില്ല.  ഒരോരുത്തരും ഇരിക്കേണ്ട സ്ഥലത്ത് അവരുടെ പേര് എഴുതിയിട്ടുണ്ടാവും. ഭക്ഷണ വിതരണത്തിന് നിയോഗിക്കപ്പെട്ട മലക്കുകളുടെ എണ്ണം കേൾക്കണ്ടേ? ഒരു കോടി. അനേക കോടി ഭക്ഷണത്തളികകളും കോപ്പകളുമാണ് അവർ നിരത്തുക. 


 ആഹാര-പാനീയങ്ങൾ, പഴവർഗങ്ങൾ  പുതുനാരികളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചമയങ്ങൾ അവരുടെ ഭംഗിയും മഹത്വവും വിവരിക്കാൻ ആർക്കാണ് കഴിയുക?  


 അങ്ങനെയൊരു നാൾ വരാനുണ്ട് അന്ന് ആ സദസ്സിൽ ഓരോ സീറ്റ് നമുക്കെല്ലാം ലഭിക്കണം.   


ഒരു സീറ്റിൽ എന്റെ പേര് ഉണ്ടാവണം. ഓരോ വായനക്കാരനും വായനക്കാരിയും അങ്ങനെ ചിന്തിക്കണം. അതിന്നവസരം കിട്ടും വിധം നമ്മുടെ ജീവിതം ചിട്ടപ്പെടുത്തണം. 


 ശരീഅത്തും ത്വരീഖത്തും ഹഖീഖത്തുമൊക്കെ നമുക്കു കടന്നു പോവാനുള്ള വഴികളാവുന്നു. നന്നായി അധ്വാനിക്കണം. പ്രാർത്ഥിക്കണം. 

ഈ ലോകം കർമങ്ങൾ നിർവഹിക്കാനുള്ള വേദിയാണ്. അധ്വാനിക്കാനുള്ള സ്ഥലം. പരലോകം പ്രതിഫലം നൽകപ്പെടുന്ന വേദിയാണ്. 

 

മനസ്സ് നിയന്ത്രിക്കണം. നാവും നിയന്ത്രിക്കണം. പ്രവർത്തനങ്ങൾ സൽക്കർമങ്ങളായി വരണം. നബിﷺതങ്ങളുടെ തൃക്കല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കു നീ തൗഫീഖ് നൽകേണമേ യാ അല്ലാഹ്.., 

ആമീൻ യാ റബ്ബൽ ആലമീൻ...


 അല്ലാഹുവേ, നിനക്കാണ് സ്തുതി അൽഹംദുലില്ലാഹ് ഇത് സ്വാലിഹായ അമലായി ഖബൂൽ ചെയ്യേണമേ..! 

ആമീൻ യാ റബ്ബൽ ആലമീൻ...


 ഹാറൂൻ (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ


 ഹാറൂൻ നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 ഹാറൂൻ നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】