Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹാറൂൻ (അ) വഫാത്തായി

   സിനാ മരുഭൂമിയുടെ വിശാലമായ മണൽപ്പരപ്പ്. അവിടെയാണ് ഇസ്രാഈലികൾ ഇപ്പോഴുള്ളത്. അല്ലാഹുﷻവിന്റെ കൽപന വന്നു.  

ഫലസ്തിനിൽ പ്രവേശിക്കുക. യുദ്ധം ചെയ്ത് നാട് അധീനപ്പെടുത്തുക. അവിടെ ബിംബാരാധന പടർന്നിരിക്കുന്നു. അത് അവസാനിപ്പിച്ച് തൗഹീദ് പ്രചരിപ്പിക്കുക.


   ജനങ്ങളോട് സംസാരിക്കാൻ ഹാറൂൻ (അ)നെ ചുമതലപ്പെടുത്തി. ഉജ്ജ്വലമായി പ്രസംഗിക്കണം. ജനം ആവേശം കൊള്ളണം. യുദ്ധ സജ്ജരായി മാറണം. അതിന്നുവേണ്ടി ഹാറൂൻ (അ) എല്ലാ വാചാലതയും ഉപയോഗിക്കണം. ഹാറൂൻ (അ) പ്രസംഗം തുടങ്ങി.


"പ്രിയപ്പെട്ട ഇസ്രാഈലി സന്തതികളേ, അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിച്ച ഒരു സമൂഹമാണ് നാം. ഈജിപ്തിൽ നാം സഹിച്ച യാതനകൾ നിങ്ങൾ മറന്നുപോയോ? ഫിർഔനിന്റെ ക്രൂരന്മാരായ പട്ടാളക്കാർ എന്തെല്ലാം പീഡനങ്ങളാണ് അടിച്ചേൽപ്പിച്ചത്. എത്രയെത്ര കുഞ്ഞുങ്ങളെ അവർ കൊന്നു. അവസാനം അല്ലാഹു ﷻ നമ്മെ ചെങ്കടൽ കടത്തിവിട്ടില്ലേ? ധിക്കാരികളെ മുഴുവൻ വെള്ളത്തിൽ മുക്കിക്കൊന്നില്ലേ?  ഓർത്തുനോക്കൂ... എന്തൊരനുഗ്രഹം...

 

 ഇതാ മറ്റൊരു സൗഭാഗ്യം നമ്മെ കാത്തിരിക്കുന്നു. ഐശ്വര്യം നിറഞ്ഞ ഒരു രാജ്യം. ധാരാളം കൃഷിയിടങ്ങളും പഴവർഗങ്ങളും നിറഞ്ഞ തോട്ടങ്ങളുമുള്ള നാട്. കാലി സമ്പത്ത് ധാരാളം. മറ്റെന്തെല്ലാം അനുഗ്രഹങ്ങൾ...


 ഫലസ്തീൻ. നാം ആ രാജ്യം പിടിച്ചെടുക്കണമെന്ന് അല്ലാഹു ﷻ കൽപിക്കുന്നു. അല്ലാഹു ﷻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുദ്ധം ചെയ്ത് രാജ്യം പിടിച്ചെടുക്കുക. എന്നിട്ടതിൽ നമുക്കു രാജാക്കന്മാരായി വാഴാം. വരൂ.... എഴുന്നേൽക്കൂ. നമുക്കു പോകാം ഫലസ്തീനിലേക്ക്." ഉജജ്വലമായ പ്രസംഗം. അതവസാനിച്ചു. ഒരു ചലനവുമില്ല. സദസ്സിൽ നിഷ്ക്രിയർ. 


യൂശഅ്(അ) പ്രസംഗിച്ചു. ഫലിച്ചില്ല. 

കാലബ് (അ) പ്രസംഗിച്ചു. ആർക്കും അനക്കമില്ല. മൂസാ(അ) ശക്തമായ താക്കീത് നൽകി. അല്ലാഹുﷻവിന്റെ ശിക്ഷ വരുമെന്ന് മുന്നറിയിപ്പ് നൽകി. അപ്പോഴും അനക്കമില്ല. നിങ്ങൾ എന്തെങ്കിലും പറയൂ മൂസാ(അ) ശബ്ദമുയർത്തി ചോദിച്ചു...  


 അവരുടെ മറുപടി ഇങ്ങനെയായിരുന്നു: "മൂസാ, നീയും നിന്റെ റബ്ബും ചെന്ന് യുദ്ധം ചെയ്യുക. ഞങ്ങളിവിടെ ഇരിക്കാം." പ്രതികരണം കേട്ട് പ്രവാചകന്മാർ ഞെട്ടിപ്പോയി. എന്തൊരു നന്ദികെട്ട ജനത. 


വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "(മൂസ പറഞ്ഞു): എന്റെ ജനങ്ങളേ നിങ്ങൾക്ക് അല്ലാഹു ﷻ നിശ്ചയിച്ചുതന്നതായ ഭൂമിയിൽ നിങ്ങൾ പ്രവേശിക്കുക. നിങ്ങൾ പിന്നോക്കം മടങ്ങിപ്പോവുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ നഷ്ടക്കാരായി മാറുന്നതാണ്." (5:23)


"ഭയപ്പെടുന്നവരിൽ പെട്ട രണ്ട് പുരുഷന്മാർ (യൂശഅ്-കാലബ് ) അല്ലാഹു ﷻ അവരുടെ മേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു-പറഞ്ഞു:  നിങ്ങൾ ആ വാതിൽ കടന്നു ചെല്ലുവീൻ..! അങ്ങനെ നിങ്ങൾ കടന്നു ചെന്നാൽ നിശ്ചയമായും നിങ്ങൾ വിജയിക്കുന്നവരായിരിക്കും." (5:25) 

 

"ഇസ്രാഈലികൾ പറഞ്ഞു: മൂസാ, നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക ഞങ്ങളിവിടെ ഇരിക്കുകയാണ്." (5:27)  


യഹുന്നായുടെ മകൻ കാലബ് നല്ല പണ്ഡിതനും പ്രസംഗികനുമാണ്. അദ്ദേഹത്തിന്റെ ഗൗരവമുള്ള വാക്കുകൾ. ഇസ്രാഈലികൾ തമാശയായി തള്ളിക്കളഞ്ഞു. കടുത്ത ധിക്കാരത്തിനുള്ള ശിക്ഷ കിട്ടും. അതീവ ദുഃഖത്തോടെ മൂസാ(അ) പ്രാർത്ഥിച്ചു: 


"എന്റെ റബ്ബേ നിശ്ചയമായും ഞാൻ എന്റെ സ്വന്തത്തെയും എന്റെ സഹോദരനേയുമല്ലാതെ അധീനമാക്കുന്നില്ല. അതിനാൽ ഞങ്ങളുടെയും ധിക്കാരികളായ ജനതയുടെയും ഇടയിൽ നീ വേർപ്പെടുത്തിത്തരേണമേ." (5:28) 


 അല്ലാഹു ﷻ നൽകിയ മറുപടി ഇങ്ങനെ: "അല്ലാഹു ﷻ പറഞ്ഞു: എന്നാൽ നിശ്ചയമായും അത് (ആ രാജ്യം) അവരുടെ മേൽ നാൽപത് കൊല്ലം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അവർ ഭൂമിയിൽ അന്തംവിട്ട് അലഞ്ഞു നടക്കും. അതിനാൽ ധിക്കാരികളായ ജനങ്ങളുടെ പേരിൽ നീ വ്യസനിക്കരുത്." (5:29)  


കടുത്ത ധിക്കാരത്തിന് കിട്ടിയ ശിക്ഷ. ഇസ്രാഈല്യർ വനാന്തരങ്ങളിലും മരുഭൂമിയിലും ചുറ്റിത്തിരിഞ്ഞു. എത്ര കാലം? നാൽപത് കൊല്ലം.  


ഹാറൂൻ (അ)നെ സഹോദരനായ മൂസാ(അ) വളരെയധികം സ്നേഹിച്ചിരുന്നു. എല്ലാ വിഷമഘട്ടങ്ങളിലും കൂടെ നിന്നു. ഇനി ഏറെക്കാലം കൂടെ കാണില്ല. ഹാറൂൻ പോവാൻ സമയമായി. പരലോകത്തേക്ക്.  


ഒരു ദിവസം രണ്ടുപേരും കൂടി നടക്കുകയാണ്. പല കാര്യങ്ങളും സംസാരിച്ചു. കടന്നുപോന്ന ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓർത്തു.  


മൂസാ, എത്ര നല്ല സഹോദരൻ. തന്റെ സഹോദരൻ ഹാറൂനെ നബിയാക്കണമെന്ന് പ്രാർത്ഥിച്ചു. നബിയാക്കി. ഒരു സഹോദരന് മറ്റൊരു സഹോദരന് ചെയ്തു കൊടുക്കാൻ കഴിഞ്ഞ ഏറ്റവും വലിയ ഉപകാരം. 


വല്ലാത്തൊരു സുഗന്ധം വന്നു. സ്വർഗീയ പരിമളം. അനുഗ്രഹത്തിന്റെ മാലാഖമാർ. കൂടെ അസ്റാഈൽ(അ).  

യാത്രക്കിടെ എല്ലാം സംഭവിച്ചു.  


ഹാറൂൻ (അ) വഫാത്തായി. ധന്യമായൊരു ജീവിതത്തിന്റെ മഹത്തായ പരിസമാപ്തി. ഹാറൂൻ (അ) മണ്ണിലേക്കു മടങ്ങി. മൂസാ(അ), യൂശഅ്(അ), കാലബ്(അ) ജീവിത പാതയിലൂടെ യാത്ര തുടർന്നു...