Wednesday - 22 April, 2026 4-Dhu al-Qadah-1447

ഫിർഔനിനെ സമീപിക്കുക (2)

   മൂസാ(അ)ന് സംസാരിക്കാൻ പ്രയാസമുണ്ട്. അത് കുറെ ഭാഗമെങ്കിലും സുഖപ്പെട്ടു കിട്ടണം. കുട്ടിക്കാലത്ത് പറ്റിയ കുഴപ്പമാണ്.  ഫിർഔൻ സ്വർണ്ണപ്പാത്രത്തിൽ  തീക്കനൽ വെച്ചു. വെള്ളിപ്പാത്രത്തിൽ മുത്തുകളും.  


 തീക്കനൽ എടുത്തു വായിലിട്ടു. പൊള്ളി. അക്കാരണത്താൽ കൊഞ്ഞ് വന്നു. കുറച്ചെങ്കിലും സുഖപ്പെടുത്തിത്തരണം. പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവണം. അത്രത്തോളമുള്ള കഴിവെങ്കിലും തരണം. നാവിലെ കെട്ടഴിച്ചു തരണമെന്നാണ് പ്രാർത്ഥിച്ചത്. ഹൃദയ വിശാലതക്കുവേണ്ടി പ്രാർത്ഥിച്ചു.  


 ഒരു നബിക്ക് ഹൃദയ വിശാലത അനിവാര്യമാണ്. മനുഷ്യ ഹൃദയം വിശാലമാക്കിക്കൊടുക്കുന്നത് അല്ലാഹുﷻവാണ്. പ്രാർത്ഥിക്കണം. അപ്പോൾ വിശാലമാക്കിക്കിട്ടും. കാര്യങ്ങൾ എളുപ്പമായിക്കിട്ടണം. അതിന്നും പ്രാർത്ഥിക്കണം...  


 മൂസാ(അ)ന്റെ പ്രാർത്ഥന വിശദമായിത്തന്നെ വിശുദ്ധ ഖുർആനിലുണ്ട്. നാമത് പഠിക്കണം. മാതൃകയാക്കണം. അതിനുവേണ്ടിയാണ് പ്രാർത്ഥന കൊടുത്തിരിക്കുന്നത്. ചോദിച്ചതെല്ലാം അല്ലാഹുﷻ നൽകുകയും ചെയ്തു... 


 മൂസാ(അ) പരിശുദ്ധമായ ത്വുവാ താഴ് വരയിൽ വെച്ച് നടത്തിയ പ്രാർത്ഥന വളരെ പ്രസിദ്ധമാണ്. കൊച്ചുകൊച്ചു വാചകങ്ങൾ ഉൾക്കൊള്ളുന്ന ആശയം വളരെ വലുതാണ്. സൂറത്ത് ത്വാഹയിൽ നമുക്കത് കാണാം.


"താങ്കൾ ഫിർഔനിന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു." (20:24)


"അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ, എന്റെ ഹൃദയം എനിക്ക് നീ വിശാലമാക്കിത്തരേണമേ." (20:25)


"എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ." (20:26)


"എന്റെ നാവിൽ നിന്ന് കെട്ടഴിച്ചു തരികയും ചെയ്യേണമേ." (20:27)


"എന്നാൽ എന്റെ വാക്കുകൾ അവർ ഗ്രഹിക്കുന്നതാണ്." (20:28)


"എന്റെ കുടുംബത്തിൽ നിന്ന് ഒരു സഹായിയെ നീ നിയമിച്ചു തരികയും ചെയ്യേണമേ." (20:29)


"അതായത് എന്റെ സഹോദരൻ ഹാറൂനെ." (20:30)


"അദ്ദേഹത്തെക്കൊണ്ട് എന്നെ നീ ശക്തിപ്പെടുത്തിത്തരേണമേ." (20:31)


"എന്റെ ബാധ്യതയിൽ അദ്ദേഹത്തെയും നീ പങ്കാളിയാക്കേണമേ." (20:32) 


"നിനക്ക് സ്തോത്ര കീർത്തനങ്ങൾ ധാരാളമായി ചെയ്യുവാനും." (20:33) 


"നിന്നെ കൂടുതൽ സ്മരിക്കാനും വേണ്ടിയാകുന്നു (ഞാനത് നിന്നോട് ചോദിക്കുന്നത്)." (20:34)


"നിശ്ചയമായും നീ ഞങ്ങളുടെ സ്ഥിതി നല്ലവണ്ണം കാണുന്നവനാണല്ലോ." (20:35)  


മൂസാ(അ)ന്റെ പ്രാർത്ഥനാവചനങ്ങളാണ് നാം വായിച്ചത്. ഇതിന് അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം എന്തായിരുന്നു? അടുത്ത വചനത്തിൽ തന്നെ അത് കാണാം. 


"അല്ലാഹു ﷻ പറഞ്ഞു: ഓ.... മൂസാ, നിശ്ചയമായും നീ ചോദിച്ചത് നൽകപ്പെട്ടിരിക്കുന്നു." (20:36)  


 ശൈശവ കാലത്ത് ചെയ്തു കൊടുത്ത അനുഗ്രഹം ഇവിടെ അനുസ്മരിക്കുകയും ചെയ്തു.


"മറ്റൊരിക്കലും താങ്കളോട് നാം ഔദാര്യം കാണിക്കുക തന്നെ ചെയ്തിട്ടുണ്ട്." (20:37)  


ഹാറൂൻ (അ) എല്ലാ വിവരങ്ങളും അറിഞ്ഞുകഴിഞ്ഞു. തങ്ങൾ രണ്ട് സഹോദരങ്ങളെയും അല്ലാഹു ﷻ അവന്റെ പ്രവാചകന്മാരായി നിയോഗിച്ചിരിക്കുന്നു. പ്രവാചക സഹോദരങ്ങൾ അപൂർവ ബഹുമതിയാണ്. 


 താങ്കളും താങ്കളുടെ സഹോദരനും ഫിർഔനിനെ സമീപിക്കുക. അവനെ ഇസ്ലാമിലേക്കു ക്ഷണിക്കുക. അവനോട് പരുഷമായി സംസാരിക്കരുത്. നല്ല മയമായി സംസാരിക്കണം. അങ്ങനെയെല്ലാം അല്ലാഹുﷻ നിർദ്ദേശിച്ചു. ഒരു ദീനീ പ്രവർത്തകന് ഉണ്ടാവേണ്ട ഗുണങ്ങൾ പറഞ്ഞു കൊടുക്കുന്നു.  


വിശുദ്ധ ഖുർആൻ അക്കാര്യം പറയുന്നത് ശ്രദ്ധിക്കുക: "എന്റെ ദൗത്യം നൽകുവാനായി താങ്കളെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു." (20:41) 


"താങ്കളും താങ്കളുടെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ വീഴ്ച വരുത്തരുത്." (20:42) 


"നിങ്ങൾ രണ്ടുപേരും ഫിർഔനിന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവൻ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു." (20:43) 


"എന്നിട്ട് നിങ്ങൾ രണ്ടുപേരും അവനോട് സൗമ്യമായ വാക്ക് പറയുക. ഒരുപക്ഷെ അവൻ ഉപദേശം സ്വീകരിക്കുകയോ അല്ലാഹുﷻവിനെ ഭയപ്പെടുകയോ ചെയ്തേക്കാം." (20:44) 


 മൂസാ(അ) ഹാറൂൻ (അ) മുമായി വളരെ നേരം സംസാരിച്ചു. മാതാവ് അത് ശ്രദ്ധിച്ചു. ധൃതിപിടിച്ചു പുറപ്പെടേണ്ട. അവൻ ക്രൂരനാണ് എന്തും ചെയ്യാൻ മടിക്കാത്തവൻ.  


 കൊട്ടാരത്തിൽ പ്രവേശിക്കുക എന്നതും എളുപ്പമല്ല. കൊട്ടാരത്തിനു ചുറ്റും ഒരു പുഴയുണ്ട്. പുഴയുടെ ചുറ്റും വിശാലമായ മൈതാനം. മൈതാനിയിൽ വന്യമൃഗങ്ങൾ മേഞ്ഞുനടക്കുന്നു. ഒരാളെ കിട്ടിയാൽ കൊന്നും തിന്നും.  


കൊട്ടാരത്തിൽ പ്രവേശിക്കാൻ കാവൽക്കാർ സമ്മതിക്കണം. അനേക നിലകളുള്ള കൊട്ടാരം. ഓരോ നിലയിലും പട്ടാളക്കാരുണ്ട്. ഒരു രഹസ്യ മുറിയിലാണ് ഫിർഔൻ താമസിക്കുന്നത്. അവിടെ എത്തണം എങ്ങനെ..? 


 നബിമാർ കൊട്ടാരത്തിന് പുറത്ത് കാത്തിരുന്നു. എത്ര കാലം? ആ കാലത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. രണ്ട് വർഷം കാത്തിരുന്നു. എന്നുവരെ പറഞ്ഞവരുണ്ട്. കുറെ ദിവസങ്ങൾ കാത്തിരുന്നുവെന്നാണ് ചിലർ രേഖപ്പെടുത്തിയിരിക്കുന്നത്.


കാവൽക്കാർ ചോദിച്ചു: "നിങ്ങൾ ആരാണ്?" 


"ഞങ്ങൾ അല്ലാഹു ﷻവിന്റെ ദൂതന്മാരാകുന്നു. ഞങ്ങൾക്ക് രാജാവിനെ കാണണം."


"നടപ്പില്ല രാജാവിനെ കാണാനാവില്ല...പോ...."


 പക്ഷെ അവർ മടങ്ങിപ്പോയില്ല. കാത്തിരിപ്പ് തുടർന്നു. നബിമാരെ കണ്ടപ്പോൾ വന്യജന്തുക്കൾ ആദരിച്ചു. സ്നേഹപൂർവം മാറിനിന്നു.  മനുഷ്യർ അവഹേളനപൂർവം പെരുമാറി...