സയ്യിദുനാ ഹാറൂൻ (അ).
പ്രവാചക പദവിയിലാണ്.
അല്ലാഹുﷻവിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ തുടങ്ങി. മൂസായും കുടുംബവും ഈജിപ്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവരെ പോയി സ്വീകരിക്കുക. വാർത്ത വീട്ടിലറിഞ്ഞു.
മൂസാ നബി (അ)നെയും കുടുംബത്തെയും സ്വീകരിക്കാൻ എല്ലാവരും ഒരുങ്ങിയിറങ്ങി. നൈലിന്റെ കരയിലൂടെ നടന്നു. മരുഭൂമിയിലേക്ക് നീണ്ടുപോവുന്ന വഴി. കുടുംബാംഗങ്ങൾ അവിടെ നിന്നു. ഇതുവഴിയായിരിക്കും വരിക...
മടുപ്പ് വരാത്ത കാത്തിരിപ്പ്. മനസ്സ് നിറയെ ആവേശം. പുറത്ത് കാണിച്ചില്ല. കുൽസൂമിന്റെ കണ്ണുകൾ നിറയുന്നു. അല്ലാഹു ﷻ ഈ കാത്തിരിപ്പിന്റെ നിമിഷങ്ങൾ നൽകിയല്ലോ.
അകലെ ഒരു ഒരു സംഘം. അവർ നീങ്ങിവരികയായിരിക്കും. ഹാറൂൻ (അ) മുമ്പോട്ട് നടന്നു. ഇപ്പോൾ സംഘത്തെ വ്യക്തമായി കാണാം. ഒട്ടകപ്പുറത്ത് ഇരിക്കുന്നവരെ കാണാം. പിന്നെയും സൂക്ഷിച്ചു നോക്കി. ആട്ടിൻപറ്റം. അവയെ നയിക്കുന്ന വേലക്കാർ. സാധനങ്ങൾ ചുമക്കുന്ന മൃഗങ്ങൾ...
കുടുംബ സംഗമത്തിന്റെ നിമിഷങ്ങൾ എത്തിക്കഴിഞ്ഞു. മൂസാ(അ) താഴെയിറങ്ങി. സലാം ചൊല്ലി. ബന്ധുക്കളെ ഓരോരുത്തരെയായി ആശ്ലേഷിച്ചു. നവജാത ശിശു എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം.
ഇളം ചുണ്ടുകളിൽ പുഞ്ചിരി.
ശിശുവിന്റെ ഉമ്മ. പെണ്ണുങ്ങൾ അവരെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. എന്തൊരു സ്നേഹപ്രകടനം...
ശുഐബ് നബി (അ) ന്റെ ഓമന മകൾ. മദ് യനിലെ പ്രവാചകന്റെ മകൾ. എല്ലാവരും വീട്ടിലേക്ക് നടന്നു. കുൽസൂം സദ്യയൊരുക്കി. സ്വീകരണം. വലിയൊരു ആട്ടിൻകൂട്ടം.
മദ് യനിൽ വളർന്ന ആടുകൾ. ഇനിയവ ഈജിപ്തിൽ വളരും...
മൂസാ(അ)മിന്റെ മുഖത്ത് ഗൗരവം. തനിക്ക് നൽകപ്പെട്ട ദൗത്യം. അതിന്റെ ഗൗരവം. തന്റെ സഹോദരൻ മുമ്പിൽ നിൽക്കുന്നു. സഹോദരനോട് കാര്യങ്ങൾ വിശദമായി സംസാരിക്കണം. മദ് യനിൽ നിന്നുള്ള മടക്കയാത്ര. അവിടെ നിന്ന് തുടങ്ങാം.
തൂരിസീന പർവതത്തിന്നടുത്തെത്തി. മുമ്പോട്ട് നീങ്ങേണ്ട വഴി ഏതെന്നറിയില്ല. ഇരുട്ടായി. അന്നവിടെ തങ്ങാൻ തീരുമാനിച്ചു. ഇരുട്ടിൽ തൂരിസീന പർവതത്തിന്റെ മുകളിൽ തീ കണ്ടു. അവിടേക്കു പോവാൻ മൂസാ (അ) തീരുമാനിച്ചു...
എല്ലാവരെയും താഴ് വരയിൽ നിർത്തി. മൂസ(അ) മലമുകളിലേക്കു പോയി. അവിടെയെത്തിയപ്പോൾ ഒരു വിളിയാളം കേട്ടു. അല്ലാഹുﷻവിന്റെ ഭാഗത്തുനിന്നുള്ള വിളി.
ആ ഭാഗം വിശുദ്ധ ഖുർആനിൽ നിന്നുദ്ധരിക്കാം: "എന്നിട്ട് മൂസ കാലാവധി പൂർത്തിയാക്കുകയും തന്റെ വീട്ടുകാരുമായി (സ്വദേശത്തേക്ക്) പോവുകയും ചെയ്തപ്പോൾ, ത്വൂർ പർവതത്തിന്റെ ഭാഗത്തുനിന്ന് അദ്ദേഹം തീ ദർശിച്ചു.
അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു: നിങ്ങൾ ഇവിടെ നിൽക്കുക ഞാൻ തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് നിങ്ങൾക്ക് വല്ല വർത്തമാനമോ, അല്ലെങ്കിൽ തീക്കൊള്ളിയോ ഞാൻ കൊണ്ടുവന്നേക്കാം. നിങ്ങൾക്ക് തീക്കായാമല്ലോ." (28:29)
നന്നായി മഞ്ഞു പെയ്യുന്നുണ്ട്. കൊടും തണുപ്പ്. അൽപം തീ കിട്ടിയാൽ കൊള്ളാം.
വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോൾ (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു. ഹേ മൂസാ " (20:11)
"തീർച്ചയായും ഞാനാണ് നിന്റെ റബ്ബ്. അതുകൊണ്ട് താങ്കളുടെ രണ്ട് ചെരിപ്പുകളും ഊരിവെക്കുക. നിശ്ചയമായും താങ്കളിപ്പോൾ ത്വുവാ എന്ന പരിശുദ്ധ താഴ് വരയിലാകുന്നു." (20:12)
"താങ്കളെ ഞാൻ പ്രവാചകത്വത്തിന് തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ താങ്കൾക്കു നൽകപ്പെടുന്ന സന്ദേശം ശ്രദ്ധിച്ചു കേൾക്കൂ." (20:13)
"തീർച്ചയായും ഞാൻ തന്നെയാണ് അല്ലാഹു. ഞാനല്ലാതെ ഒരു ആരാധ്യനുമില്ല. അതുകൊണ്ട് എന്നെ ആരാധിക്കുക. എന്നെ സ്മരിക്കേണ്ടതിനായി നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്യുക." (20:14)
രണ്ട് മുഅ്ജിസത്തുകൾ (അമാനുഷിക കർമങ്ങൾ ) മൂസാ(അ)ന് അവിടെ വെച്ച് നൽകപ്പെട്ടു. കൈവശമുള്ള വടി താഴെയിടാൻ കൽപിച്ചു. താഴെയിട്ടു. അപ്പോൾ അതാ അത് പാമ്പായി. മൂസാ(അ) പേടിച്ചു പിൻമാറി. അപ്പോൾ ഇങ്ങിനെ പറയപ്പെട്ടു
വേണ്ട പേടിക്കേണ്ട, പാമ്പിനെ പിടിക്കുക അത് പൂർവസ്ഥിതിയിലാവും"
കേട്ടപ്പോൾ പേടി മാറി. പാമ്പിനെ സ്പർശിച്ചപ്പോൾ പഴയതുപോലെ വടിയായി മാറി. അടുത്ത കൽപന വന്നു. നിന്റെ കൈ പാർശ്വഭാഗത്തേക്ക് ചേർത്തു വെക്കുക.
ചേർത്തു വെച്ചു കൈ പ്രകാശിക്കാൻ തുടങ്ങി. വീണ്ടും വെച്ചപ്പോൾ പഴയതുപോലെയായി. രണ്ട് അമാനുഷിക കർമങ്ങൾ നബിയാണെന്നതിന് തെളിവുകൾ. ഫിർഔനിന്റെ സമീപത്തേക്ക് പോവാനുള്ള കൽപന വന്നു.
വിശുദ്ധ ഖുർആൻ പറയുന്നു: "നീ ഫിർഔനിന്റെ അടുക്കലേക്ക് പോവുക. നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു." (20:24)
വമ്പിച്ച ദൗത്യമാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ ഭാരത്തെക്കുറിച്ചോർത്തപ്പോൾ ഒരു സഹായിയെക്കൂടി കിട്ടണമെന്ന് തോന്നി. തന്റെ സഹോദരൻ ഹാറൂൻ. ഹാറൂനെ കൂടി നബിയാക്കിത്തരണം. തന്റെ ദൗത്യത്തിൽ സഹായി ആക്കിത്തരണം. ഹാറൂൻ നന്നായി സംസാരിക്കും. സംസാരം ജനങ്ങളെ ആകർഷിക്കും.
പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് സമർത്ഥിക്കും. വേണ്ടത്ര തെളിവുകളും ഉദാഹരണങ്ങളും പറയും. പറയുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി സ്ഥാപിക്കും...