Wednesday - 22 April, 2026 4-Dhu al-Qadah-1447

കുൽസൂം

   ദിവസങ്ങൾ മാസങ്ങളായി മാറുമ്പോൾ കുടുംബത്തിൽ അസ്വസ്ഥത വളരുകയാണ്. എന്താണ് സംഭവിക്കുക? ഹാറൂൻ വളർന്നു വരികയാണ്. അഴകും ആരോഗ്യവുമുള്ള കുട്ടി. ഓമനിക്കാൻ ഒരുപാടാളുകൾ. ഹാറൂന്റെ കളിയും ചിരിയും. അത് കാണുമ്പോൾ ഖൽബ് കോരിത്തരിക്കും. പെട്ടെന്ന് ഖൽബ് അസ്വസ്ഥമാവുകയും ചെയ്യും...


 ഇതുപോലെ ഒരു പൊന്നുമോൻ പിറന്നാൽ? ഇതുപോലെ അഴകുള്ള  കുഞ്ഞിനെ പ്രസവിച്ചാൽ? 

കൊലക്കത്തി വീഴും. ശിശുവിനെ കൊത്തിനുറുക്കും. ഫിർഔനിന്റെ അധികാരം തകർക്കാൻ വരുന്ന കുട്ടിയോടുള്ള പ്രതികാരം. ആ പ്രതികാരം നിഷാകളങ്കരായ കുഞ്ഞുങ്ങളോട് തീർക്കുകയാണ്. ഒരു ഗർഭിണിയുടെ വീട്ടിലേക്കു പട്ടാളക്കാർ കയറിവന്നു. ഗർഭിണി പേടിച്ചു വിറയ്ക്കുകയാണ്. 


"നീ ഗർഭിണിയാണോടീ?"


"അതെ യജമാനരേ..." 


"വേണ്ട. നിനക്ക് ഗർഭം വേണ്ട" 


"സംഭവിച്ചുപോയില്ലേ.... യജമാനരേ മാപ്പ്....."


"ഇല്ല. നിനക്കു മാപ്പില്ല. ഗർഭം അലസിപ്പിക്കണം." 


"എന്റെ റബ്ബേ....."


"വേണ്ട നിന്റെ റബ്ബ് ഫിർഔൻ മഹാരാജാവാണ്. കുടിക്കൂ ഇത് കുടിച്ചോളൂ." 


"എന്താണിത്?" 


"ഗർഭം അലസിപ്പിക്കാനുള്ള ഔഷധം." 


"വേണ്ട. എന്റെ ഗർഭം അലസിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല." 


"ഇല്ലേ? നിന്നെ ഞങ്ങൾ പാഠം പഠിപ്പിക്കും."


 പാവം സ്ത്രീയെ. പട്ടാളക്കാർ പിടിച്ചു വലിക്കുന്നു. ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുന്നു. ഒരു കിങ്കരൻ അവരുടെ വായ പിളർത്തുന്നു. മറ്റൊരുത്തൻ ഔഷധം ഒഴിക്കുന്നു. സ്ത്രീ തളർന്നു വീഴുന്നു. ജീവച്ഛവമായി  വയറ്റിൽ രൂപംകൊണ്ട കുഞ്ഞ് കലങ്ങിപ്പോയി. പട്ടാളക്കാരുടെ പരാക്രമത്തിൽ തന്നെ ഗർഭം അലസിപ്പോകും.  എത്രയോ ഗർഭിണികളുടെ നാഭിക്ക് ചവിട്ട് കിട്ടി. ഗർഭം അലസിപ്പോയി. 


 യൂഹാനിദ് വിവരങ്ങളറിയുന്നു. ഖൽബുരുകി പ്രാർത്ഥിക്കുന്നു. "കരുണ നിറഞ്ഞ റബ്ബേ! എന്നെ നീ കാത്തു രക്ഷിക്കേണമേ. എന്റെ വയറ്റിലുള്ള കുഞ്ഞിനെയും  കാത്തുരക്ഷിക്കേണമേ." കണ്ണീരിൽ കുതിർന്ന പ്രാർത്ഥന. കുറെ നേരം കരഞ്ഞു പ്രാർത്ഥിച്ചാൽ ആശ്വാസം തോന്നും. അല്ലാഹുﷻ തന്റെ വിളി കേട്ടതായി തോന്നും. ഒന്നും സംഭവിക്കില്ല കുഞ്ഞിനൊരാപത്തും വരില്ല. അങ്ങനെ മനസ്സ് പറയും... 


 ഒരു റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വാർത്തയുണ്ട്. അഞ്ചു വർഷത്തെ കണക്കാണ് റിപ്പോർട്ടിലുള്ളത്. ഇസ്രാഈലി വംശത്തിൽ പെട്ട ഒമ്പതിനായിരം സ്ത്രീകളുടെ ഗർഭം അലസിപ്പിച്ചുകളഞ്ഞു. അഞ്ച് വർഷംകൊണ്ടാണിത് നടപ്പാക്കിയത്. പന്തീരായിരം ആൺകുഞ്ഞുങ്ങളെ വധിച്ചുകളഞ്ഞു. ഇതും അഞ്ച് വർഷത്തെ കണക്കാണ്... 


 ഒരു കൊല നടക്കുമ്പോൾ ഫിർഔൻ പിശാചിനെപ്പോലെ ആഹ്ലാദംകൊള്ളും. പൊട്ടിച്ചിരിക്കും. അട്ടഹസിക്കും.  ഒരുദിവസം ഫിർഔൻ കൊട്ടാരത്തിൽ ഉറങ്ങുകയായിരുന്നു. ഒരു സ്വപ്നം കാണുന്നു.  ഇസ്രാഈല്യർ  തിങ്ങിത്താമസിക്കുന്ന സ്ഥലം അവിടെ ഒരു പാമ്പ്. വിഷമുള്ള ഉഗ്രൻ പാമ്പ്. പേടിച്ചുപോയി. അത് ഇഴഞ്ഞ് വരുന്നു. എങ്ങോട്ട്..? 


 കൊട്ടാരത്തിനുനേരെ. ആരും തടയുന്നില്ല. എവിടെപ്പോയി പാറാവുകാർ? ആരുമില്ല. പാമ്പ് മുമ്പോട്ട് തന്നെ. എങ്ങോട്ടാണത് പോവുന്നത്? രാജസദസ്സ് കൂടുന്ന ഹാളിലേക്ക് അവിടെയാണ് സിംഹാസനം. വിലകൂടിയ പരവതാനിയിലൂടെ പാമ്പ് ഇഴഞ്ഞു. സിംഹാസനത്തിൽ കയറി ഇരുന്നു... 


 എന്തൊരു കാഴ്ച? പേടിച്ചു വിറച്ചുപോയി. അടുത്ത പ്രഭാതത്തിൽ തന്നെ ജോത്സ്യന്മാരെയെല്ലാം വിളിച്ചു വരുത്തി. രാശി നോക്കി. അവർ ഫലം പറഞ്ഞു. അതിങ്ങനെയായിരുന്നു. പാമ്പു വിഷമാണ്. അത് ഏറ്റാൽ മരിച്ചുപോകും.  ഇസ്രാഈല്യരിൽ ഒരു കുഞ്ഞ് പിറക്കും. പാമ്പുപോലെ ഭയങ്കരൻ. കുഞ്ഞ് കാരണം രാജാവിന്റെ അധികാരം നശിക്കും. കുട്ടി കാരണം മരണവും സംഭവിക്കും...


 ഇതറിഞ്ഞതോടെ പക വർധിച്ചു. പീഡനം ഇരട്ടിയായി. യൂഹാനിദിന് പ്രസവ വേദന തുടങ്ങി. പുറത്ത് കാവൽക്കാരുണ്ട്. അകത്ത് നഴ്സുമാരും. ഉൽക്കണ്ഠയാണെവിടെയും. എന്തും സംഭവിക്കാം. ഇംറാൻ പ്രാർത്ഥനയിലാണ്...


 പ്രസവിച്ചു. ആദ്യ വിവരം പുറത്തു വന്നു.  ആകാംക്ഷ വർദ്ധിച്ചു. കുട്ടിയെന്ത്? അതറിയണം. നഴ്സ് പുറത്ത് വന്നു. കാവൽക്കാർക്ക് റിപ്പോർട്ട് നൽകി.  

പെൺകുഞ്ഞ്. എല്ലാവരും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. എല്ലാ മുഖങ്ങളും തെളിഞ്ഞു. പെൺകുഞ്ഞ് പിറന്നതറിഞ്ഞ് സന്തോഷിക്കുന്ന സമൂഹം. ചരിത്രത്തിൽ അങ്ങനെയും ഒരു കാലഘട്ടം കടന്നുപോയിട്ടുണ്ട്. ആൺകുഞ്ഞ് വേണ്ടേ വേണ്ട. പെൺ കുഞ്ഞ് മതി. ആ സമൂഹത്തിന്റെ അവസ്ഥ അന്ന് അതായിരുന്നു... 


 നഴ്സുമാരും കാവൽക്കാരുമെല്ലും പോയി. വീട്ടിൽ ബന്ധുക്കൾ മാത്രം. ഒരു കൊലപാതകമാണ് കഴിഞ്ഞു പോയത്. എന്തൊരാശ്വാസം. ഈ പൊന്നുമോളാണ് അതിന് കാരണക്കാരി. എന്റെ പുന്നാര മോൾ.  യൂഹാനിദ് മോളെ മാറോടു ചേർത്തു പിടിച്ചു. അപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ആശ്വാസത്തിന്റെ കണ്ണീർത്തുള്ളികൾ. കാലം പിന്നെയും നീങ്ങി. നിയമങ്ങൾ കൂടുതൽ കർക്കശമായി. പുതിയൊരു നിയമം വന്നു... 


 ഇസ്രാഈലി സമൂഹത്തിലെ സ്ത്രീകൾ ഗർഭം ധരിക്കാൻ പാടില്ല. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ സമ്പർക്കം പാടില്ല. കുടുംബാന്തരീക്ഷത്തിൽ ഭീതി നിറഞ്ഞു. ഇംറാന്റെ കുട്ടികൾ അവർ സന്തോഷഭരിതരാണ്. മോളുടെ പേര്


കേൾക്കണ്ടേ..?


കുൽസൂം...


 അഴകിന്റെ നിറക്കൂട്ടാണ് കുൽസൂം. ബുദ്ധിമതിയും സുന്ദരിയുമാണ്. ഉമ്മ-ബാപ്പമാരുടെ കുസൃതിക്കുരുന്നുകൾ. ഹാറൂൻ വളരെ ചെറുപ്പത്തിൽ തന്നെ വാക്കുകൾ ശുദ്ധിയോടെ പറയാൻ തുടങ്ങി. അത് കേൾവിക്കാരെ വല്ലാതെ ആകർഷിച്ചു. കുറച്ചുകൂടി പ്രായം വന്നപ്പോൾ വാചകങ്ങൾ പറയാൻ തുടങ്ങി. അതോടെ സംസാരം കൂടുതൽ ആകർഷകമായിത്തീർന്നു. കേട്ടിരിക്കാൻ സുഖം...


 പണ്ഡിതന്മാർ വന്നു ഹാറൂനെ സ്വകാര്യമായി തത്വങ്ങൾ പഠിപ്പിച്ചു. പെട്ടെന്ന് പഠിക്കും. നല്ല ഓർമ്മശക്തിയാണ്. പഠിച്ചതൊന്നും മറിക്കില്ല. പഠിച്ചത് പറയും. സ്വന്തമായി വിവരിക്കും. വാദിക്കും. സ്ഥാപിക്കും...