ഇംറാനും സഹപ്രവർത്തകർക്കും കർശന നിർദേശം കിട്ടി. രാത്രി പ്രത്യേക നിരീക്ഷണം വേണം. ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങരുത്. രണ്ട് മുറിയിൽ കഴിയണം. അല്ലെങ്കിൽ ഭാര്യ അകത്ത് ഭർത്താവ് പുറത്ത്.
ഒരു രാത്രി ഒരു വലിയ കെട്ടിടത്തിലാണ് ഇംറാനു കാവൽ. ജോലി കുറെ സഹപ്രവർത്തകരുമുണ്ട്. പാതിരാത്രിയായി. എല്ലാ കാവൽക്കാരും ഉറങ്ങി. ഇംറാൻ മാത്രം ഉണർന്നിരിക്കുന്നു...
യൂഹാനിദിന് വീട്ടിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. പാതിരാത്രിയായി ഭർത്താവിനെ കാണാൻ കലശലായ മോഹം. മക്കൾ നല്ല ഉറക്കത്തിലാണ്. യൂഹാനിദ് പുറത്തിറങ്ങി. നേരെ നടന്നു. ആ വലിയ കൊട്ടാരത്തിലേക്ക്...
എല്ലാ പാറാവുകാരും നല്ല ഉറക്കത്തിലാണ്. ഇംറാൻ ഉണർന്നിരിക്കുന്നു. ഒരു രൂപം നീങ്ങിവരുന്നു ഇംറാൻ തുറിച്ചുനോക്കി.
"മിണ്ടരുത് ഇത് ഞാനാണ്."
യൂഹാനിദിന്റെ ശബ്ദം... അവർ ഭർത്താവിന്റെ കൈ പിടിച്ചു വലിച്ചു. സമീപത്തുള്ള മുറിയിലേക്ക്. അവർ മുറിയിൽ കടന്നു വാതിലടച്ചു. കുറ്റിയിട്ടു. ആ രാത്രി അവർ ഒന്നിച്ചു കഴിഞ്ഞു...
ആരും ഒന്നുമറിഞ്ഞില്ല. ഗർഭിണിയാവാൻ അത് മതി. ഇംറാൻ കുളിച്ചു വൃത്തിയായി. തന്റെ ഡ്യൂട്ടിയിൽ ജാഗരൂകനായി. ഒരു ഭർത്താവും ഭാര്യയെ സമീപിക്കരുത്. ഒരു ഭാര്യയും ഭർത്താവിനെ സമീപിക്കരുത്. അത് നോക്കുന്ന ജോലിയാണ് ഇംറാന്...
സ്വന്തം ഭാര്യ ഇംറാനെ തേടിവന്നു. അതാരും അറിഞ്ഞില്ല. പിൽക്കാലത്തറിഞ്ഞു. അങ്ങനെ അത് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു. ഏതായാലും സംഗതി പൊല്ലാപ്പായി. യൂഹാനിദ് ഗർഭിണിയായി. ഗർഭ നിരോധനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ. അയാളുടെ ഭാര്യ തന്നെ ഗർഭിണിയായി. ഗർഭധാരണം ശിക്ഷാർഹമാണ്. ശിക്ഷ കൊല തന്നെ.
യൂഹാനിദ് വളരെ സൂക്ഷിച്ചു. ഗർഭ ധാരണം പുറത്ത് പറഞ്ഞില്ല. വയറിന് വലിയ വലുപ്പം വന്നില്ല. ലൂസായ വസ്ത്രങ്ങൾ ധരിച്ചു. ഗർഭകാലം പൂർത്തിയായി വരുന്നു. നാട്ടിലാർക്കും ഗർഭവാർത്ത അറിയില്ല.
ഗർഭം പൂർണമായി. പ്രസവ വേദന ചെറിയ തോതിൽ വന്നു. അടുത്ത ബന്ധുക്കൾ മാത്രമേയുള്ളൂ. വിളക്ക് കത്തിക്കാൻ പോലും പേടി. ആരും അറിഞ്ഞില്ല. പ്രസവം നടന്നു. ആൺകുഞ്ഞ്. ഹാറൂനും കുൽസൂമും വിവരമറിഞ്ഞു...
തങ്ങൾക്കൊരു അനുജൻ ജനിച്ചിരിക്കുന്നു. എന്തൊരഴകുള്ള കുഞ്ഞ്. ഹാറൂനും കുൽസൂമിനും മനം നിറയെ സന്തോഷം. അൽപം ചിന്തിച്ചപ്പോൾ അവർക്കും ഭയമായി.
പട്ടാളക്കാരറിഞ്ഞാൽ? ഈ കുഞ്ഞനുജനെ കൊന്നുകളയും. കുട്ടികൾ പേടിച്ചു വിറച്ചുപോയി. നവജാത ശിശുവിനെ എന്ത് ചെയ്യും? അത് കരയില്ലേ? കരഞ്ഞാൽ ശബ്ദം പുറത്തേക്ക് കേൾക്കില്ലേ? പിന്നെന്തൊക്കെയായിരിക്കും സംഭവിക്കുക?
ഉമ്മയുടെ മനസ്സിൽ അല്ലാഹു ﷻ ഇങ്ങനെ തോന്നിപ്പിച്ചു: ഒരു പെട്ടിയുണ്ടാക്കുക. കുഞ്ഞിനെ അതിൽ കിടത്തുക. പെട്ടി പൂട്ടി നദിയിൽ ഒഴുക്കിവിടുക. പെട്ടിയുടെ പണി തുടങ്ങി. ഹാറൂനും കുൽസൂം വിവരമറിഞ്ഞു. മുഖം വാടി. സങ്കടപ്പെട്ടു...
കുഞ്ഞിന് പേരിട്ടു മൂസ. ഹാറൂന്റെയും കുൽസൂമിന്റെയും മനസ്സിൽ മൂസായുടെ സുന്ദരവദനം നിറഞ്ഞുനിന്നു. എന്തൊരു ഭംഗിയുള്ള മുഖം. പെട്ടി തയ്യാറാക്കി വിരിപ്പുകൾ വിരിച്ചു. കുട്ടിയെ കിടത്തി. പെട്ടി പൂട്ടി.
ഹാറൂനും കുൽസൂമും എല്ലാം കാണുന്നു. സങ്കടപ്പെട്ടു ശബ്ദമില്ലാതെ കരയുന്നു. ഒരിക്കലും മറക്കാത്ത സംഭവം. പെട്ടി ചുമന്നുകൊണ്ട് പോയി നൈൽ നദിയിൽ ഒഴുക്കി.
ഉമ്മ മകളോടിങ്ങനെ പറഞ്ഞു: "മോളേ.... കുൽസൂം നീ നദിക്കരയിലൂടെ നടക്കണം. പെട്ടി എങ്ങോട്ടു പോവുന്നു എന്ന് നോക്കണം. നീ പെട്ടി ശ്രദ്ധിക്കുന്ന വിവരം മറ്റാരും അറിയരുത്."
"ഞാൻ നോക്കിക്കോളാം." പെട്ടിക്കൊപ്പം കുൽസൂം നടന്നു. ഹാറൂൻ പെട്ടിയെയും കുൽസൂമിനെയും നോക്കി...
തുടരും ... ഇന്‍ ശാ അല്ലാഹ് ...