ഇസ്രാഈല്യർക്കിടയിലെ ഒരു പൗരപ്രമുഖനാണ് ഇംറാൻ. ഇംറാന്റെ ഭാര്യ ഒരു കുലീന വനിതയാണ്. ഉന്നത തറവാട്ടിൽ ജനിച്ചു വളർന്നവരാണ്. പേര് യൂഹാനിദ്. ഇംറാൻ നല്ല ആരോഗ്യമുള്ള ബുദ്ധിമാനായ ചെറുപ്പക്കാരനാണ്. അതുകാരണം പട്ടാളത്തിൽ ജോലി കിട്ടി. ഭേദപ്പെട്ട ശമ്പളമുണ്ട്. നല്ല രീതിയിൽ കുടുംബജീവിതം നടന്നുപോവുന്നു...
രാജകൽപനകൾ നടപ്പാക്കുന്നത് പട്ടാളക്കാരാണ്. ഇംറാനും രാജകൽപനകൾ നടപ്പാക്കാൻ ബാധ്യസ്ഥനാണ്. നല്ല രീതിയിൽ കുടുംബം കൊണ്ടുപോവുന്നതിൽ മിടുക്കിയാണ് യൂഹാനിദ്.
കോളറ ബാധിച്ച് നാട്ടിൽ ധാരാളമാളുകൾ മരിക്കാനിടയായി. ആരോഗ്യമുള്ള ചെറുപ്പക്കാർ ധാരാളം മരിച്ചു. അതൊരു സാമൂഹിക പ്രശ്നമായി മാറി. നാട്ടിൽ തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടു. പുരുഷന്മാർ മരിച്ചൊടുങ്ങുക. ആൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുക. പിന്നെങ്ങനെ നാട്ടിൽ തൊഴിലാളികളുണ്ടാവും? എവിടെയും ഇതാണ് ചർച്ച...
ഫിർഔനും ഹാമാനും ഇക്കാര്യം ചർച്ച ചെയ്തു. നാട്ടിൽ പണിയെടുക്കാൻ പുരുഷന്മാർ വേണം. ഖിബ്ത്തി യുവാക്കൾ പണിയെടുക്കില്ല. അവർ തിന്ന് സുഖിച്ചു കഴിയുന്നു. ഉന്നത ഉദ്യോഗങ്ങൾ വഹിക്കും. കച്ചവടം ചെയ്യും. കർഷക പ്രഭുക്കളാണ് കുറെപ്പേർ. മണ്ണിലിറങ്ങി ജോലി ചെയ്യാൻ ഇസ്രാഈലികൾ തന്നെ വേണം...
ഫിർഔൻ പുതിയ ഓർഡർ പുറപ്പെടുവിച്ചു ഒന്നിടവിട്ട കൊല്ലങ്ങളിൽ ആൺകുഞ്ഞുങ്ങളെ കൊന്നാൽ മതി. ഈ കൊല്ലം പിറക്കുന്ന ആൺകുട്ടികൾ ജീവിക്കട്ടെ. അടുത്ത കൊല്ലം പിറക്കുന്നവരെ കൊല്ലാം. തൊട്ടടുത്ത കൊല്ലം പിറക്കുന്നവർക്ക് ജീവിക്കാം. ഇങ്ങനെയാണ് കൽപന ഇറങ്ങിയത്...
ഇംറാൻ വീട്ടിൽ വന്നു കയറി.
യൂഹാനിദിന്റെ മുഖത്ത് വല്ലാത്ത ഭാവം കള്ളച്ചിരി.
"എന്താ വിശേഷം?" ഇംറാൻ ചോദിച്ചു
"വിശേഷമുണ്ട്."
"എന്തു വിശേഷം?"
"എന്താ ഒന്നും അറിഞ്ഞുകൂടേ? ഈ വർഷം ആയത് നന്നായി. അല്ലായിരുന്നെങ്കിൽ...."
ഇംറാന് സംഗതി പിടികിട്ടിത്തുടങ്ങി. തന്റെ ഭാര്യ ഗർഭിണിയാണ്. ഈ വർഷം ഗർഭം ധരിച്ചത് നന്നായി. ആൺകുട്ടിയെ പ്രസവിച്ചാലും പേടിക്കാനില്ല. സന്തോഷത്തിന്റെ നാളുകൾ വന്നു. ഗർഭിണിയെ കാണാൻ കുടുംബത്തിലെ കുലീന വനിതകൾ വന്നു...
സ്വീകരണം. സൽക്കാരം. സമ്മാനങ്ങൾ.
നാളുകൾ മാസങ്ങളായി. മാസങ്ങൾ ഒമ്പത് കടന്നുപോയി. പ്രസവം പ്രതീക്ഷിക്കുന്ന സമയമായി. ഉൽക്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ. പ്രസവ വേദന തുടങ്ങി. ഇംറാൻ പ്രാർത്ഥനയിൽ മുഴുകി. സന്തോഷവാർത്ത പുറത്തുവന്നു. യൂഹാനിദ് പ്രസവിച്ചു. ആൺകുഞ്ഞ്...
"അല്ലാഹുവേ നിനക്കു സ്തുതി... അൽഹംദു ലില്ലാഹ്."
ഓമനപ്പൈതൽ അടുത്ത വർഷമാണ് പ്രസവം നടന്നതെങ്കിൽ ഈ ചോരപ്പൈതലിനെ കൊന്നുകളയുമായിരുന്നു. അല്ലാഹുവേ നിനക്ക് സ്തുതി
അൽഹംദു ലില്ലാഹ്. ഓമനപ്പൈതലിനെ പെണ്ണുങ്ങൾ മാറിമാറി എടുത്തോമനിച്ചു. നാളുകൾ ആഹ്ലാദപൂർവം നീങ്ങിക്കൊണ്ടിരുന്നു. കുഞ്ഞിന് പേരിട്ടു. ഹാറൂൻ...
ഇംറാൻ ദമ്പതികൾ കുഞ്ഞിനെ ലാളിച്ചു വളർത്തി. ഫിർഔനിന്റെ നിയമങ്ങൾ ഇസ്രാഈലി സമൂഹത്തെ വരിഞ്ഞു മുറുക്കുകയാണ്. അക്കാര്യത്തിൽ ഇംറാൻ ദുഃഖിതനാണ്. തനിക്കു ശമ്പളം തരുന്നത് ഫിർഔനാണ്. കൽപനകൾ അനുസരിച്ചേ പറ്റൂ...
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ഫിർഔൻ മതത്തെ നശിപ്പിക്കാൻ തീരുമാനിച്ചു. മതം പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരമാക്കി. മതനിയമങ്ങൾ അനുസരിക്കുന്നവരെ ശിക്ഷിച്ചു.
ഇബ്രാഹിം (അ)ന്റെ മാർഗം അധിക പേർക്കും അജ്ഞാതമായിത്തീർന്നു. പുതിയ തലമുറ മതത്തിൽ നിന്ന് വളരെ അകന്നുപോയി. ഖിബ്തികൾ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. ഇരുപത് വർഷക്കാലം ഫിർഔൻ ബിംബാരാധന പ്രോത്സാഹിപ്പിച്ചു. ഖിബ്ത്തികൾ ഫിർഔനെ ആരാധിക്കണം. ഈ നിയമമാണ് പിന്നെ വന്നത്. ഒരു മടിയുംകൂടാതെ ഖിബ്തികൾ ഫിർഔനെ ആരാധിച്ചു...
നാൽപ്പത് വർഷം അങ്ങനെ കടന്നുപോയി. പിന്നെ വന്ന കൽപനകൾ ഇങ്ങനെയായിരുന്നു. ഇസ്രാഈല്യർ ഫിർഔനിന് സുജൂദ് ചെയ്യണം. പലരും അതിന് തയ്യാറായില്ല. അവർക്ക് ക്രൂരമായ ശിക്ഷയാണ് നൽകിയത്. തിളക്കുന്ന എണ്ണയിലിട്ടു കൊന്നു. തീയിലിട്ടു കൊന്നു. കൊടും ശിക്ഷകൾ തുടർന്നു. കുരിശിൽ തറച്ചു കൊന്നു...
അപ്പോൾ ഹാമാൻ പറഞ്ഞു: "മഹാരാജാവേ അവർക്ക് സാവകാശം നൽകൂ. അവർ ചിന്തിച്ചു കാര്യം മനസ്സിലാക്കട്ടെ."
കൊടും കൊലകൾ തൽക്കാലം നിന്നു.
പുരുഷന്മാരും സ്ത്രീകളും കഠിനമായ ജോലി ചെയ്യണം. അതിരാവിലെ മുതൽ രാത്രിവരെ
കുട്ടികളെക്കൊണ്ടും ജോലി ചെയ്യിക്കും. കാലമങ്ങനെ നീങ്ങിപ്പോവുകയാണ്.
ഇംറാൻ ഒരു കാര്യം മനസ്സിലാക്കി. തന്റെ ഭാര്യ വീണ്ടും ഗർഭം ധരിച്ചിരിക്കുന്നു. ഈ വർഷം ആൺകുട്ടി പിറന്നാൽ കൊല്ലും. അക്കാര്യം ഉറപ്പാണ് വെപ്രാളം നിറഞ്ഞ നാളുകൾ വരവായി...