ഒരു പ്രവാചകന്റെ നിഷ്കളങ്കമായ ജീവിതം. പ്രവാചകത്വം ലഭിക്കുന്നതിന്റെ മുമ്പുള്ള ജീവിതം. ആ ജീവിതവും വളരെ പരിശുദ്ധമായിരിക്കും. അക്കാലത്തും അല്ലാഹുﷻവിന്റെ സ്മരണയിലാണവർ ജീവിക്കുക. ഓരോ രാവും പകലും അല്ലാഹുﷻവിന്റെ പൊരുത്തത്തിലായി കഴിഞ്ഞുപോവണം. അല്ലാഹുﷻവിന്റെ കോപത്തിന്നിരയാവരുത്. സൂക്ഷ്മതയോടുകൂടിയ ചലനങ്ങൾ. മനസ്സിന്റെ ചലനങ്ങൾ പോലും സൂക്ഷ്മതയോടെ കടന്നുപോവുന്നു. ധന്യ ജീവിതം...
അങ്ങനെയുള്ള പരിശുദ്ധമായ ജീവിതമാണ് ഹാറൂൻ (അ) നയിക്കുന്നത്.
മനുഷ്യ സേവനം അല്ലാഹുﷻവിന്റെ തൃപ്തി നേടാനുള്ള വഴിയാണത്. മനുഷ്യരെ സഹായിക്കാൻ ലഭിക്കുന്ന ഒരു സന്ദർഭവും പാഴാക്കിക്കളയില്ല. അത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തും. പ്രാർത്ഥനകൾ ക്രമപ്രകാരം നിർവഹിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും.
ആളുകളെ ഉപദേശിക്കും. ഉപദേശിക്കുമ്പോൾ കാര്യങ്ങൾ കേൾക്കുന്നവർക്കു ബോധ്യപ്പെടും. തെളിവുകൾ ഉദ്ധരിക്കും. ഉദാഹരണങ്ങൾ പറയും. ആകർഷകമായ സംസാരം. ഓരോ വാക്കും സൂക്ഷ്മതയോടെ പ്രയോഗിക്കും. കോർത്തെടുത്ത വാചകങ്ങൾ. കേൾവിക്കാരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലും. അതവിടെ ചലനങ്ങൾ സൃഷ്ടിക്കും.
ഒരു സമുദ്ധാരകന്റെ പരിവേഷമുണ്ട്. ഭാവിയിലെ പ്രവാചകനാണിത്. പ്രവാചകന്മാരെ അല്ലാഹുﷻ ഒരു പ്രത്യേക രീതിയിലാണ് വളർത്തിയെടുക്കുന്നത്. ധാരാളം പരീക്ഷണങ്ങൾക്ക് വിധേയരാക്കും. ദുഃഖങ്ങൾ നൽകും...
ഹാറൂൻ (അ)ന് കടുത്ത ദുഃഖമുണ്ട്. അനുജനെ കാണാത്ത ദുഃഖം. കുടുംബാംഗങ്ങളുടെ ദുഃഖം. കാണുമ്പോഴുള്ള പ്രയാസം. എങ്ങനെ ആശ്വസിപ്പിക്കും..? ഉമ്മാക്ക് അല്ലാഹു ﷻ നൽകിയ ഒരു ആശ്വാസ വചനമുണ്ട്. പ്രസവം നടന്ന ആദ്യനാളുകളിലൊന്നിൽ കിട്ടിയ ആശ്വാസ വചനം. ആ വചനം വിശുദ്ധ ഖുർആനിലുണ്ട്:
"അവനെ നാം മുർസലുകളിൽ (പ്രവാചകന്മാരിൽ) പെട്ടവനാക്കും." (28:7)
അതൊരു വല്ലാത്ത വചനം തന്നെ. മൂസ പ്രവാചകനാണ്. എന്തൊരു സൗഭാഗ്യം. താനോ? പ്രവാചകന്റെ സഹോദരൻ.
പ്രവാചകൻ മടങ്ങിവരാതിരിക്കില്ല.
മൂസായുടെ സമുദായം ഇവിടെയാണുള്ളത്. അവരെയാണ് സമുദ്ധരിക്കാനുള്ളത്. അവർക്കിടയിലാണ് വിമോചകൻ വരേണ്ടത്. മൂസ ഇവിടെത്തന്നെയെത്തും. ഈ സമൂഹത്തെ രക്ഷപ്പെടുത്തും. സമയമായിട്ടില്ല സമയമാവുമ്പോൾ ഇങ്ങെത്തിച്ചേരും. എത്തിച്ചേർന്നാൽ ഈ സഹോദരൻ കൂടെയുണ്ടാവും. ഈ കുടുംബം കൂടെയുണ്ടാവും. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ...
ഓരോ ദിവസവും എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു? നടക്കുന്ന സംഭവങ്ങൾ. ഫിർഔനിന്റെ ക്രൂരതകൾ വർദ്ധിച്ചിരിക്കുന്നു. ഇപ്പോഴും ആൺകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. പീഡനങ്ങളുടെ നിരവധി കഥകൾ. മൂസയോടുള്ള അരിശം ഈ സമുദായത്തോടാണ് തീർക്കുന്നത്. മൂസായെ തൊടാൻ കിട്ടിയില്ല.
മൂസ പ്രവാചകനല്ലേ? ദുർമാർഗികൾക്ക് മർദ്ദിക്കാൻ പ്രവാചകനെ കിട്ടുമോ? അല്ലാഹുﷻ വിട്ടുകൊടുക്കുമോ..?
കാലം കടന്നുപോയിക്കൊണ്ടിരിക്കുന്നു. മൂസായെ കാണാതായിട്ട് കൊല്ലമെത്രയായി? പത്ത് വർഷങ്ങൾ. ഓർത്താൽ ഞെട്ടിപ്പോവും. ഒരു പതിറ്റാണ്ട് കാലം. ഒരു പതിറ്റാണ്ടിന്റെ അനുഭവങ്ങളെത്ര. ഓർത്താൽ അമ്പരന്നുപോവും.
ഹാറൂൻ (അ) ചില രാത്രികളിൽ സ്വപ്നം കാണുന്നു. അപൂർവ്വ സ്വപ്നങ്ങൾ. വെറും സ്വപ്നങ്ങളല്ല. അല്ലാഹുﷻവിൽ നിന്നുള്ള അറിയിപ്പുകളാണവ. അവ സത്യമാണ്. പാഴ്സ്വപ്നങ്ങളല്ല. മനസ്സിൽ ചില തോന്നലുകൾ വരുന്നുണ്ട്. പണ്ട് ഇല്ലാത്ത അനുഭവമാണിത്.
അല്ലാഹു ﷻ മനസ്സിലിട്ട് തരുന്ന തോന്നലുകൾ. പ്രവാചകൻ പ്രത്യക്ഷപ്പെടാൻ സമയമായിരിക്കുന്നു. ഉടനെ മൂസാ പ്രത്യക്ഷപ്പെടും. പ്രത്യക്ഷപ്പെട്ടാൽ കൂടെ നിൽക്കണം. ഒരു ആപൽഘട്ടത്തിലും പിന്തിരിയരുത്. മൂസാക്ക് സംസാരിക്കുമ്പോൾ ചെറിയൊരു തടസ്സം ഉണ്ട്. ആ തടസ്സം താൻ മൂലം നീങ്ങണം...
മൂസ കാര്യങ്ങൾ പറയും. താനത് വിശദീകരിക്കണം. തെളിവുകളും ഉദാഹരണങ്ങളും നിരത്തി സ്ഥാപിക്കണം. മൂസ പറയുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി സ്ഥാപിക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തണം. മൂസായുടെ തത്വങ്ങൾ. ഹാറൂന്റെ വാചാലത. അവ രണ്ടും ചേർന്ന പ്രത്യേകമായൊരു പ്രബോധന രീതിയാണ് ഇവിടെ നടക്കാൻ പോവുന്നത്.
പ്രവാചക ലബ്ധിക്കു മുമ്പുള്ള സവിശേഷമായ അനുഭവങ്ങൾ, അനുഭൂതികൾ അതിലൂടെ കടന്നുപോവുകയാണ് സയ്യിദുനാ ഹാറൂൻ (അ)...