Wednesday - 22 April, 2026 4-Dhu al-Qadah-1447

നാടിനോട് വിടചൊല്ലി (1)

   മൂസാ എന്ന കുഞ്ഞിന് പാൽ കൊടുക്കുന്നതിന് ഉമ്മാക്ക് ഫിർഔൻ പ്രതിഫലം നൽകി. എത്ര..? ദിവസംതോറും ഓരോ പവൻ. മൂസാക്ക് മുലപ്പാൽ കൊടുക്കാൻ വേണ്ടി നാനൂറ് ഉമ്മമാർ ശ്രമിച്ചിരുന്നു. ആരുടെ പാലും കുടിച്ചില്ല...


 ആസിയ(റ) ക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത വാത്സല്യമായിരുന്നു. പിരിഞ്ഞിരിക്കാനാവില്ല. ലാളിച്ചു വളർത്തുകയാണ്. ചിലപ്പോഴൊക്കെ ഫിർഔനും കുട്ടിയെ ലാളിക്കും. മൂസാക്ക് മൂന്നു വയസ്സുള്ള കാലം. ഒരു ദിവസം കുട്ടിയെ മടിയിലിരുത്തി ലാളിക്കുകയായിരുന്നു. ഫിർഔൻ വലിയ ശബ്ദത്തിൽ ബഡായി വിടുന്നുണ്ട്. കൂട്ടത്തിൽ അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത ചിലത് കൂടി പറഞ്ഞു. 


 കുട്ടി താടിയിൽ പിടിച്ചു വലിച്ചു. മുഖത്ത് ഒരടിയും കൊടുത്തു. ഫിർഔന് നന്നായി വേദനിച്ചു. ഫിർഔൻ കോപത്തോടെ വിളിച്ചു പറഞ്ഞു: "ഇവൻ എന്റെ ശത്രുവാണ് ഇവനെ ഞാനിപ്പോൾ കൊല്ലും. ആസിയ(റ) ഓടിയെത്തി സമാധാനിപ്പിച്ചു." 


"കൊച്ചു കുട്ടിയല്ലേ? വിവേകമെത്താത്ത കുട്ടി.. പൊറുത്താലും..."


 ഫിർഔന്റെ കോപമടങ്ങിയില്ല. അവൻ സംസാരം തുടർന്നു. "ഇവൻ സാധാരണ കുട്ടിയല്ല. പല ലക്ഷണങ്ങളും ഞാൻ കാണുന്നുണ്ട്." 


 സാധാരണ കുട്ടിയാണോ? അല്ലേ? അത് പരിശോധിക്കാൻ തീരുമാനിച്ചു. ഒരു സ്വർണപ്പാത്രത്തിൽ തീക്കനൽ വെക്കുക. ഒരു വെള്ളിപ്പാത്രത്തിൽ ഗൗമേദകം എന്ന മുത്ത് വെക്കുക. ഇഷ്ടമുള്ളത് എടുക്കാൻ പറയുക. ഇതാണ് പരീക്ഷണം... 


 സ്വർണപ്പാത്രവും വെള്ളിപ്പാത്രവും വന്നു. സ്വർണപ്പാത്രത്തിൽ തീക്കനലുകൾ. വെള്ളിപ്പാത്രത്തിൽ ഗോമേദകം. കുട്ടിയോട് ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞു.  കുട്ടി ഗോമേദകത്തിന് നേരെ കൈ നീട്ടി. ഒരു മലക്ക് വന്നു കൈ പിടിച്ചു തീക്കനലിന് നേരെയാക്കി. കുട്ടി തീക്കനൽ എടുത്തു വായിലിട്ടു. കൈ പൊള്ളി, നാവും പൊള്ളി. തീ എടുത്തുമാറ്റി. നാവിന്റെ പൊള്ളൽ കാരണം സംസാരിക്കാൻ ബുദ്ധിമുട്ടായിത്തീർന്നു. സംസാരിക്കുമ്പോൾ കൊഞ്ഞ്...


 പിൽക്കാലത്ത് ഹാറൂൻ (അ)ന്റെ സഹായം വേണ്ടിവന്നത് ഈ കൊഞ്ഞ് കാരണമാണ്. കൊഞ്ഞോട് കൂടി സംസാരിച്ചാൽ ശരിക്ക് മനസ്സിലാവില്ല. മൂസാക്ക് എട്ട് വയസ് പ്രായം. ഒരാൾ പക്ഷിയെയും കൊണ്ട് അവിടെ വന്നു. പക്ഷി പല കളികൾ കളിക്കും...


 ഫിർഔനും കുടുംബവും പക്ഷിയുടെ കളി കണ്ട് രസിക്കുകയാണ്. കൂട്ടിൽ നിന്നിറങ്ങിയ ഉടനെ കിളി ചിറകിട്ടടിക്കുകയും എന്തോ ശബ്ദിക്കുകയും ചെയ്തു. മൂസ ഉടനെ കിളിയോട് പറഞ്ഞു: 

"നീ പറഞ്ഞത് സത്യം തന്നെ."  


 ഫിർഔൻ ഒരു ഞെട്ടലോടെ ചോദിച്ചു: 

"മൂസാ... ഈ കിളി എന്താണ് പറഞ്ഞത്?" 


"ഒരു ഇടയന്റെ പുത്രന് ഇത്രയും അധികാരവും സമ്പത്തും പദവിയും നൽകിയ അല്ലാഹുﷻവിന് സ്തുതി."

 

 ഫിർഔൻ സ്വന്തം ജീവചരിത്രം ഓർത്തുപോയി. ആട്ടിടയന്റെ പുത്രൻ ഇത്രയും വരെ ഉയർന്നു. ഹാമാൻ അപ്പോൾ അങ്ങോട്ട് കടന്നുവന്നു. വിവരങ്ങളറിഞ്ഞു ഫിർഔന്റെ യഥാർത്ഥ കഥ ഹാമാന്നറിയാം. അത് വെളിവാകരുത്. കിളിയെ കൊല്ലണം. അല്ലെങ്കിൽ കഥ പുറത്താകും...


 ഹാമാൻ ഇങ്ങനെ പറഞ്ഞു: "ഈ കിളിയെ ആരോ ആഭിചാരം ചെയ്തു വിട്ടതാണ്. അതിനെ കൊന്നുകളയണം." ഹാമാന്റെ ഉപദേശം സ്വീകരിച്ചു.  


 ഫിർഔൻ കത്തിയെടുത്തു. കിളിയെ അറുത്തു. കിളി ചിറകിട്ടടിച്ചു കിളി ചത്തുപോയി.  എല്ലാവരും നോക്കിനിൽക്കെ, കിളിക്ക് ജീവൻ വെച്ചു പറന്നു പോയി. എല്ലാവരും അതിശയപ്പെട്ടു... 


 കൊട്ടാരത്തിൽ നിന്ന് രാജകുമാരനെ ഒറ്റക്കു വിടില്ല. കൂടെ പാറാവുകാർ കാണും. അതുകൊണ്ട് ഉമ്മയോട് രഹസ്യങ്ങൾ പറയാൻ കഴിയില്ല. സ്നേഹം പ്രകടിപ്പിക്കാനും പറ്റില്ല. ഔപചാരിക സന്ദർശനം മാത്രം. പെട്ടെന്ന് തിരിച്ചു പോവുകയും വേണം. മൂസാ കൊട്ടാരത്തിലെ സംഭവങ്ങൾ ശ്രദ്ധിക്കുന്നു. സംഭാഷണങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നു. ഒന്നിനോടും പൊരുത്തപ്പെടാനാവുന്നില്ല.  


 ഖിബ്ത്തികളുടെ അഹങ്കാരം വർധിച്ചിരിക്കുന്നു. താൻ ഇസ്രാഈലി കുടുംബത്തിലാണ് ജനിച്ചത്. തന്റെ ശരീരത്തിൽ ഓടുന്നത് ഇസ്രാഈലി രക്തമാണ്. ഖിബ്ത്തികൾ ഇസ്രാഈലികളെ അടിച്ചൊതുക്കകയാണ്...  


 മൂസ വളർന്നു കൗമാര പ്രായമായി. നഗരത്തിൽ ഒറ്റക്കു നടക്കും. പലരേയും കാണും. സംസാരിക്കും. ഹാറൂനും മൂസയും  അവർക്കിടയിലെ സാഹോദര്യം വർണിക്കാനാവാത്ത സഹോദര സ്നേഹം. ഹാറൂൻ കൊച്ചുവീട്ടിൽ കഴിയുന്നു. മൂസ കൊട്ടാരത്തിലെ ആഢംബരങ്ങൾക്കിടയിലാണ്. വസ്ത്രത്തിലും ആഹാരത്തിലും വലിയ അന്തരം. പക്ഷെ മനസ്സുകൾ അവ ഒന്നാണ്. ഒരു പിതാവിന്റെയും മാതാവിന്റെയും മക്കൾ. രണ്ടിടത്ത് താമസിക്കേണ്ടിവന്നതിനാൽ സ്നേഹം കൂടും... 


 മൂസാക്ക് ധാരാളം വിജ്ഞാനം ലഭിക്കുന്നുണ്ട്. അല്ലാഹു ﷻ നൽകുന്നതാണ്. അതിൽ നിന്ന് പലതും ഹാറൂന് ലഭിക്കുന്നു. ഇൽമ് കൊണ്ട് ധന്യരായ സഹോദരങ്ങൾ. പല കാര്യങ്ങൾ അവർ ചർച്ച ചെയ്യുന്നുണ്ട്. ഇസ്രാഈല്യർ അനുഭവിക്കുന്ന യാതനകൾ. അവരുടെ മോചനം സാധ്യമാണോ? ഇതാണ് ഗൗരവമുള്ള ചർച്ച. 


 രണ്ടുപേരും ഖിബ്ത്തികളെ വെറുത്തു. പക്ഷെ ഏറ്റുമുട്ടാൻ പറ്റില്ല. വിമർശിക്കാനും പറ്റില്ല. കൊട്ടാരത്തിലെ കുട്ടിയാണ്. ഖിബ്തിയെ കുറ്റപ്പെടുത്താൻ കഴിയില്ല. മനസ്സിൽ അമർഷമുണ്ട്. പുറത്ത് കാണിക്കില്ല.  അങ്ങനെയിരിക്കെയാണ് ആ സംഭവം നടന്നത്.  


 ഒരു ഖിബ്ത്തി മറ്റൊരു യുവാവിനെ ചീത്ത പറയുന്നു പ്രഹരിക്കുന്നു. ഫിർഔനിന്റെ പാചകക്കാരിൽ പെട്ടയാളാണ് ഖിബ്ത്തി യുവാവ്. വേലക്കാരൻ ഇസ്രാഈലിയുമാണ്. വളരെ വലിയൊരു വിറക് കെട്ട്. അതു ചുമക്കാൻ ഖിബ്ത്തി ആവശ്യപ്പെടുന്നു.  


 അത് ചുമക്കാൻ തൊഴിലാളിയെക്കൊണ്ടാവില്ല. അയാളുടെ കഴിവിന്നപ്പുറത്താണ് വിറകിന്റെ ഭാരം. വേലക്കാരന് നല്ല പ്രഹരം കിട്ടി. വേദനകൊണ്ട് പുളഞ്ഞു. ഈ സമയത്ത് മൂസാ അതുവഴി വരികയായിരുന്നു. തൊഴിലാളി കരഞ്ഞു വിളിച്ചു സഹായം തേടി...


 മൂസ അടുത്തേക്കു ചെന്നു ഖിബ്തിക്ക് ഒരടി കൊടുത്തു. അയാൾ മറിഞ്ഞുവീണു. മരിച്ചുപോയി. കൊല്ലാൻ ഉദ്ദേശിച്ചില്ല. ഒരടി കൊടുക്കാനാണ് ഉദ്ദേശിച്ചത്. ഓർക്കാതെ മരണം സംഭവിച്ചു. ഖിബ്ത്തിയുടെ വധം വലിയ ഒച്ചപ്പാടായി. സംഭവം ആരും കണ്ടില്ല. കൊലപാതകത്തിന് സാക്ഷികളില്ല...