ഖിബ്തികളുടെ മുഖത്ത് നോക്കാൻ ഹാറൂൻ (അ)ന് പേടി തോന്നി. നിന്റെ വർഗക്കാരൻ ആ ഖിബ്തിയെ കൊന്നു. എന്നാരെങ്കിലും വിളിച്ചു പറയുമോ?
പുറത്തിറങ്ങി നടക്കാൻ വിഷമം തോന്നി. വീട്ടിലേക്കു തന്നെ മടങ്ങി. അവിടെ ഒതുങ്ങിക്കൂടി. പിറ്റേന്ന് വന്ന വാർത്തകളാണ് ആ കുടുംബത്തെ പിടിച്ചുലച്ചുകളഞ്ഞത്. ഖിബ്ത്തിയെ കൊന്ന ഘാതകനെ തിരിച്ചറിഞ്ഞു. ഉടനെ പിടികൂടും. അങ്ങനെയൊരു വാർത്ത പട്ടണത്തിൽ പടർന്നു
"ആരാ? ആരാ?" കേട്ടവരെല്ലാം ചോദിക്കുന്നു. ആ ചോദ്യം.
ഹാറൂൻ (അ) ഉത്ക്കണ്ഠയോടെ ചോദിച്ചു: "ഖിബ്തിയുടെ ഘാതകൻ ആരാണ്..?"
ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത മറുപടി. ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല. എങ്ങനെ കേട്ട് സഹിക്കും...
ഘാതകൻ മൂസ...!!!
ഹാറൂൻ (അ) ഞെട്ടി. കുടുംബം ഒന്നാകെ ഞെട്ടി. പെണ്ണുങ്ങൾ കണ്ണീരൊഴുക്കി. അവരെ സമാധാനിപ്പിക്കുവാൻ വാക്കുകളില്ല.
ഹാറൂൻ (അ) ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു. "എന്തോ അബദ്ധം സംഭവിച്ചിരിക്കണം മൂസാക്ക് ഒരാളെ കൊല്ലാൻ കഴിയില്ല സ്നേഹസമ്പന്നരാണ്." ഹാറൂനും കുടുംബാംഗങ്ങളുമെല്ലാം നിരീക്ഷണത്തിലാണ്. പുറത്തിറങ്ങാൻ വയ്യ...
മൂസാക്ക് വേണ്ടപ്പെട്ടവരാണിവർ.
മൂസാ ഈ വീട്ടിൽ വരാറുണ്ട്. ഈ വീട്ടിലാണവൻ മുലകുടിച്ചു വളർന്നത്. ആ കുടുംബത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. ഹാറൂൻ, ഇംറാൻ, കുൽസൂം, യൂഹാനിദ് തുടങ്ങിയവരെക്കുറിച്ച് ഖിബ്ത്തികൾ സംസാരിക്കുന്നു.
മൂസയെ പിടിക്കും. വിചാരണ ചെയ്യും. വധിക്കും. അതു കേട്ട് കുടുംബാംഗങ്ങൾ നടുങ്ങിപ്പോയി. വാർത്തകൾക്കുവേണ്ടി പരക്കംപായുന്നവർ...
"മൂസ എവിടെ?" എല്ലാവരും അന്വേഷിക്കുന്നു. ഇവിടെക്കാണും. ഈ വീട്ടിൽ. ഇവിടെ അവൻ വരാറുണ്ട്. പട്ടാളം ഇറങ്ങി മൂസയെ പിടിക്കാൻ. മൂസ പോവാൻ ഇടയുളള സ്ഥലത്തെല്ലാം അവരെത്തി. പലരെയും ചോദ്യം ചെയ്തു വരുന്നു.
"മൂസ എവിടെ? എങ്ങോട്ടു പോയി..?"
പലരും ഹാറൂനെ കാണാൻ വരുന്നു. സംസാരിക്കുന്നു. എല്ലാ ഭാഗത്തുനിന്നും വരുന്ന ചോദ്യശരങ്ങൾ: "മൂസ എവിടെ..? നിനക്കതറിയാം പറയൂ..."
"ഇല്ല എനിക്കറിയില്ല. ആളുകൾ പറയുന്നത് കേട്ടാണ് ഞാൻ വിവരങ്ങളറിഞ്ഞത്."
"മൂസയെയും നിങ്ങളെയും ഒരുമിച്ചു കാണാറുണ്ട്. നിങ്ങൾ സംഭാഷണം നടത്താറുണ്ട്. പിന്നെങ്ങനെ നിങ്ങളിത് അറിഞ്ഞില്ലെന്ന് പറയും?"
"മൂസ കൊട്ടാരത്തിലാണ്. വല്ലപ്പോഴെങ്കിലുമാണ് ഇവിടെ വരുന്നത്. കൂടുതലൊന്നും അറിയില്ല." കുടുംബാംഗങ്ങൾ ഉത്ക്കണ്ഠയിൽ തന്നെ.
മൂസാക്ക് ഒന്നും സംഭവിക്കരുതേ..! പട്ടണം അരിച്ചുപെറുക്കി നോക്കി. വീടുകളിൽ പരിശോധന നടത്തി. സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എവിടെയും മൂസ ഇല്ല.
ഇനി അന്വേഷണം പുറത്തേക്ക് വ്യാപിക്കാം. ഫിർഔനിന്റെ പട്ടണത്തിൽ നിന്ന് കിഴക്കോട്ട് ഒരു പാതയുണ്ട്. സഞ്ചാരികളുടെ പാത. അതിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരിക്കുമോ?
പട്ടാളം ആ വഴിയിലൂടെ കുതിച്ചു. കുതിരകളുടെ കുളമ്പടി ശബ്ദം ഉയർന്നു.
കുറെ ദൂരം ഓടിക്കഴിഞ്ഞു. ഒരു ജംഗ്ഷൻ പാത മൂന്നായി തിരിയുന്നു. ഒന്ന് പ്രധാന പാത. രണ്ടെണ്ണം പ്രാധാന്യം കുറഞ്ഞവ. ഏതിലൂടെ പോവണം..?
"ചർച്ചയായി. മൂസ ഇതുവഴി വന്നിരിക്കാം. എങ്കിൽ മൂസാ ഏതു വഴി പോയിരിക്കും?"
"പ്രധാന വഴിയിലൂടെ പോകുമോ?"
"അതോ പ്രധാനമല്ലാത്ത വഴിയിലൂടെ പോകുമോ?"
പ്രധാന വഴിയിലൂടെ പോവാൻ ഇടയില്ല. എപ്പോഴും ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. മൂസയെ ആളുകൾ തിരിച്ചറിയും. മൂസ പ്രാധാന്യമില്ലാത്ത ഈ രണ്ട് റോഡുകളിൽ ഒന്നിലൂടെ ഓടിപ്പോയിട്ടുണ്ടാവും.
ഒരു കാര്യം ചെയ്യാം രണ്ടിലൂടെയും പട്ടാളം നീങ്ങട്ടെ..! പ്രാധാന്യം കുറഞ്ഞ രണ്ടു റോഡിലൂടെയും പട്ടാളം കുതിച്ചു. നാട്ടുകാരും പിന്നാലെ പായുന്നു.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? പ്രധാന പാതയിലൂടെയാണ് മൂസ പോയത്. അതുവഴി പോവാൻ ഫിർഔനിന്റെ പട്ടാളത്തിന് തോന്നിയില്ല.
ഒരു ദിവസം തീരുകയാണ്. സായാഹ്നമായി. സായാഹ്ന പ്രാർത്ഥനയുടെ സമയമായി. എല്ലാവരും നിരാശരാണ്. തേടിയവനെ കിട്ടിയില്ല. പട്ടണത്തിൽ ആശങ്ക വളരുകയാണ്...
മൂസക്കെന്ത് പറ്റി..?
മൂസ എവിടെ..?