രാജകൊട്ടാരം. പ്രൗഢമായ സദസ്സ്. ഫിർഔൻ സിംഹാസനത്തിലിരിക്കുന്നു. മന്ത്രിമാർ ചുറ്റുമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ, സൈന്യാധിപന്മാർ, പൗരപ്രമുഖർ.... എല്ലാവരുമുണ്ട്. പ്രത്യേക സീറ്റുകളിൽ ഇരിക്കുന്നത് ജ്യോത്സ്യന്മാരാണ്. സ്വപ്നം വ്യാഖ്യാനിക്കുന്ന വിദഗ്ധർ...
ഗാംഭീര്യം നിറഞ്ഞ അന്തരീക്ഷം.
"പറയൂ... എന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം" രാജശാസന വന്നു...
ജോത്സ്യന്മാർ പരസ്പരം നോക്കി. ആര് പറയും? സ്വപ്നത്തെക്കുറിച്ചു അവർ പരസ്പരം ചർച്ച നടത്തിയിട്ടുണ്ട്. വ്യാഖ്യാനം കണ്ടെത്തിയിട്ടുമുണ്ട്. പക്ഷെ, തുറന്നു പറയുന്നതെങ്ങനെ?
ഒട്ടും ഹിതകരമല്ലാത്ത കാര്യമാണ് പറയാനുള്ളത്...
"പറയൂ....നാം കേൾക്കട്ടെ."
ഇനി പറയാതെവയ്യ. ജോത്സ്യന്മാരുടെ പ്രമുഖൻ എഴുന്നേറ്റു. രാജാവിനെ വണങ്ങി. വിനയത്തോടെ സംസാരിച്ചു.
"സ്വപ്ന വ്യാഖ്യാനമായി പറയാനുള്ളത് ഹിതകരമല്ലാത്ത കാര്യമാണ്. ജറൂസലം പള്ളിയുടെ ഭാഗത്തുനിന്നാണ് അഗ്നിജ്വാല വന്നത്. അഗ്നി നശിപ്പിക്കും. ജറൂസലം ഇസ്രാഈല്യരുടെ ദേവാലയമാണ്. അവിടെനിന്ന് നാശം വരും. അത് നമ്മെ നശിപ്പിക്കും"
"എങ്ങനെ നാശം വരും? വ്യക്തമായി പറയൂ..."
"ഇസ്രാഈല്യരിൽ നിന്ന് ഒരു നേതാവ് ഉണ്ടായിത്തീരും. അവനിൽ നിന്ന് ശത്രുതയുടെ അഗ്നി പടരും. ആ അഗ്നി നമ്മെ നശിപ്പിക്കും."
"എപ്പോഴാണു ഉണ്ടാവുക?"
"ഉടനെയൊന്നും ഉണ്ടാവില്ല. ഒരു കുട്ടി ജനിക്കും. ജനിക്കാനിരിക്കുന്നതേയുള്ളൂ. കുട്ടി ജനിക്കാൻ ഇനിയും കുറെ വർഷങ്ങൾ പിടിക്കും. വർഷങ്ങൾക്കും ശേഷം കുട്ടി ജനിക്കും. വളർന്നു വലുതാവും. അവൻ കാരണം നാം നശിക്കും. കുറെക്കാലത്തേക്ക് കുഴപ്പങ്ങളൊന്നുമില്ല."
ഫിർഔനിന്റെ മുഖം കോപംകൊണ്ട് തുടുത്തു. "ഇസ്രാഈല്യർ... നീച വർഗം. അവർക്കിനി ആൺകുട്ടികൾ പിറക്കില്ല. അക്കാര്യം തീർച്ചയാണ്." മഹാരാജാവ് കോപത്തോടെ സംസാരിക്കുന്നു.
കുറച്ചു സമയം കഴിഞ്ഞ് രാജസദസ്സ് പിരിഞ്ഞു. എല്ലാവരും മടങ്ങിപ്പോയി. ഫിർഔനും ഹാമാനും ഇടക്കിടെ കാണും. ഗൗരവമായി ചർച്ച നടത്തും. ഇസ്രാഈലി സ്ത്രീകൾ ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഉടനെ കൊന്നുകളയണം. അതിന്റെ സാധ്യതകളെക്കുറിച്ചാണ് ചർച്ച.
ഇസ്രാഈല്യരുടെ വീടുകൾ നിരീക്ഷണത്തിലായി. ഗർഭിണികളുടെ കണക്കെടുത്തു. അവിടെ നിരീക്ഷകരെ നിയോഗിച്ചു. ഗർഭിണികൾ ആശങ്കയിലായി. ആൺകുഞ്ഞ് പിറക്കുമോ എന്ന ഭയം...
ഗർഭം തികഞ്ഞു വരികയാണ്. സർക്കാർ വക നഴ്സുമാരെത്തി. അവരാണ് പ്രസവമെടുക്കുക. പ്രസവം കഴിഞ്ഞ ഉടനെ അവർ റിപ്പോർട്ട് നൽകും.
ആൺകുഞ്ഞാണെങ്കിൽ എടുത്തുമാറ്റും. പ്രത്യേക രീതിയിൽ വധിച്ചു കളയും.
പെൺകുഞ്ഞാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യും. ചുമതല അത്രമാത്രം. അത് കഴിഞ്ഞ് നഴ്സ് സ്ഥലം വിടും. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഉമ്മമാർ. അവരുടെ സങ്കടം ആരറിയാൻ. ഒന്നുറക്കെ കരയാനുള്ള സ്വാതന്ത്ര്യംപോലും അവർക്കില്ല. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ശബ്ദമില്ലാതെ വിങ്ങിക്കരഞ്ഞു...
ഫിർഔനിന്റെ പട്ടാളത്തിൽ ഇസ്രാഈല്യരെയും ചേർത്തിട്ടുണ്ട്. മിക്കവരും പാറാവുകാരാണ്. ഭാരിച്ച ജോലിയുള്ള തസ്തികകളിലും അവരുണ്ടാവും. കുറഞ്ഞ വേതനം. ഭാരിച്ച ജോലി. അതാണവരുടെ അവസ്ഥ.
ഇസ്രാഈല്യർക്കിടയിലെ ഒരു പൗരപ്രമുഖനാണ് ഇംറാൻ. ഇംറാന്റെ ഭാര്യ ഒരു കുലീന വനിതയാണ്. ഉന്നത തറവാട്ടിൽ ജനിച്ചു വളർന്നവരാണ്. പേര് യൂഹാനിദ്. ഇംറാൻ നല്ല ആരോഗ്യമുള്ള ബുദ്ധിമാനായ ചെറുപ്പക്കാരനാണ്. അതുകാരണം പട്ടാളത്തിൽ ജോലി കിട്ടി. ഭേദപ്പെട്ട ശമ്പളമുണ്ട്. നല്ല രീതിയിൽ കുടുംബജീവിതം നടന്നുപോവുന്നു...