ആ സമൂഹത്തെ അല്ലാഹു ﷻ വേദഗ്രന്ഥം നൽകി ആദരിക്കുകയാണ്. തൗറാത്ത് സ്വീകരിക്കാൻ മൂസാ(അ) പോവുകയാണ്.
ഇസ്രാഈല്യരുടെ കാര്യം മുഴുവൻ ഹാറൂൻ (അ)നെ ഏൽപിച്ചു. സഹായത്തിന് യൂശഅ്, കാലബ് എന്നിവരുമുണ്ട്. ഈ സമയത്താണ് സാമിരി രംഗത്ത് വരുന്നത്. സ്വർണപ്പണിക്കാരൻ. സ്വർണംകൊണ്ട് പശുക്കുട്ടിയെ ഉണ്ടാക്കി. അതിന്റെ ഭംഗി കണ്ട് ആളുകൾ ചുറ്റും കൂടി.
പശുക്കുട്ടി മുക്രയിടുന്നു. ആ ശബ്ദത്തിനു പിന്നിൽ ഒരു സൂത്രമുണ്ട്. അത് പുറത്തുവിട്ടില്ല. ഹാറൂൻ (അ) ഓടിയെത്തി സാമിരിയെ ഉപദേശിച്ചു. ഈ പശുക്കുട്ടിയെ നശിപ്പിക്കണം. ഇത് ജനങ്ങളുടെ ഈമാൻ കളങ്കപ്പെടുത്തും.
സാമിരിക്കും അതാണാവശ്യം. ജനങ്ങൾ പശുക്കുട്ടിയെ ആരാധിക്കണം. ഹാറൂൻ (അ) ഏറ്റവും പ്രയാസപ്പെട്ട സമയമാണത്. ഒരു കൂട്ടർ പശുക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി. അവരെ പിന്തിരിപ്പിക്കാൻ ഹാറൂൻ (അ) നന്നായി ശ്രമിച്ചു. ജനം അക്രമാസക്തരായി.
അവരെ നേരിടാൻ മറ്റൊരു വിഭാഗം ഇറങ്ങി. ആഭ്യന്തര ലഹളയുടെ വക്കിലെത്തി. ഹാറൂൻ (അ) വല്ലാതെ വിഷമിച്ചുപോയി. ഇരുകൂട്ടരെയും സമാധാനിപ്പിക്കാൻ കഠിന യത്നം നടത്തി.
മൂസാ(അ) സീനാ പർവതത്തിലെത്തി. "അപ്പോൾ അല്ലാഹുﷻവിന്റെ ചോദ്യം വന്നു നിന്റെ ജനതയെ വഴിയിൽ വിട്ടിട്ട് നീ ഇത്രയും ധൃതിപ്പെട്ടു. വന്നതെന്തിനാണ്?"
"നിന്റെ തൃപ്തി നേടാനായി ഞാൻ നിന്നിലേക്ക് ധൃതിപ്പെട്ടു വന്നതാണ്."
"എന്നാൽ കേട്ടുകൊള്ളുക നീ പോന്ന ശേഷം സാമിരി നിന്റെ ജനതയെ വഴിതെറ്റിച്ചുകളഞ്ഞു."
മൂസാ(അ) ഞെട്ടിപ്പോയി. എന്തൊരു വാർത്തയാണിത്. ഹാറൂൻ (അ) അതീവ ദുഃഖിതനും നിരാശനുമായി. എന്ത് പറഞ്ഞിട്ടും ജനങ്ങൾ കേൾക്കുന്നില്ല. അനുസരിക്കുന്നില്ല. കൂടുതൽ കൂടുതൽ ആളുകൾ ബിംബാരാധനയിലേക്ക് നീങ്ങുകയാണ്.
മൂസാ നബി (അ) വരുമ്പോൾ എന്ത് മറുപടി പറയും? തൗറാത്ത് വാങ്ങാൻ പോയതാണ്. തൗറാത്തും വാങ്ങി സന്തോഷത്തോടെ തിരിച്ചു വരേണ്ടതാണ്. ഈ ജനത തൗറാത്തിനെ ബഹുമാനപൂർവം സ്വീകരിക്കേണ്ടതാണ്. എന്നിട്ടവർ എന്താണ് ചെയ്തത്..?
പശുക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി. തൗറാത്തുമായി വരുമ്പോൾ എന്തായിരിക്കും അവസ്ഥ. ഹാറൂൻ (അ)ന് ഊണും ഉറക്കവുമില്ല. പ്രവാചകന്റെ വാക്കുകൾ ജനം സ്വീകരിക്കുന്നില്ല. ദുഷ്ടനായ സാമിരിയെ സ്വീകരിക്കുന്നു. ജനതയെ എങ്ങനെ നന്നാക്കിയെടുക്കും..?
നിരാശയും, ദുഃഖവും കോപവുമായി മൂസാ(അ) തിരിച്ചെത്തി. തൗറാത്തിന്റെ പലകകൾ താഴെയിട്ടു. ജനങ്ങളോട് കോപവും നിരാശയും കലർന്ന സ്വരത്തിൽ സംസാരിച്ചു
"എന്തുപറ്റി നിങ്ങൾക്ക്? എന്നോട് പറഞ്ഞ വാക്കുകൾ എവിടെ? അല്ലാഹു ﷻ അല്ലേ നിങ്ങളുടെ രക്ഷകൻ? അവനല്ലേ നിങ്ങളെ കടൽ കടത്തിവിട്ടവൻ? നിങ്ങൾ അവനെയല്ലേ ആരാധിക്കേണ്ടത്?
നിങ്ങളെന്തിന് പശുക്കുട്ടിയെ ആരാധിച്ചു..?"
ജനത്തിന്റെ മറുപടി ഇത്രമാത്രം. "സാമിരി പറഞ്ഞു ഞങ്ങളനുസരിച്ചു." മൂസാ(അ) കോപത്തോടെ സഹോദരന്റെ നേരെ തിരിഞ്ഞു. "നിങ്ങളിവിടെ എന്തെടുക്കുകയായിരുന്നു? ഈ ജനത തൗഹീദ് വിടുമ്പോൾ നിങ്ങളെന്തുകൊണ്ട് തടഞ്ഞില്ല." കോപം വർധിച്ചപ്പോൾ ഹാറൂൻ (അ)ന്റെ താടിയിൽ പിടിച്ചു വലിച്ചു. എന്തൊരു വേദന.
"എന്റെ മാതൃപുത്രാ എന്നെ വിടൂ. ഞാൻ ശ്രമിച്ചു നോക്കി. നന്നായി ശ്രമിച്ചു. ഇസ്രാഈലി സമൂഹം ഞാൻ കാരണം ഭിന്നിച്ചുപോകുമോ എന്നുവരെ ഞാൻ ഭയന്നുപോയി."
ഹാറൂൻ (അ) സംഭവങ്ങൾ വിശദീകരിച്ചു. അത് കേട്ടപ്പോൾ മൂസാ(അ) ശാന്തനായി. സാമിരിയെ ശരിക്ക് ശാസിച്ചു. സ്വർണത്തിൽ തീർത്ത പശുക്കുട്ടിയെ നശിപ്പിച്ചു കളഞ്ഞു.
സാമിരിക്ക് ഇനി ആ സമൂഹത്തിൽ സ്ഥാനമില്ല. കാട് കയറിപ്പോയി ഒറ്റപ്പെട്ട ജീവിതം. ഉമ്മമാർ ആൺകുട്ടികളെ പ്രസവിച്ചാൽ രഹസ്യമായി കാട്ടിൽ ഉപേക്ഷിക്കുന്ന കാലം. ഫിർഔൻ കൊല്ലാതിരിക്കാനാണത്. ആ കുട്ടികളെ മലക്കുകൾ വളർത്തി. അത്തരം ഒരു കുട്ടിയായിരുന്നു സാമിരി. ജിബ്രീൽ (അ) പാൽ കൊടുത്തു വളർത്തി. എന്നിട്ടും പിഴച്ചുപോയി. ജിബ്രീലിന്റെ പാദം പതിഞ്ഞ മണ്ണ് എടുത്ത് പശുക്കുട്ടിയുടെ ഉള്ളിലിട്ടു. അപ്പോൾ അത് മുക്രയിട്ടു.
ഹാറൂൻ (അ)ന്റെ ത്യാഗത്തെ സൂചിപ്പിക്കുന്ന ചില വചനങ്ങൾ ശ്രദ്ധിക്കുക. (മൂസാ മടങ്ങിവരുന്നതിന്) മുമ്പുതന്നെ ഹാറൂൻ (അ) അവരോട് പറഞ്ഞിരുന്നു:
"എന്റെ ജനങ്ങളേ ഈ പശുക്കുട്ടി മൂലം നിങ്ങൾ പരീക്ഷിക്കപ്പെട്ടിരിക്കുക തന്നെയാണ്. നിശ്ചയമായും നിങ്ങളുടെ റബ്ബ് കാരുണ്യവാനായ അല്ലാഹു ﷻ ആകുന്നു. അതുകൊണ്ട് എന്നെ നിങ്ങൾ പിൻപറ്റുകയും എന്റെ കൽപ്പന അനുസരിക്കുകയും ചെയ്യുക." (20:90)
ഹാറൂൻ (അ) ന്റെ വ്യക്തിത്വം വെളിവാക്കുന്ന പുണ്യ വചനമാണിത്. അല്ലാഹു ﷻ കാരുണ്യവാനാണെന്ന് ഓർമപ്പെടുത്തുന്നു. പശുക്കുട്ടി പരീക്ഷണമാണെന്ന് പറയുന്നു. ജനം സ്വീകരിക്കുന്നില്ല...
മറ്റൊരു വചനം ശ്രദ്ധിക്കുക: "മൂസാനബി(അ) ചോദിച്ചു: ഓ... ഹാറൂൻ ഇവർ വഴിപിഴച്ചതായി കണ്ടപ്പോൾ, എന്നെ പിൻതുടരുന്നതിൽ നിന്ന് നിങ്ങളെ തടസ്സപ്പെടുത്തിയതെന്തായിരുന്നു?" (20:92)
"എന്റെ കൽപ്പന നിങ്ങൾ മനഃപൂർവം ലംഘിച്ചത് തന്നെയാണോ?"(20:93)
"ഹാറൂൻ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീ എന്റെ താടിയും തലമുടിയും പിടിക്കരുത്. ഇസ്രാഈൽ സന്തതികൾക്കിടയിൽ നിങ്ങൾ ഭിന്നിപ്പുണ്ടാക്കിയെന്നും എന്റെ വാക്കുകൾ നിങ്ങൾ ഗൗനിച്ചില്ല എന്നും എന്നെപ്പറ്റി നീ പറയുമെന്ന് ഞാൻ തീർച്ചയായും ഭയപ്പെട്ടു." (20:94)
ഹാറൂൻ (അ) തന്റെ നിരപരാധിത്വം തുറന്നു പറഞ്ഞു. ഞാൻ എന്റെ ദൗത്യം നിർവഹിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾ ഭിന്നിച്ചു പോകുമെന്ന ഭയം വന്നപ്പോൾ ഞാൻ കർക്കശ നിലപാട് സ്വീകരിച്ചില്ല എന്നേയുള്ളൂ. നിന്റെ വാക്കുകൾ ഗൗനിച്ചില്ല എന്നു പറയരുത്. ഞാനത് ഗൗനിച്ചിട്ടുണ്ട്.