Saturday - 13 June, 2026 26-Dhu al-Hijjah-1447

മഹാനായ പുത്രൻ (2)

   അയ്യൂബ് (അ)ന്റെ പത്നി ചരിത്രത്തിൽ ഇടംനേടിയ പുണ്യവനിതയാണ്. യൂസുഫ് നബി (അ)ന്റെ പൗത്രി റഹ്മ (റ). ഭർത്താവാണ്. തന്റെ ജീവൻ ജീവിതാവസാനംവരെ കൂടെ നിൽക്കും. ആ നിശ്ചയദാർഢ്യത്തിൽ റഹ്മ (റ) കാലം നീങ്ങിക്കൊണ്ടിരുന്നു. ധനികനായ അയ്യൂബ് (അ) ദരിദ്രനായിത്തീർന്നു. വലിയ വീട് പോയി. സേവകന്മാർ വിടപറഞ്ഞു. ബന്ധുക്കൾ അകന്നു. ഭാര്യയും ഭർത്താവും പുത്രനും മാത്രം. കൂട്ടിന് ദാരിദ്ര്യവും പട്ടിണിയും... 


 ദുസ്സഹമായിവരുന്ന ഏകാന്തത. രോഗം വരുന്നു. മാരക രോഗം. ശരീരമാകെ വൃണങ്ങൾ. പൊട്ടിയൊലിക്കുന്ന അവസ്ഥ. മനുഷ്യർ കാണാൻ മടിക്കുന്ന രോഗം. ജനവാസമില്ലാത്ത ഭാഗത്തേക്ക് മാറിത്താമസിച്ചു കൊടും പരീക്ഷണത്തിന്റെ നാളുകൾ. റഹ്മ ദൂരെ ജോലിക്കു പോയാൽ എന്തെങ്കിലും കിട്ടും. ഏഴ് വർഷങ്ങൾ ഈ നിലയിൽ കടന്നുപോയി... 


 ഇനി നിലമാറുകയാണ്. ദുരിതം നീങ്ങുകയാണ്. അല്ലാഹുﷻവിന്റെ കൽപന വന്നു. കാലുകൊണ്ട് നിലത്തടിക്കുക. കാലുകൊണ്ട് നിലത്തടിച്ചു. ഉറവ പൊട്ടിയൊഴുകി. എന്തൊരു തെളിനീർ. കൽപനപോലെ വെള്ളം കോരിക്കുടിച്ചു. വേദന കുറഞ്ഞു ആശ്വാസം വന്നു. ആ വെള്ളത്തിൽ നന്നായി കുളിച്ചു വ്രണങ്ങളെല്ലാം പോയി. സുമുഖനായ മനുഷ്യനായി. പഴയ അയ്യൂബ് തിരിച്ചെത്തി... 


 ആഹാരം തേടിപ്പോയ ഭാര്യ തിരിച്ചെത്തി. പുതിയ അയ്യൂബിനെക്കണ്ട് ആശ്ചര്യപ്പെട്ടു. പഴയതിലേക്കുള്ള മടക്കം. ഭാര്യയും ഭർത്താവും ഏക പുത്രനുമടങ്ങുന്ന കുടുംബം. കൃഷി തുടങ്ങി. കാലി വളർത്താൻ തുടങ്ങി. ഐശ്വര്യം വരവായി. അകന്നുപോയവർ അടുത്തുകൂടി. പഴയതിനെക്കാൾ ഇരട്ടി പ്രതാപം... 


 ഏക പുത്രന്റെ സാമീപ്യമാണ് ആശ്വാസം. സമ്പത്ത് വരും പോകും. സൽകർമ്മങ്ങൾ ബാക്കിയാകും. തന്റെ പിൻഗാമിയായി പ്രിയ പുത്രനുണ്ട്. തൊണ്ണൂറ്റിമൂന്നു വയസ്സായി പോകാൻ സമയമായി. ഒരുനാൾ അന്നാട്ടുകാർ ആ വാർത്ത കേട്ടു അയ്യൂബ് (അ) വഫാത്തായി. മരണാനന്തര കർമങ്ങൾക്ക് മോൻ നേതൃത്വം നൽകി. പിതാവ് മണ്ണിലേക്കു മടങ്ങി.  ബിശ്റിനെ അല്ലാഹു ﷻ നബിയായി നിയോഗിച്ചു. അതോടെ പേരും മാറി. ഇപ്പോഴത്തെ പേര് ദുൽകിഫ്ലി...  


 ദുൽകിഫ്ലി (അ) സത്യമത പ്രബോധനം തുടങ്ങി. ദുൽകിഫ്ലി(അ)നെക്കുറിച്ച് ഒരു റിപ്പോർട്ടിൽ വന്ന സംഭവം ഇങ്ങനെയായിരുന്നു: ഒരു പ്രവാചകൻ സംസാരിച്ചുകൊണ്ടാരിക്കുന്നു. ചുറ്റും കുറെയാളുകൾ കൂടിയിട്ടുണ്ട്. അല്ലാഹുﷻവിന് ആരാധന നിർവഹിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പകൽ നോമ്പനുഷ്ഠിക്കുക. രാത്രി സുന്നത്ത് നിസ്കരിക്കുക. ഇതിന്റെ ശ്രേഷ്ഠതയാണ് വിവരിക്കുന്നത്. ദീർഘമായ വിശദീകരണത്തിന് ശേഷം പ്രവാചകൻ ചോദിച്ചു.  


"പകൽ സമയം നോമ്പ് നോൽക്കാനും രാത്രി നിന്ന് നിസ്കരിക്കാനും തയ്യാറുള്ളവർ നിങ്ങളുടെ കൂട്ടത്തിൽ ആരാണുള്ളത്..?" 


എല്ലാവരും പരസ്പരം നോക്കുന്നതേയുള്ളൂ ആരും എഴുന്നേൽക്കുന്നില്ല. ഒരു യുവാവ് എഴുന്നേറ്റുനിന്നു. എല്ലാവർക്കും സുപരിചിതനായ യുവാവ്. കുറച്ചു കഴിഞ്ഞ് യുവാവ് ഇരുന്നു. 


"പകൽ സമയം നോമ്പെടുക്കാനും രാത്രിയിൽ വളരെ നേരം സുന്നത്ത് നിസ്കരിക്കാനും തയ്യാറുള്ളവർ ആരുണ്ട്?" 

 

ഇത്തവണയും ആ യുവാവ് എഴുന്നേറ്റുനിന്നു. അൽപം കഴിഞ്ഞ് ഇരിക്കുകയും ചെയ്തു. 


"പകൽ നോമ്പെടുക്കുക രാത്രി നിസ്കരിക്കുക ആരാണ് തയ്യാറുള്ളത്? തയ്യാറുള്ളവർ ഞാനുമായി കരാർ ചെയ്യണം."  


ആരും എണീറ്റില്ല. യുവാവ് എഴുന്നേറ്റു. മൂന്നു തവണയും ഒരേ യുവാവ് എഴുന്നേറ്റുനിന്നു. പ്രവാചകന് സന്തോഷമായി. യുവാവിനെ പ്രവാചകൻ അനുമോദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.  


പ്രവാചകൻ ഇങ്ങനെ ഉപദേശിച്ചു: "നീ കരാർ പാലിക്കണം. പകൽ നോമ്പെടുക്കണം. രാത്രി നിസ്കരിക്കണം. ഒരു കാര്യം കൂടി. കോപിക്കരുത്. ആ യുവാവ് ദുൽകിഫ്ലി (അ)ആയിരുന്നു. കരാർ നിർവഹിച്ചു എന്ന അർത്ഥത്തിൽ ദുൽകിഫ്ലി (അ) എന്ന പേർ കിട്ടി. മീതെ സൂചിപ്പിച്ച പ്രവാചകന്റെ മരണശേഷം ദുൽകിഫ്ലി പ്രവാചകനായിത്തീർന്നു.  ദേഷ്യംപിടിക്കാത്ത മഹാപ്രവാചകൻ...