Saturday - 13 June, 2026 26-Dhu al-Hijjah-1447

മഹാനായ പുത്രൻ (1)

   ദുൽകിഫ്ലി (അ)...

 ഇസ്രാഈലി സമൂഹത്തിലേക്ക് അല്ലാഹുﷻ നിയോഗിച്ച മഹാപ്രവാചകൻ. ഈ പ്രവാചകനെപ്പറ്റി വലിയ വിശദീകരണങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. ചരിത്ര പണ്ഡിതന്മാർ ചെറിയ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അവരിൽ ചിലർ പറയുന്നതിങ്ങനെയാകുന്നു... 


 ദുൽകിഫ്ലി (അ) അവർകൾ അയ്യൂബ് (അ)ന്റെ പുത്രനാകുന്നു. അയ്യൂബ് (അ)ന്റെ പിന്നാലെ വന്ന പ്രവാചകനാണ് ദുൽകിഫ്ലി (അ) എന്ന് പലരും രേഖപ്പെടുത്തുന്നു. 


 മാതാപിതാക്കൾ കുഞ്ഞിന് നൽകിയ പേര് ബിശ്റ് എന്നായിരുന്നു. ദുൽകിഫ്ലി (അ)ന്റെ മനസ്സിൽ അയ്യൂബ് നബി (അ)നെക്കുറിച്ചുള്ള എന്തെല്ലാം ഓർമ്മകൾ തെളിഞ്ഞുനിന്നിട്ടുണ്ടാവണം. ക്ഷമാശീലരെക്കുറിച്ച് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. അയ്യൂബ് നബിയെപ്പോലുള്ള ക്ഷമ. ചരിത്രത്തിൽ ഇടം നേടിയ ക്ഷമയാണത്. 


 അല്ലാഹുﷻവിന്റെ കടുത്ത പരീക്ഷണങ്ങൾ നേരിട്ട പ്രവാചകനാണ്. ആദ്യം സമ്പത്ത്, സന്താനങ്ങൾ, ആരോഗ്യം, സ്വാധീനം, പദവികൾ എന്നിവകൊണ്ടായിരുന്നു പരീക്ഷണം. പിന്നെ രോഗം, ഏകാന്തത, പട്ടിണി, വേദനകൾ, സന്താന നഷ്ടം, ദാരിദ്ര്യം എന്നിവകൊണ്ട് പരീക്ഷണം. വർഷങ്ങളോളം ഈ അവസ്ഥ തുടരുക. വീണ്ടും പഴയ അവസ്ഥ കൂടുതൽ മെച്ചപ്പെട്ട നിലയിൽ മടങ്ങിവരിക. ക്ഷമയുടെ പ്രതിഫലം ലോകം നോക്കിക്കാണുക. ഇവ നന്നായി കണ്ടറിഞ്ഞ ആളാണ് ദുൽകിഫ്ലി (അ)... 


 റോം സ്വദേശിയായിരുന്നു അയ്യൂബ് (അ). പേരെടുത്ത തറവാട്ടിലാണ് ജനനം. ആരോഗ്യവും സൗന്ദര്യവുമുള്ള യുവാവ്. അല്ലാഹു ﷻ അയ്യൂബിനെ പ്രവാചകനായി നിയോഗിച്ചു. വളരെയേറെ കൃഷിനിലങ്ങളുടെ ഉടമായാണ് അയ്യൂബ് (അ). വിശാലമായ ഗോതമ്പ് വയലുകൾ കൊയ്തെടുക്കാൻ കുറെ ആഴ്ചകൾ പിടിക്കും. നൂറുക്കണക്കിൽ തൊഴിലാളികൾ പണിയെടുക്കും. ധാന്യം കളങ്ങളിൽ കൂട്ടിയിട്ടത് കണ്ടാൽ അതിശയംകൊണ്ട് മൂക്കത്ത് വിരൽ വെച്ച് പോകും. 


 കന്നുകാലികൾക്കും കണക്കില്ല. അവയങ്ങനെ പെറ്റ് പെരുകുകയാണ്.  പട്ടിണിപ്പാവങ്ങൾ കൂട്ടത്തോടെ വരും. എല്ലാവർക്കും ധാന്യം നൽകും. കാലികളെ ധാരാളമായി ധാനം ചെയ്യും. സന്താന സമ്പത്ത് എടുത്ത് പറയേണ്ടതാണ്. യോഗ്യരായ പുത്രന്മാർ. ആരോഗ്യമുള്ള സുന്ദരന്മാർ. ഓരോ  കുട്ടിയുടെ ജനനവും വലിയ സന്തോഷം നൽകിക്കൊണ്ടിരുന്നു. സമൃദ്ധിയുടെ മധ്യത്തിലാണ് ആ പൊന്നുമോൻ ജനിച്ചത്. ബിശ്റ് മോൻ... 


 മക്കളെയെല്ലാം ലാളിച്ചു വളർത്തി. ആവശ്യമായ വിദ്യ നൽകി. യോഗ്യരാക്കി. ഈ നില ഏറെക്കാലം നീണ്ടുനിന്നില്ല. പരീക്ഷണ ഘട്ടം വരികയായി. ഐശ്വര്യം നീങ്ങിത്തുടങ്ങി. കൃഷിഭൂമികൾ കൈവിട്ടുപോയി. കാലികൾ പലരുടെയും കൈവശമായി. കുറെ ചത്തൊടുങ്ങി. മക്കൾ ഓരോരുത്തരായി മരിച്ചു തീർന്നു. ഒരു മകനൊഴികെ. ബിശ്റ് മോൻ... 


 അയ്യൂബ് (അ)ന്റെ പത്നി ചരിത്രത്തിൽ ഇടംനേടിയ പുണ്യവനിതയാണ്. യൂസുഫ് നബി (അ)ന്റെ പൗത്രി റഹ്മ (റ). ഭർത്താവാണ്. തന്റെ ജീവൻ ജീവിതാവസാനംവരെ കൂടെ നിൽക്കും ആ നിശ്ചയദാർഢ്യത്തിലാണ് റഹ്മ  (റ) കാലം നീങ്ങിക്കൊണ്ടിരുന്നു. ധനികനായ അയ്യൂബ് (അ) ദരിദ്രനായിത്തീർന്നു. വലിയ വീട് പോയി. സേവകന്മാർ വിടപറഞ്ഞു. ബന്ധുക്കൾ അകന്നു. ഭാര്യയും ഭർത്താവും പുത്രനും മാത്രം. കൂട്ടിന് ദാരിദ്ര്യവും പട്ടിണിയും...