Saturday - 13 June, 2026 26-Dhu al-Hijjah-1447

ക്ഷമയുടെ ദൂതൻ (1)

   സൂറത്ത് അമ്പിയാഇൽ ദുൽകിഫ്ലി (അ) നെക്കുറിച്ച് പരാമർശമുണ്ട്. അയ്യൂബ് നബി  (അ) നെക്കുറിച്ച് പറഞ്ഞ ഉടനെയാണ് ഈ പരാമർശം. അയ്യൂബ് (അ) ന്റെ രോഗവും കഷ്ടപ്പാടുകളും ഏഴ് വർഷം നീണ്ടു നിന്നു. അപ്പോൾ പ്രവാചകന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വാചകം പുറത്തുവന്നു. 


"റബ്ബേ! എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവനാണല്ലോ."


 ഈ സംഭവം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:  "അയ്യൂബിനെയും ഓർക്കുക; നിശ്ചയമായും എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവനാണ് എന്ന് അദ്ദേഹം തന്റെ റബ്ബിനോട് പ്രാർത്ഥിച്ച സന്ദർഭം." (21:83)


"അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും തന്നെ ബാധിച്ച കഷ്ടപ്പാടുകളെല്ലാം അകറ്റിക്കളയുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള ഒരു  കാരുണ്യവും നമുക്ക് ഇബാദത്ത് ചെയ്യുന്നവർക്ക് ഒരു പാഠവുമായിക്കൊണ്ട്. സ്വന്തം വീട്ടുകാരെയും അത്ര പേരെ വേറെയും അദ്ദേഹത്തിന് നാം നൽകുകയുണ്ടായി." (21:84)


 അയ്യൂബ് (അ) ന് രോഗം വർദ്ധിച്ച് ഏഴ് വർഷം കഴിഞ്ഞപ്പോൾ തന്റെ ബുദ്ധിമുട്ടിനെക്കുറിച്ചു അല്ലാഹുﷻവിനു മുമ്പിൽ ഒന്നു സൂചിപ്പിച്ചു. ഏറെ കഴിഞ്ഞില്ല അത്ഭുതകരമായി ആശ്വാസം കിട്ടി. അകന്നു പോയ ബന്ധുക്കൾ അടുത്തു. അങ്ങനെ പറഞ്ഞാൽ പോര പഴയ ബന്ധുക്കളുടെ ഇരട്ടി തിരിച്ചു കിട്ടി. ഐശ്വര്യവും ഇരട്ടിയായി. കൃഷിയും നാൽക്കാലി സമ്പത്തും ആ നിലയിൽ വർദ്ധിച്ചു. അല്ലാഹുﷻവിന് ആരാധന നടത്തുന്ന ആളുകൾക്ക് ഇതിൽ വലിയ പാഠമുണ്ടെന്ന് അല്ലാഹു ﷻ വ്യക്തമാക്കി... 


 ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ വരും. എല്ലാം പരീക്ഷണമാണെന്ന് മനസ്സിലാക്കണം. പരീക്ഷണങ്ങളിൽ വിജയിക്കണം. പതറിപ്പോവരുത്. അയ്യൂബ് (അ)ന്റെ ജീവിതം നമുക്കു വലിയ പാഠമാണെന്ന് അല്ലാഹുﷻ പറഞ്ഞുതന്നിരുന്നു. ഇത് പറഞ്ഞ ഉടനെ ദുൽകിഫ്ലി (അ)നെ അനുസ്മരിക്കുന്നു അത് ശ്രദ്ധിക്കുക:  


"ഇസ്മാഈൽ (അ), ഇദ്രീസ്(അ), ദുൽകിഫ്ലി(അ) എന്നിവരെയും ഓർക്കുക. ഇവരെല്ലാം ക്ഷമാശീലരിൽ പെട്ടവരായിരുന്നു." (21:85)


"നമ്മുടെ കാരുണ്യത്തിൽ അവരെ പ്രവേശിപ്പിക്കുകയും ചെയ്തു. നിശ്ചയമായും അവരെല്ലാം സദ് വൃത്തരിൽ പെട്ടവരായിരുന്നു." (21:86)


 ക്ഷമാശീലനത്തിന് പേരുകേട്ട മൂന്നു പ്രവാചകന്മാരുടെ പേരുകളാണ് അനുസ്മരിച്ചത്. ഇസ്മാഈൽ (അ), ഇദ്രീസ് (അ), ദുൽകിഫ്ലി (അ). അവരുടെ ക്ഷമാശീലം അല്ലാഹു ﷻ അംഗീകരിച്ചു. പ്രശംസിച്ചു. അതിന്റെ പ്രതിഫലം പരലോകത്തെത്തുമ്പോൾ നമുക്ക് കാണാം. ആ ക്ഷമ നാം മാതൃകയാക്കണം. അതിനു വേണ്ടിയാണ് വിശുദ്ധ ഖുർആനിൽ അത് എടുത്ത് പറഞ്ഞത്...


മറ്റൊരു പ്രശംസാ വചനം കൂടി നാം കണ്ടു കഴിഞ്ഞു.  ഈ മൂന്നു പേരും സ്വാലിഹീങ്ങളായിരുന്നു. മൂവരേയും നാം  നമ്മുടെ റഹ്മത്തിൽ പ്രവേശിപ്പിച്ചു. അവരെ അനുഗ്രഹങ്ങൾ പൊതിഞ്ഞു.  നിരവധി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പിതാവിനെയും പുത്രനെയുമാണ് നാമിവിടെ കാണുന്നത്.