മനുഷ്യനെ നേർമാർഗത്തിലൂടെ വഴിനടത്താൻ അല്ലാഹുﷻവിന്റെ പ്രതിനിധികളായി വന്നവരാണ് പ്രവാചകന്മാർ. ആദം നബി (അ) മുതൽ അന്ത്യപ്രവാചകർ വരെ ഒന്നേകാൽ ലക്ഷത്തോളം ദൂതന്മാർ തങ്ങളുടെ ജനതയെ നന്മയിലേക്കു നയിച്ചു...
പ്രബോധനത്തിനിടയിൽ അവർ സഹിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ചിലർ കൊല്ലപ്പെട്ടു. മറ്റു ചിലർ മൃഗീയമായി അക്രമിക്കപ്പെട്ടു. എന്നാൽ അല്ലാഹുﷻവിന്റെ വജ്ഹിനെ ലക്ഷ്യമാക്കി അവർ എല്ലാം സഹിച്ചു...
അക്രമവും ധിക്കാരവും സഹിക്കവയ്യാതെ അല്ലാഹുﷻവിന്റെ കടുത്ത ശാപം ഏറ്റുവാങ്ങിയ വിഭാഗവും ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഖുർആന്റെ ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുമ്പോൾ ആ സത്യം നമുക്ക് വ്യക്തമാകും.
എന്നാൽ.., ഇന്ന് മനുഷ്യൻ വളരെ ധിക്കാരികളായി കഴിയുന്നു. ഒരുവേള പ്രബോധകർ പോലും അല്ലാഹുﷻവിനെ മറന്ന് ജീവിക്കുന്നു. സത്യത്തിൽ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ യുടെ പ്രാർത്ഥന കാരണമായി നാഥൻ നമ്മെ സംരക്ഷിക്കുന്നു എന്ന് വേണം പറയാൻ...
ഇസ്രാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട അഞ്ചു പ്രവാചകന്മാർ. അവരുടെ ചരിത്രത്തിൽ നിന്ന് പിൻതലമുറക്കാർക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അല്ലാഹുﷻവിന്റെ കൽപനകൾ പാലിച്ചു ജീവിക്കാൻ തയ്യാറായപ്പോൾ അവർക്കു ലഭിച്ച അനുഗ്രഹങ്ങൾക്കു കണക്കില്ല.
അനുഗ്രഹങ്ങൾ ഏറെ ലഭിച്ചപ്പോൾ അവർ അഹങ്കാരികളായി മാറി. പിശാച് കാണിച്ച വഴിയിലൂടെ നീങ്ങി. പ്രവാചകന്മാരെ അവഗണിച്ചു. അവഹേളിച്ചു. ഉപദ്രവിച്ചു.
ശഅ് യാഅ് (അ)നെ ക്രൂരമായി വധിച്ചു കളഞ്ഞു. അർമിയാഹ് (അ)നെ കാരാഗ്രഹത്തിലടച്ചു.
അഹങ്കാരം അതിര് വിട്ടപ്പോൾ ശിക്ഷയിറങ്ങി. വേദനാജനകമായ ശിക്ഷ ഏറ്റുവാങ്ങിയപ്പോൾ നല്ലവരായിമാറി. ഇതാണവരുടെ പ്രകൃതി. നമ്മുടെ ജീവിതം സംശുദ്ധമാക്കാൻ ഈ ചരിത്രം സഹായകമായിത്തീരട്ടെ!... ആമീൻ