അതാ നദികൾ മുമ്പിൽ കാണുന്നു. പതിനായിരക്കണക്കായ ഇസ്രാഈല്യർ ആവേശഭരിതരായി നദിയിലേക്കോടാൻ തയ്യാറായി. ത്വാലൂത്ത് രാജാവ് അവരെ തടഞ്ഞുനിർത്തി. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.
"ജനങ്ങളേ നിങ്ങൾ ധൃതികൂട്ടരുത്. ഈ നദിയിലെ വെള്ളം അല്ലാഹുﷻവിന്റെ പരീക്ഷണമാണ്. പരീക്ഷണത്തിൽ നിങ്ങൾ വിജയിക്കണം. പരാജയപ്പെടരുത്. ഒരു കുമ്പിൾ വെള്ളം മാത്രം കുടിക്കുക. ദാഹം തീരും. അല്ലാഹു ﷻ അനുഗ്രഹിക്കും. നിങ്ങളുടെ കരുത്ത് വർദ്ധിക്കും. യുദ്ധത്തിൽ ജയിക്കും. വയർ നിറയെ വെള്ളം കുടിക്കരുത്. കുടിച്ചാൽ നിങ്ങൾ ക്ഷീണിക്കും. യുദ്ധം ചെയ്യാൻ നിങ്ങൾക്കാവില്ല. സൂക്ഷിക്കുക ഒരു കൈക്കുമ്പിൾ മാത്രം കുടിക്കുക. വിജയം വരിക്കുക."
രാജാവ് പറഞ്ഞ വാക്കുകൾ എല്ലാവരും കേട്ടു. ചിലർ അനുസരിക്കാൻ സന്നദ്ധരായി. ആളുകൾ നദിയിലിറങ്ങി. ചിലർ വളരെ സൂക്ഷ്മതയോടെ ഒരു കോരൽ വെള്ളം കുടിച്ചു വേഗത്തിൽ കരക്കു കയറി. ബഹുഭൂരിപക്ഷമാളുകളും രാജാവിന്റെ വാക്കുകൾ അവഗണിച്ചു. വെള്ളത്തിൽ കമിഴ്ന്ന് കിടന്നു നന്നായി കുടിച്ചു. വയർ നിറയെ കുടിച്ചു. അവരെ ക്ഷീണം ബാധിച്ചു. നദിയുടെ തീരത്ത് അവർ ക്ഷീണം തീർക്കാൻ കിടന്നു...
സൂറത്തുൽ ബഖറയിൽ ഈ സംഭവം വിവരിക്കുന്നത് കാണുക : "അങ്ങനെ ത്വാലൂത്ത് സൈന്യത്തെയുംകൊണ്ട് സ്ഥലം വിട്ടുപോയപ്പോൾ, അദ്ദേഹം പറഞ്ഞു : നിശ്ചയമായും അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോൾ അതിൽ നിന്ന് ആർ വെള്ളം കുടിച്ചുവോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവനല്ല. ആർ അത് രുചി നോക്കിയില്ലയോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവനാകുന്നു. തന്റെ കൈകൊണ്ട് ഒരു കോരൽ കോരിയെടുത്ത് കുടിക്കുന്നവനൊഴികെ. (അതിന് വിരോധമില്ല).
എന്നിട്ട് അവരിൽ നിന്ന് അല്പം ആളുകൾ ഒഴികെ ബാക്കിയെല്ലാവരും അതിൽ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും വിട്ടുകടന്നപ്പോൾ അവർ പറഞ്ഞു : ജാലൂത്തിനോടും അവന്റെ സൈന്യത്തോടും ഏറ്റുമുട്ടാൻ ഇന്ന് നമുക്കു കഴിവില്ല.
തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടുന്നവരാണെന്ന് വിചാരിക്കുന്നവർ പറഞ്ഞു: എത്രയെത്ര കൊച്ചു സംഘങ്ങൾ വൻ സംഘങ്ങളെ അല്ലാഹുവിന്റെ അനുമതിയോടെ ജയിച്ചടക്കിയിട്ടുണ്ട്. അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു. (2:249)
ഇസ്രാഈല്യരുടെ അനുസരണക്കേടും അച്ചടക്കമില്ലായ്മയും ത്വാലൂത്ത് രാജാവിന് നന്നായറിയാം. ധിക്കാരികളും, വിശ്വാസത്തിന് ബലമില്ലാത്തവരും തന്നിഷ്ടക്കാരുമൊക്കെ തന്റെ സൈന്യത്തിലുണ്ടെന്ന് അദ്ദേഹത്തിന്നറിയാം. ധീരന്മാരും വിശ്വാസദാർഢ്യമുള്ളവരും കൂട്ടത്തിലുണ്ട്. അവരെ വേർതിരിച്ചെടുക്കാൻ അല്ലാഹു ﷻ തീരുമാനിച്ചു.
ഇസ്രാഈല്യർക്ക് വളരെ പരിചയമുള്ളതാണ് ജോർഡാൻ നദി. അതിന്റെയൊരു പോഷക നദിയിലാണ് ത്വാലൂത്തും സൈന്യവും എത്തിയതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. ഉഷ്ണവും ദാഹവും കൂടുതലുള്ള ദിവസം. ക്ഷീണവുമുണ്ട്. അപ്പോഴാണ് ത്വാലൂത്തിന്റെ കല്പന വന്നത്.
വെള്ളം കുടിക്കരുത്. കൂടാതെ കഴിയില്ല എന്നാണെങ്കിൽ ഒരു കോരൽ വെള്ളം കുടിക്കാം. കൂടുതൽ പാടില്ല. ഇതൊരു നല്ല പരീക്ഷണം തന്നെ. യുദ്ധരംഗം കഠിനമായ അനുഭവമാണ്. അല്പനേരം ദാഹം സഹിക്കാൻ കഴിയാത്തവരെങ്ങനെ യുദ്ധത്തെ നേരിടും.
അല്ലാഹുﷻവിന്റെ കല്പനക്കു വഴങ്ങിയ യഥാർത്ഥ വിശ്വാസികളുടെ എണ്ണമെത്ര! മുന്നൂറ്റി പതിമൂന്ന്.
ബദ് രീങ്ങളുടെ എണ്ണം?
മുന്നൂറ്റിപ്പതിമൂന്ന് അവർ ആയുധങ്ങളുമായി മുന്നേറി...