അവർ ജാലൂത്തിന്റെ പ്രദേശത്തെത്തി. വൻ സൈന്യത്തെ മുമ്പിൽ കാണുന്നു. എന്തൊരു വൻ സൈന്യം. സൈന്യത്തിന്റെ വലുപ്പം കണ്ട് അന്തംവിട്ടുപോയവരോട് കൂട്ടത്തിലുള്ള നേതാക്കൾ സംസാരിച്ചു:
"എത്രയെത്ര ചെറു സംഘങ്ങളാണ് വൻ സംഘങ്ങളെ നേരിട്ടത്. അല്ലാഹുﷻവിന്റെ സഹായത്തോടെ ചെറുസംഘങ്ങൾ വിജയിച്ചു. നാമിവിടെ മുന്നൂറ്റിപ്പതിമൂന്ന് പേരുടെ ചെറുസംഘമാണ്. അല്ലാഹുﷻ നമ്മെ സഹായിക്കും. നാം വിജയിക്കും. ധീരമായി മുന്നേറുക."
മുന്നൂറ്റിപ്പതിമൂന്ന് പേരുടെ പട അനേകായിരങ്ങളുടെ പടുകൂറ്റൻ പട. ആ പടയെ നയിക്കുന്നതോ? ആജാനു ബാഹുവായ ജാലൂത്ത്. ഒമ്പത് അടി ഉയരം. ബലം കൂടിയ കൈകാലുകൾ. ധിക്കാരം നിറഞ്ഞ നോട്ടവും ചലനവും.
"എന്നെ നേരിടാൻ ആരുണ്ടിവിടെ..?" ജാലൂത്ത് വിളിച്ചു ചോദിച്ചു
"ഞാനുണ്ട്" ദാവൂദിന്റെ ശബ്ദമുയർന്നു.
"പോടാ... ഒരു കുട്ടിയാണോ എന്നെ നേരിടുന്നത്."
"ഞാൻ നിന്നെ കൊല്ലും."
"പോടാ... സമയം കളയാതെ."
"നിന്നെ വധിക്കാൻ എനിക്കിഷ്ടമില്ല. പോ..." ജാലൂത്ത് പറഞ്ഞു.
"നിന്നെ വധിക്കാൻ എനിക്ക് ഇഷ്ടമാണ്." ദാവൂദിന്റെ മറുപടി
ദാവൂദിന് ദേഷ്യം വന്നു. കവണ കൈയിലെടുത്തു. കല്ല് കവണയിൽ തൊടുത്തു. അല്ലാഹുﷻവിന്റെ പേര് ചൊല്ലി ഉന്നം പിടിച്ചു. കവണ വലിച്ചുവിട്ടു. കല്ല് വായുവിലൂടെ പറന്നു. ലക്ഷ്യസ്ഥാനത്ത് തന്നെ ചെന്നു തറച്ചു. ജാലൂത്തിന്റെ നെറ്റിയിൽ. ജാലൂത്ത് മറിഞ്ഞുവീണു. ദാവൂദ് രണ്ട് കല്ലുകൾകൂടി തൊടുത്തുവിട്ടു. സൈനിക നിരയുടെ വലതുഭാഗത്തും ഇടതുഭാഗത്തും ആ കല്ലുകൾ വന്നു വീണു. ഇരു ഭാഗത്തുമുള്ള സൈന്യം പിന്തിരിഞ്ഞോടി. ഇസ്രാഈല്യർ അവരെ ഓടിച്ചിട്ടു പിടിച്ചു. യുദ്ധമുതലുകൾ കൈവശമാക്കി...
ദാവൂദ് ജാലൂത്തിനെ വധിച്ചു. മുന്നൂറ്റിപ്പതിമൂന്നുപേരുടെ വൻ വിജയം. ബദ്റിലെ വിജയംപോലെ. ബദ്റിലെത്തിയപ്പോൾ സ്വഹാബികൾ എന്താണ് പ്രാർത്ഥിച്ചത്? "ശത്രുക്കളുമായി കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ..! മനസ്സ് പതറിപ്പോവരുതേ. ക്ഷമ നൽകേണമേ..!" ത്വാലൂത്തും അനുയായികളും അന്ന് പ്രാർത്ഥിച്ചതും അതുതന്നെയായിരുന്നു.
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "അവർ ജാലൂത്തിനോടും അവന്റെ സൈന്യത്തോടും (യുദ്ധത്തിൽ) പ്രത്യക്ഷപ്പെട്ടപ്പോൾ പ്രാർത്ഥിച്ചു. ഞങ്ങളുടെ റബ്ബേ ഞങ്ങളുടെ മേൽ ക്ഷമ ചൊരിഞ്ഞു തരികയും. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ! അവിശ്വാസികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ." (2:250)
യുദ്ധം വിജയിച്ചു. നാട് കീഴടങ്ങി. വമ്പിച്ച സ്വത്ത് കൈവശം വന്നു. വളരെപേർ വിശ്വാസികളായി. പിന്നെ നടന്നത് രാജകീയ വിവാഹമാണ്. ആട്ടിടയനായ ദാവൂദ് ഇതാ രാജകുമാരനായി മാറുന്നു. രാജകുമാരിയെ വിവാഹം ചെയ്യുന്നു.
ഇസ്ലാമിക രീതിയിൽ വളരെ ലളിതമായാണ് വിവാഹം നടക്കുന്നത്. പക്ഷെ ആ വിവാഹത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സർവ്വത്ര ആഹ്ലാദം. എല്ലാവരും സ്വയം പങ്കാളികളായി മാറുന്നു. ജാലൂത്ത് എന്ന ധിക്കാരിയുടെ പതനം. അവിശ്വസനീയമായ സംഭവം. അത് സംഭവിച്ചിരിക്കുന്നു...