Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു കുട്ടിയുടെ ധീരത (2)

   ത്വാലൂത്ത് രാജാവിന്റെ പ്രഖ്യാപനം ദാവൂദ് കേട്ടു. ജാലൂത്തിനെ വധിക്കുന്ന ആൾക്ക് ത്വാലൂത്ത് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കും. രാജ്യത്തിന്റെ പകുതി ഭാഗവും നൽകും... 


 ഇതു കേട്ടപ്പോൾ ദാവൂദ് സഹോദരന്മാരോട് ചോദിച്ചു: "ഞാൻ ജാലൂത്തിനെ വധിച്ചാൽ ത്വാലൂത്തിന്റെ മകളെ എനിക്ക് ഭാര്യയായി ലഭിക്കും. രാജ്യത്തിന്റെ പകുതിയും കിട്ടും. ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ!"


"മണ്ടത്തരം പറയല്ലേ. മോനേ... വേഗം വീട്ടിൽ പോയ്ക്കോ." 


"ഞാൻ വീട്ടിലേക്ക് ഉടനെയില്ല."  


"പിന്നെങ്ങോട്ടാണ് നീ?" 


"ഞാൻ ത്വാലൂത്ത് രാജാവിനെ ഒന്നു കാണട്ടെ." 


"എന്തിനാണ്?"


"എനിക്ക് പട്ടാളത്തിൽ ചേരണം." 


"വേണ്ട മോനേ... നിനക്ക് പട്ടാളത്തിൽ ചേരാൻ പ്രായമായിട്ടില്ല വേഗം വീട്ടിൽ പോയ്ക്കോളൂ...."


 സഹോദരന്മാരുടെ വിലക്കുകളൊന്നും ദാവൂദ് ചെവികൊണ്ടില്ല. നേരെ ത്വാലൂത്ത് രാജാവിന്റെ സമീപത്തേക്കു നടന്നു.  


"നീയാരാണ്?" ത്വാലൂത്ത് ചോദിച്ചു 


"ഞാൻ ഈശായുടെ മകൻ ദാവൂദ്." 


"എന്തിന് വന്നു?" 


"എനിക്ക് പട്ടാളത്തിൽ ചേരണം."


"കുട്ടികൾക്ക് പട്ടാളത്തിലെന്ത് കാര്യം?"


"എന്നെ യുദ്ധമുഖത്തേക്ക് വിടൂ... ഞാൻ ജാലൂത്തിനെ വധിക്കും."  


"എന്ത്? ജാലൂത്തിനെ വധിക്കുകയോ? നീയൊരു കുട്ടിയല്ലേ? ജാലൂത്തിന്റെ അട്ടഹാസം കേൾക്കുമ്പോൾ തന്നെ നീ പേടിച്ചു വിറച്ചു വീണു പോകും."  


"അതൊന്നും സാരമില്ല. ജാലൂത്തിനെ വധിച്ചിട്ടേ ഇനി വിശ്രമമുള്ളൂ."


ശമവീൽ (അ) കൊടുത്തയച്ച അങ്കി ത്വാലൂത്ത് പലരെയും ധരിപ്പിച്ചുനോക്കി. ആർക്കും അത് പാകമായില്ല. ഇനി ഇതാരെ ധരിപ്പിക്കും? രാജാവ് ചിന്താധീനനായി. സഹോദരന്മാർ രാജാവിനെ കണ്ടു ദാവൂദിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. 


ദാവൂദ് രാജാവിനോടിങ്ങനെ പറഞ്ഞു. 


"ഒരിക്കൽ ഒരു ചെന്നായ ഒരാടിനെ പിടിച്ചുകൊണ്ട് പോയി. ഞാൻ ഓടിച്ചെന്ന് ചെന്നായയുമായി പോരടിച്ചു. ആടിനെ വീണ്ടെടുത്തു. മറ്റു ചെന്നായ്ക്കൾ ഇതുകണ്ട് പേടിച്ച് ഓടിപ്പോയി."  


"നിനക്ക് മറ്റ് വല്ല ധീരകൃത്യവും പറയാനുണ്ടോ?"  രാജാവ് ചോദിച്ചു... 


"കാട്ടിലുള്ള  ജന്തുക്കളെല്ലാം ഭയപ്പെടുന്ന ജീവിയാണല്ലോ സിംഹം. ഒരിക്കൽ ഒരു സിംഹം ആടിനെ പിടിക്കാൻ വന്നു. ഞാൻ സിംഹത്തെ ഓടിച്ചുപിടിച്ചു. അതിന്റെ കഴുത്ത് ഞെരിച്ചു കൊന്നു."


"കൊള്ളാം ഇത് ധീരത തന്നെ. നിന്നെ പട്ടാളത്തിൽ ചേർത്തിരിക്കുന്നു."  


ദാവൂദിന് എന്തെന്നില്ലാത്ത സന്തോഷം.... അല്ലാഹുﷻവിനെ വാഴ്ത്തി. ശമവീൽ കൊടുത്തയച്ച അങ്കി ദാവൂദിനെ ധരിപ്പിച്ചുനോക്കി. എന്തൊരു ചേർച്ച. ദാവൂദിനു കുതിരയെ കിട്ടി. ആയുധങ്ങൾ കിട്ടി. ദാവൂദ് രാജാവിനോടിങ്ങനെ ചോദിച്ചു: 


"ഞാൻ ജാലൂത്തിനെ വധിച്ചാൽ അങ്ങ് അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരുമല്ലോ?"


"അല്ലാഹു ﷻ തൗഫീഖ് ചെയ്യട്ടെ.. ! ഞാനെന്റെ മകളെ വിവാഹം ചെയ്തു തരും."  


"രാജ്യത്തിന്റെ പകുതിയും തരുമല്ലോ."


"ഞാനെന്റെ വാക്കു പാലിക്കും. അല്ലാഹു ﷻ തുണക്കട്ടെ!"


 ദാവൂദ് ആവേശത്തോടെ പട്ടാളത്തിൽ അണിചേർന്നു. പട്ടാളത്തിന് പുറപ്പെടാൻ കല്പന കിട്ടി. ധിക്കാരിയായ ജാലൂത്ത് രാജാവിന്റെ നാട്ടിലേക്കാണ് പട നീങ്ങുന്നത്. മരുഭൂമിയിലൂടെ വളരെ ദൂരം യാത്ര ചെയ്യണം. നല്ല ഉഷ്ണ കാലാവസ്ഥ. മരുഭൂമിയിലൂടെ കുറെ ദൂരം യാത്ര ചെയ്തപ്പോൾ ഇസ്രാഈല്യർ ത്വാലൂത്ത് രാജാവിനോട് പരാതി പറയാൻ തുടങ്ങി.


"രാജാവേ എന്തൊരു ചൂട് വല്ലാത്ത ദാഹം. എവിടെ വെള്ളം?" 


"ക്ഷമിക്കുക നാം പോവുന്ന വഴിയിൽ വെള്ളമുണ്ട്. ശുദ്ധജലം നിറഞ്ഞ പുഴ ഒഴുകുന്നുണ്ട്. അല്ലാഹുﷻവിന്റെ അനുഗ്രഹത്താൽ നാം അവിടെയെത്തും. ദാഹം ശമിക്കും. അതുവരെ ക്ഷമിക്കുക." ത്വാലൂത്ത് അവരെ സമാധാനിപ്പിച്ചു.  


 ഇസ്രാഈല്യരിൽ അധികപേർക്കും വളരെയൊന്നും ക്ഷമിക്കാനോ സഹിക്കാനോ കഴിയില്ല. അവർ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു.  


അല്ലാഹു ﷻ അവരെ പരീക്ഷിക്കാൻ പോവുകയാണ്. പുഴയിലെ വെള്ളം വാരിക്കോരി കുടിക്കാൻ പാടില്ല. കുടിച്ചാൽ ദുർബ്ബലരായിപ്പോകും. യുദ്ധം ചെയ്യാൻ കഴിയില്ല. കൈക്കുമ്പിൽ കൊണ്ട് ഒരു കോരൽ വെള്ളം എടുക്കാം. കുടിക്കാം. ദാഹം തീരും. ശക്തി കൂടും. ധീരമായി യുദ്ധം ചെയ്യാം...