Wednesday - 22 April, 2026 4-Dhu al-Qadah-1447

പരീക്ഷണം (2)

   ദാവൂദ് നബിക്ക് സന്ദേശം ലഭിച്ചു. പശ്ചാത്താപം സ്വീകരിക്കപ്പട്ടു. വലിയ സന്തോഷം തന്നെ. പിന്നാലെ മറ്റൊരു സന്തോഷം കൂടി വന്നു. ആ ഭാര്യ ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞാണ് ലോക ചക്രവർത്തി സുലൈമാൻ (അ).


വിശുദ്ധ ഖുർആൻ പറയുന്നു : "(മുഹമ്മദ് നബിയേ....)  വ്യവഹാര കക്ഷികൾ ആരാധന മണ്ഡപത്തിൽ മതിൽ കയറിവന്നപ്പോഴത്തെ വർത്തമാനം താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ." (38:21)


 വ്യവഹാര കക്ഷികൾ ആരാധനാലയത്തിൽ പ്രവേശിക്കാൻ നോക്കിയപ്പോൾ കാവൽക്കാർ തടഞ്ഞു. അതുകൊണ്ടവർക്ക് ചുമരിന്റെ വിള്ളലിലൂടെയോ മറ്റോ പ്രവേശിക്കേണ്ടിവന്നു. അവർ മലക്കുകളായിരുന്നു.  


വിശുദ്ധ ഖുർആൻ തുടരുന്നു : "അവർ ദാവൂദിന്റെ മേൽ പ്രവേശിച്ച സന്ദർഭം, എന്നിട്ട് അവരെ സംബന്ധിച്ച് ഭയന്നു. അവർ പറഞ്ഞു : ഭയപ്പെടേണ്ട..! ഞങ്ങൾ  രണ്ട് വ്യവഹാര കക്ഷികളാണ്. ഞങ്ങളിൽ ചിലവർ ചിലരുടെ മേൽ അക്രമം ചെയ്തിരിക്കുന്നു. അതുകൊണ്ട് താങ്കൾ ഞങ്ങൾക്കിടയിൽ ന്യായപ്രകാരം വിധിച്ചു തരണം. നീതികേട് ചെയ്യരുത്. ഞങ്ങളുടെ നേരായ പാതയിലേക്ക് മാർഗ്ഗദർശനം നൽകുകയും വേണം." (38:22)


"ഇത് എന്റെ സഹോദരനാണ്. ഇവന് തൊണ്ണൂറ്റി ഒമ്പത് ആടുകളുണ്ട്. എനിക്ക്  ഒരാടുമുണ്ട്. എന്നിട്ട് അവൻ പറഞ്ഞു : നീ അതിനെ എനിക്ക് വിട്ടുതരണം. അഭിമുഖ സംസാരത്തിൽ അവൻ എന്നെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു." (38:23)


 അദ്ദേഹം (ദാവൂദ്) പറഞ്ഞു: അവന്റെ ആടുകളോട് കൂടി നിന്റെ ആടിനെ ചോദിച്ചത് നിമിത്തം തീർച്ചയായും അവൻ നിന്നോട് അനീതി പ്രവർത്തിച്ചിരിക്കുകയാണ്. നിശ്ചയമായും കൂട്ടുകാരിലധികപേരും ചിലർ ചിലരുടെ മേൽ അതിക്രമം പ്രവർത്തിക്കാറുണ്ട്. 


 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരൊഴികെ. അവർ വളരെ കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളു.  നാം അദ്ദേഹത്തെ പരീക്ഷണം നടത്തിയിരിക്കുകയാണെന്ന് തന്നെ ദാവൂദ് ധരിച്ചു. അതിനാൽ അദ്ദേഹം തന്റെ റബ്ബിനോട് പാപമോചനം തേടുകയും റുകൂഹ് ചെയ്തു (കുമ്പിട്ട് )കൊണ്ട് നിലംപതിക്കുകയും ചെയ്തു. ഖേദിച്ചു മടങ്ങുകയും ചെയ്തു." (38:24)


"അപ്പോൾ അദ്ദേഹത്തിന് അത് നാം പൊറുത്തുകൊടുത്തു. നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീപ്യ (സ്ഥാനവും) നല്ല മടക്കസ്ഥലവും ഉണ്ട്." (38:25)


 റുകൂഇലും സുജൂദിലുമായുള്ള ദാവൂദ് (അ) ന്റെ നാല്പത് നാളുകൾ കടുത്ത പശ്ചാത്താപത്തിന്റെതായിരുന്നു. അല്ലാഹുﷻ പശ്ചാത്താപം സ്വീകരിച്ചു. അല്ലാഹുﷻ അദ്ദേഹത്തെ തന്നിലേക്കടുപ്പിച്ചു. നിശ്ചയമായും ദാവൂദിന് നമ്മുടെ അടുക്കൽ ഉന്നത സ്ഥാനമുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മടക്കസ്ഥലം പരലോകമാകുന്നു. ദാവൂദ് (അ)ന്റെ പരലോക ജീവിതം സമുന്നതമാകുന്നു.  


 ദാവൂദ് നബി(അ)ന്റെ കാലത്ത് ഇസ്രാഈല്യരുടെ എണ്ണം വളരെ വർദ്ധിച്ചു. അവർ നബിയുടെ കല്പനകൾ അനുസരിച്ചു ജീവിക്കുകയും ചെയ്തു. സാമൂഹിക വിരുദ്ധന്മാർ അക്കാലത്തുണ്ടായിരുന്നു. പക്ഷെ, സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ അവർ ഭയന്നു. ഏത് തെറ്റ് ചെയ്താലും കണ്ടുപിടിക്കപ്പെടും. നല്ല ശിക്ഷയും ലഭിക്കും.  


മനസ്സ് ശുദ്ധിയില്ലാത്തവർ ഭയന്നു ജീവിച്ചു. മുഹ്മിനീങ്ങൾക്ക് ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടിവരും. അവയെല്ലാം ക്ഷമയോടെ നേരിടണം...  


 ദാവൂദ് (അ)ന് നേരിടേണ്ടിവന്ന പരീക്ഷണമാണ് നാമിവിടെ കണ്ടത്. കഠിനമായ പശ്ചാത്താപമാണ് നടത്തിയത്. ആ പശ്ചാത്താപത്തെ അല്ലാഹു ﷻ പ്രശംസിച്ചു.


 സാധാരണക്കാരായ നമുക്ക് എന്തുമാത്രം അബദ്ധങ്ങൾ സംഭവിക്കുന്നു? തെറ്റാണെന്ന ബോധത്തോടെത്തന്നെ എത്ര തെറ്റുകളാണ് നിത്യവും ചെയ്യുന്നത്. തെറ്റുകൾക്കുമേൽ തെറ്റുകൾ... നമുക്ക് പശ്ചാത്തപിക്കാൻ തോന്നുന്നുണ്ടോ? പശ്ചാത്തപിക്കാത്തവർക്ക് പാപമോചനമുണ്ടോ..? 


അമ്പിയാക്കന്മാരുടെ പശ്ചാത്താപത്തെക്കുറിച്ച് അല്ലാഹു ﷻ വിശുദ്ധ ഖുർആനിൽ നമ്മോട് പറയുന്നു എന്തിന്..? സംഭവിച്ചുപോയ തെറ്റുകൾ നാം പശ്ചാത്തപിക്കാൻ. അമ്പിയാക്കളുടെ പശ്ചാത്താപം നമുക്ക് മാതൃകയാവാൻ. അമ്പിയിക്കന്മാരുടെ പശ്ചാത്താപം സ്വീകരിച്ച സന്തോഷവാർത്തയും നമ്മെ അറിയിക്കുന്നു. നാം പശ്ചാത്തപിച്ചാൽ അതും സ്വീകരിക്കപ്പെടും. സന്തോഷകരമായ അവസ്ഥ നമുക്കും വന്നു ചേരും.