ദാവൂദ് നബി (അ) തന്റെ കർമ്മങ്ങൾക്ക് നല്ല ചിട്ട പാലിച്ചിരുന്നു. പരിപാടികൾ മുൻകൂട്ടി ആവിഷ്കരിക്കും. പരാതികൾ കേൾക്കാനും കേസുകൾ വിധി പറയാനും ഒരു ദിവസം മാറ്റിവെച്ചു. ഭാര്യമാരെ കാണാൻ ഒരു ദിവസം. മലമുകളിലും, മൈതാനിയിലും സമുദ്ര തീരത്തും പോയിരുന്ന് സ്തുതിഗീതങ്ങൾ പാടാൻ ഒരു ദിവസം. വീട്ടിലിരുന്ന് പ്രത്യേക ആരാധനകൾക്ക് ഒരു ദിവസം...
ആരാധനകൾക്കു വേണ്ടി മാറ്റിവെക്കപ്പെട്ട ഒരുദിവസം ഒരു സംഭവമുണ്ടായി. ദാവൂദ് (അ) ആരാധനാലയത്തിൽ പ്രവേശിച്ചു. വാതിലിൽ പാറാവുകാരൻ കാവൽ നിന്നു. ഇനിയാർക്കും പ്രവേശനമില്ല. ആരു വന്നാലും തടയും. നബിയുടെ മിഹ്റാബിൽ രണ്ടാളുകൾ വന്നു. ദാവൂദ് (അ)പെട്ടെന്നൊന്നു പരിഭ്രമിച്ചു. കാവൽക്കാരെ ധിക്കരിച്ചു ഇവരെങ്ങനെ അകത്ത് കിടന്നു..?
ആഗതരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു : "ഞാനൊരു പരാതിക്കാരനാണ് ഇയാൾക്കെതിരെയാണ് പരാതി. എനിക്കൊരു ആട് മാത്രമേയുള്ളൂ. ഇയാൾക്ക് തൊണ്ണൂറ്റി ഒമ്പത് ആടുകളുണ്ട്. എന്റെ ആടിനെ ഇയാൾ ചോദിക്കുന്നു. എന്റെ ആടിനെകൂടി കൊടുത്താൽ ഞാൻ ആടില്ലാത്തവനായിപ്പോകും. ഇയാൾ നൂറ് ആടിന്റെ ഉടമസ്ഥനാവുകയും ചെയ്യാം. ഇയാളുടെ ചോദ്യം അക്രമമല്ലേ..?"
നൂറ് തികയ്ക്കാനാണ് ആടിനെ ആവശ്യപ്പെട്ടത്. ദാവൂദ് (അ) പറഞ്ഞു: "അത് മര്യാദകേടുതന്നെ."
"താങ്കൾ താങ്കൾക്കെതിരെ തന്നെ വിധി പറഞ്ഞല്ലോ?" വിധി കേട്ടപ്പോൾ ആഗതർ അങ്ങനെ പ്രതികരിച്ചു.
എന്നിട്ടവർ പെട്ടെന്ന് അപ്രത്യക്ഷരായി. വന്നത് മലക്കുകളായിരുന്നു. അവരുടെ പ്രതികരണം നബിയെ ചിന്താകുലനാക്കി. ചിന്ത ദുഃഖമായി മാറി. ദുഃഖം കൂടിക്കൂടി വന്നു.
ജനങ്ങളിലേക്കിറങ്ങാൻ കഴിയുന്നില്ല. താൻ തനിക്കെതിരെ വിധിച്ചിരിക്കുന്നു. ഇത് വല്ലാത്ത വിധി തന്നെ. ഈ സംഭവം ഖുർആനിൽ പറഞ്ഞിട്ടുണ്ട്. വിശദീകരണമില്ല. നബിയും വിധിയും തമ്മിലെന്ത് ബന്ധം..?
പണ്ഡിതന്മാർ നൽകുന്ന ഒരു വിശദീകരണത്തിന്റെ ചുരുക്കം താഴെ കൊടുക്കുന്നു. മറ്റുള്ളവരുടെ ഭാര്യമാരെ കണ്ട് താല്പര്യം തോന്നിയാൽ അക്കാര്യം അവരുടെ ഭർത്താക്കന്മാരോട് തുറന്നു പറയുന്നത് സാധാരണയായിരുന്നുവത്രെ..!
അക്കാലത്ത് നിങ്ങളുടെ ഭാര്യയെ ഞാൻ കണ്ടു. എനിക്കവളെ ഭാര്യയായി കിട്ടിയാൽ കൊള്ളാം. നിങ്ങളവളെ വിവാഹമോചനം നടത്തി എനിക്ക് വിവാഹം ചെയ്തു തരൂ. എന്നൊരാൾ പറഞ്ഞാൽ അതൊരു മര്യാദകേടായി കാണാത്ത കാലം. പലരും അക്കാലത്ത് അങ്ങനെ ചോദിച്ചിട്ടുണ്ടത്രെ! പലർക്കും ഭാര്യമാരെ കിട്ടിയിട്ടുമുണ്ട്.
അക്കാലത്ത് ദാവൂദ് (അ)ന് തൊണ്ണൂറ്റി ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. ഒരു ഭാര്യകൂടി വേണമെന്ന് തോന്നി. നേരത്തെ ഊരിയ്യ എന്ന ആളുടെ ഭാര്യയായിരുന്നു. ഒരു സ്ത്രീ പിന്നീട് ദാവൂദ്(അ)ന്റെ ഭാര്യയായിത്തീർന്നു. അപ്പോൾ ഭാര്യമാരുടെ എണ്ണം നൂറ്.
ഇവിടെ വന്നു പോയത് മലക്കുകളാണ്. ആടുകൾ എന്നു പറഞ്ഞത് സ്ത്രീകളാണ്. ഇത് കടുത്ത പരീക്ഷണം തന്നെ. അസഹ്യമായ വേദന. സുജൂദിൽ വീണു. ഉറക്കമില്ല. സമാധാനമില്ല. നാല്പത് ദിവസങ്ങൾ ഈ നിലയിൽ കടന്നുപോയി...
പശ്ചാത്താപം പാരമ്യതയിലെത്തി. അല്ലാഹുﷻ സംതൃപ്തനായി. ദാവൂദ് നബിക്ക് സന്ദേശം ലഭിച്ചു. പശ്ചാത്താപം സ്വീകരിക്കപ്പട്ടു. വലിയ സന്തോഷം തന്നെ. പിന്നാലെ മറ്റൊരു സന്തോഷം കൂടി വന്നു. ആ ഭാര്യ ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞാണ് ലോക ചക്രവർത്തി സുലൈമാൻ (അ)...