പർവ്വതങ്ങൾ അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു. ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന പർവ്വതങ്ങൾ. വനങ്ങൾ നിറഞ്ഞ മലകൾ. കരിമ്പാറകൾ മാത്രമുള്ള മലകൾ. ഉയരം കാരണം മഞ്ഞ് കട്ടപിടിച്ചുകിടക്കുന്ന പർവ്വതങ്ങൾ.
മലകൾ എക്കാലവും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഭൂമിക്ക് ആണി തറച്ചതുപോലെ മലകളുടെ നിൽപ്പ്. അഗ്നിപർവ്വതങ്ങളുണ്ട്. മലകൾ അല്ലാഹുﷻവിന്റെ സവിശേഷ സൃഷ്ടികളാണ്. മലഞ്ചെരിവുകളെ അല്ലാഹു ﷻ മനോഹരമാക്കി. അമ്പിയാക്കൾ മലഞ്ചരിവുകളിൽ ആടിനെ മേച്ച് നടന്നു. സൂഫിയാക്കൾ മലമുകളിൽ കയറി ആരാധനകളിൽ മുഴുകി.
മലകൾ അല്ലാഹുﷻവിനെ വാഴ്ത്തിക്കൊണ്ട് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നു. സാധാരണ മനുഷ്യർക്കത് മനസ്സിലാവുന്നില്ല. അവരത് കേൾക്കുന്നില്ല. അത് കേൾക്കാനുള്ള കഴിവ് ചിലർക്ക് അല്ലാഹുﷻ നൽകുന്നു. അത്തരം ഒരാളായിരുന്നു ദാവൂദ് (അ). മലകളുടെ തസ്ബീഹ് അദ്ദേഹം കേട്ടിരുന്നു. അദ്ദേഹം മലകൾക്കു മുകളിൽ കയറിപ്പോവും. അവിടെയിരുന്ന് തസ്ബീഹ് ചൊല്ലും. നല്ല ഈണത്തിൽ. ആ രംഗം ഒന്നു സങ്കൽപിച്ചുനോക്കൂ...
ദാവൂദ് (അ) മലമുകളിലിരുന്ന് പൂർണമായ മനസ്സാന്നിധ്യത്തോടെ തസ്ബീഹ് ചൊല്ലുന്നു. മലകൾ പ്രവാചകനോടൊപ്പം തസ്ബീഹ് ചൊല്ലുന്നു...
പറവകൾ മനുഷ്യ മനസ്സിൽ ആഹ്ലാദം പടർത്തുന്ന ജീവികൾ. വിവിധതരം പക്ഷികൾ. അവയുടെ രൂപങ്ങളിൽ വൈവിധ്യം. വർണങ്ങളിലും വൈവിധ്യം. ശബ്ദത്തിലും വൈവിധ്യം. അവയുടെ ചലനങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു. കള കള ശബ്ദം നമ്മെ ആനന്ദിപ്പിക്കുന്നു. മനുഷ്യൻ പക്ഷികളെ സ്നേഹിക്കുന്നു. പക്ഷികൾ അല്ലാഹുﷻവിനെ വാഴ്ത്തുന്നു. തസ്ബീഹ് ചൊല്ലുന്നു.
ദാവൂദ് (അ) അത് കേൾക്കുന്നു. മനസ്സിലാക്കുന്നു. പക്ഷികളുടെ ഭാഷ മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു ﷻ ദാവൂദ് (അ) ന് നൽകിയിരുന്നു. എന്തൊരനുഗ്രഹം. അല്ലാഹു ﷻ നൽകിയ പ്രത്യേകമായ അനുഗ്രഹങ്ങളെക്കുറിച്ചു ദാവൂദ് (അ) എപ്പോഴും ചിന്തിക്കുമായിരുന്നു. പ്രത്യേകമായ അനുഗ്രഹങ്ങൾക്ക് പ്രത്യേകമായ നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്.
ആരാധനകൾ വർദ്ധിപ്പിക്കണം. സാധാരണക്കാരുടെ ആരാധനകൾ പോര. ചില ദിവസങ്ങൾ പ്രത്യേക ആരാധനകൾക്കുവേണ്ടി മാത്രം മാറ്റി വെച്ചു. ദാവൂദ് (അ)ന്റെ ആരാധനകൾ, മനുഷ്യ സേവനം, ജീവിത വിശുദ്ധി, കൃതജ്ഞതാബോധം ഇവയെല്ലാം അല്ലാഹുﷻ അംഗീകരിച്ചു. നന്ദിയുള്ള മഹാപുരുഷൻ.
പർവ്വതങ്ങളുടെയും പക്ഷികളുടെയും ഭാഷ മനസ്സിലാവുകയെന്നതിലൊതുങ്ങുന്നതല്ല ദാവൂദ് (അ) ന്റെ മഹത്വം. അവയെ അല്ലാഹുﷻ അദ്ദേഹത്തിന് കീഴൊതുക്കിക്കൊടുത്തു. അദ്ദേഹം കല്പിച്ചാൽ അവ അനുസരിക്കും.
വിശുദ്ധ ഖുർആൻ പറയുന്നു :
"ദാവൂദിന് നമ്മുടെ വകയായി ഒരു പ്രത്യേക അനുഗ്രഹം നാം നൽകിയിട്ടുണ്ട്. ഹേ.... പർവ്വതങ്ങളേ അദ്ദേഹത്തോടൊപ്പം പക്ഷികളുമൊന്നിച്ച് കീർത്തനം ആവർത്തിക്കുക. അദ്ദേഹത്തിന് നാം ഇരുമ്പ് പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്തു." (22:10)
അമ്പിയാഹ് സൂറത്തിൽ ഇങ്ങനെ കാണാം : "എന്നിട്ട് സുലൈമാന് നാമത് ഗ്രഹിപ്പിച്ചു. ഇരുവർക്കും (ദാവൂദിനും സുലൈമാനും) നാം ന്യായവിധിയും ജ്ഞാനവും നൽകി. ദാവൂദിനോടൊപ്പം തസ്ബീഹ് ചെയ്യുന്ന നിലയിൽ പർവ്വതങ്ങളെയും പറവകളെയും നാം കീഴ്പ്പെടുത്തുകയും ചെയ്തു. നാം ഇങ്ങനെയെല്ലാം ചെയ്യുന്നവരാകുന്നു." (21:79)
എല്ലാ വസ്തുക്കളും അല്ലാഹുﷻവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. അതിനുള്ള കഴിവ് നൽകപ്പെട്ടിട്ടുണ്ട്. പക്ഷെ സാധാരണക്കാർക്ക് അത് മനസ്സിലാവുന്നില്ല. ഏഴ് ആകാശങ്ങളും, ഭൂമിയും അവയിലുള്ള സകല വസ്തുക്കളും അല്ലാഹുﷻവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. ധിക്കാരികളായ മനുഷ്യർ അതിന് തയ്യാറാവുന്നില്ല. അല്ലാഹു ﷻ സഹനശീലനാണ്. അതുകൊണ്ട് ധിക്കാരികളെ വെച്ചു പൊറുപ്പിക്കുന്നു.
ഇസ് റാഅ് സൂറത്തിൽ അല്ലാഹു പറയുന്നു: "ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന് തസ്ബീഹ് (സ്ത്രോത്ര കീർത്തനം) ചെയ്യുന്നു. ഒരു വസ്തുവും തന്നെ അവനെ സ്തുതിച്ചുകൊണ്ട് അവന് തസ്ബീഹ് ചെയ്യാതെയില്ല. എങ്കിലും അവരുടെ തസ്ബീഹ് നിങ്ങൾക്ക് മനസ്സിലാവുകയില്ല. നിശ്ചയമായും അവൻ സഹനശീലനും, വളരെ പൊറുക്കുന്നവനുമാകുന്നു." (17:44)
മലക്കുകളുടെ തസ്ബീഹ് പ്രസിദ്ധമാണ്. രാവും പകലും മലക്കുകൾ അല്ലാഹുﷻവിന് തസ്ബീഹ് നടത്തുന്നു. അവർ തളരുന്നില്ല എന്ന് സൂറത്ത് അമ്പിയാഹ് ഇരുപതാം വചനത്തിൽ കാണാം.
അല്ലാഹുﷻവിനെ സ്തുതിക്കുകയെന്നത് സകല ജീവജാലങ്ങൾക്കുമുള്ള ചര്യയാകുന്നു. ആകാശഭൂമികളിലുള്ള സകല ജീവികളും അല്ലാഹുﷻവിന് സുജൂദ് ചെയ്യുന്നു. മനുഷ്യരുടെ സുജൂദിനെ നാം കാണുന്നു. മറ്റു ജീവികളുടേത് കാണാനും മനസ്സിലാക്കാനും കഴിയുന്നില്ല.
സൂറത്തുന്നഹ്ലിൽ ഇങ്ങനെ കാണാം : "ആകാശത്തിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുﷻവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു) അവരാവട്ടെ അഹംഭാവം കാണിക്കുന്നുമില്ല." (16:49)
"അവർ തങ്ങളുടെ മീതെ (അധികാരശക്തിയുള്ള) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു. തങ്ങളോട് കൽപിക്കപ്പെടുന്നതെല്ലാം അവർ ചെയ്യുന്നു." (16:50)
ധിക്കാരിയായ മനുഷ്യൻ കല്പിക്കപ്പെടുന്നത് നിർവ്വഹിക്കുന്നില്ല. അവൻ ശപിക്കപ്പെട്ടവനായി മാറുന്നു. മറ്റു ജീവികൾ അല്ലാഹു ﷻ കല്പിച്ചതെല്ലാം അനുസരിക്കുന്നു. സൃഷ്ടാവിന്റെ അനുഗ്രഹം നേടുന്നു.