ദൃശ്യലോകത്ത് നിന്ന് ദാവൂദ് (അ)ന് ഒരു ചങ്ങല ഇറക്കപ്പെട്ടു. നബിയുടെ ഭവനത്തെയും അദ്ദേഹത്തിന്റെ ആരാധനാലയത്തെയും ചങ്ങലയുടെ രണ്ടറ്റങ്ങൾ തൊട്ടുകിടന്നു. എന്തെങ്കിലും അത്യാഹിതം ഭവിക്കുകയാണെങ്കിൽ ചങ്ങല ചലിക്കും. ആ ചലനത്തിന്റെ സൂചനയെന്താണെന്ന് ദാവൂദ് (അ) മനസ്സിലാക്കും.
രോഗികൾ വരും. പ്രയാസപ്പെടുന്നവരും വരും. ചങ്ങല സ്പർശിക്കും ദുഃഖം മാറും. പ്രയാസം തീരും. രണ്ടുപേർ തമ്മിൽ തർക്കമാണെന്നു വെക്കുക. ചങ്ങലയുടെ സമീപം വരും. കളവ് പറയുന്നവന് ചങ്ങല സ്പർശിക്കാനാവില്ല. സത്യം പറയുന്നവർ സ്പർശിക്കും തർക്കം തീരും.
ചങ്ങലയുടെ മഹത്വം വളരെ പ്രസിദ്ധമായിരുന്നു. ദാവൂദ് (അ)ന്റെ അന്ത്യംവരെ ഇത് നിലനിന്നു. പിന്നീട് ചതിയും ചൂഷണവും വർദ്ധിച്ചു. ചിലർ ചങ്ങലയെ അപമാനിക്കും വിധം പെരുമാറി. അത് കാരണമായി ചങ്ങല അപ്രത്യക്ഷമായി.
ഇബ്നു അബ്ബാസ് (റ) പറയുന്നു : മറ്റാർക്കും നൽകപ്പെട്ടിട്ടില്ലാത്ത അത്രയും സുന്ദരമായ ശബ്ദമായിരുന്നു ദാവൂദ് (അ)ന്റേത്. അദ്ദേഹം സബൂർ പാരായണം തുടങ്ങിയാൽ ആകാശത്ത് പക്ഷികൾ ചിറക് വിടർത്തി നിൽക്കും. വചനങ്ങൾ ഏറ്റു ചൊല്ലും. തസ്ബീഹ് ചൊല്ലുമ്പോൾ കൂടെ ചൊല്ലും. അതുപോലെ പർവ്വതങ്ങൾ അദ്ദേഹത്തിന് മറുപടി നൽകും. കൂടെ തസ്ബീഹ് ചൊല്ലും. പ്രഭാതത്തിലും സായാഹ്നത്തിലും ഒന്നിച്ച് തസ്ബീഹ് ചൊല്ലും.
ഔസഈ(റ) പറയുന്നു : ദാവൂദ് (അ) ന്ന് അതിസുന്ദരമായ ശബ്ദം നൽകപ്പെട്ടു. മറ്റാർക്കും അത്രയും നല്ല സ്വരം നൽകപ്പെട്ടിട്ടില്ല. അദ്ദേഹം പാരായണം തുടങ്ങിയാൽ മൃഗങ്ങളും പക്ഷികളും അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടും. ശ്രദ്ധിച്ചു കേൾക്കും. വിശപ്പും ദാഹവുംകൊണ്ട് മരണം സംഭവിക്കുമെന്ന് വന്നാൽ പോലും അവ പിരിഞ്ഞുപോവില്ല. കേട്ടുകൊണ്ടേയിരിക്കും. നദിയുടെ പ്രവാഹം നിലച്ചുപോകുംവിധം ഹൃദ്യമായിരുന്നു ആ രംഗം.
വഹബ്(റ) പറയുന്നു : ദാവൂദ് (അ) സബൂർ പാരായണം ചെയ്യുംപോലെ അത്രയും ഹൃദ്യമായി പാരായണം ചെയ്യാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ല. ജിന്നുകളും മനുഷ്യരും, പറവകളും, മൃഗങ്ങളും ചുറ്റും വന്നുകൂടും. ശ്രദ്ധയോടെ കേൾക്കും. പിരിഞ്ഞുപോവുകയേയില്ല. വിശപ്പുകൊണ്ട് മരണം സംഭവിക്കുമെന്ന് വന്നാൽപോലും പിരിഞ്ഞു പോവില്ല. പാരായണം തീരുംവരെ കാത്തിരിക്കും. ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം.
ഇസ്രാഈല്യരിൽ അനാചാരങ്ങൾ വർദ്ധിച്ച കാലത്ത് ആകാശത്തു നിന്ന് ബൈത്തുൽ മുഖദ്ദസിലെ പാറയിലേക്ക് ഒരു ചങ്ങല തൂങ്ങിയിരുന്നു. വിധിന്യായത്തിന്റെ ചങ്ങല. സ്വർണ്ണച്ചങ്ങല. സത്യം പറയുന്നവർ അതിൽ സ്പർശിക്കും. അല്ലാത്തവർക്ക് സ്പർശിക്കാനാവില്ല.
ഒരു സ്വഹാബി നബിﷺതങ്ങളുടെ സമീപം വന്നു ഇങ്ങനെ പറഞ്ഞു: അല്ലാഹുﷻവിന്റെ ദൂതരേ ഞാനൊരു സ്വപ്നം കണ്ടു. ഞാനൊരു മരത്തിന്റെ പിന്നിൽ നിന്ന് നിസ്കരിക്കുകയായിരുന്നു. ഞാൻ സൂറത്തു സജദ ഓതി. അതിൽ ഞാൻ സുജൂദ് ചെയ്തു. മരവും എന്നോടൊപ്പം സുജൂദ് ചെയ്തു. മരം ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു.
"അല്ലാഹുവേ ഇതിനെ നിന്റെയടുക്കൽ പ്രതിഫലമുള്ള കർമ്മം ആക്കേണമേ. എനിക്ക് നിന്റെയടുക്കലുള്ള നിക്ഷേപം ആക്കേണമേ. ഇതുമൂലം എന്റെ പാപഭാരം ലഘൂകരിക്കേണമേ ഈ കർമ്മം നീ സ്വീകരിക്കേണമേ നിന്റെ അടിമയായ ദാവൂദ് (അ)ൽ നിന്ന് നീ സ്വീകരിച്ചതുപോലെ!" ഉടനെ നബിﷺഎഴുന്നേറ്റുനിന്നു സൂറത്തുസ്സജദ ഓതി അതിൽ സുജൂദ് ചെയ്തു മരം പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിച്ചു.
ഇസ്രാഈല്യർക്ക് പല കാലങ്ങളിലായി മൂന്നുതരം പരീക്ഷണങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. ക്ഷാമം, ശത്രുക്കളിൽ നിന്നുള്ള പരാജയം, കോളറ. കോളറ പിടിച്ചു ധാരാളമാളുകൾ മരണപ്പെട്ടു. ഇസ്രാഈല്യർ ഭയന്നുപോയി. ക്രമേണ രോഗം നീങ്ങിപ്പോയി.
ദാവൂദ് (അ) ഇസ്രാഈല്യരെ ബൈത്തുൽ മുഖദ്ദസ് നിലനിൽക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അക്കാലത്തെ പണ്ഡിതന്മാരും നേതാക്കളുമെല്ലാം അവിടെ സമ്മേളിച്ചു.
ദാവൂദ് (അ) അവരോടിങ്ങനെ ഉപദേശിച്ചു : "അല്ലാഹു ﷻ നമുക്ക് വലിയ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അതിന് നന്ദിയായി നാമിവിടെ ഒരു മസ്ജിദ് പണിയണം. ജനങ്ങൾ വളരെ സന്തോഷപൂർവ്വം ആ നിർദ്ദേശം സ്വീകരിച്ചു. മസ്ജിദിന്റെ പണി തുടങ്ങി. കല്ലു വെട്ടിക്കൊണ്ടുവന്നു തറ കെട്ടി. ചുമർ കെട്ടിത്തുടങ്ങി. അപ്പോൾ ദാവൂദ്(അ)ന് ദിവ്യ വെളിപാടുണ്ടായി. മസ്ജിദിന്റെ പണി തന്റെ കാലത്ത് പൂർത്തിയാവില്ല.