Wednesday - 22 April, 2026 4-Dhu al-Qadah-1447

വിയോഗം (2)

   ദാവൂദ് (അ) ഇസ്രാഈല്യരെ ബൈത്തുൽ മുഖദ്ദസ് നിലനിൽക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അക്കാലത്തെ പണ്ഡിതന്മാരും നേതാക്കളുമെല്ലാം അവിടെ സമ്മേളിച്ചു.  


 ദാവൂദ് (അ) അവരോടിങ്ങനെ ഉപദേശിച്ചു : "അല്ലാഹു ﷻ നമുക്ക് വലിയ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അതിന് നന്ദിയായി നാമിവിടെ ഒരു മസ്ജിദ് പണിയണം. ജനങ്ങൾ വളരെ സന്തോഷപൂർവ്വം ആ നിർദ്ദേശം സ്വീകരിച്ചു. മസ്ജിദിന്റെ പണി തുടങ്ങി. കല്ലു വെട്ടിക്കൊണ്ടുവന്നു തറ കെട്ടി. ചുമർ കെട്ടിത്തുടങ്ങി. അപ്പോൾ ദാവൂദ്(അ)ന് ദിവ്യ വെളിപാടുണ്ടായി. മസ്ജിദിന്റെ പണി തന്റെ കാലത്ത് പൂർത്തിയാവില്ല.


 ദാവൂദ് (അ) വീട്ടിൽ നിന്ന് പുറത്ത് പോവുമ്പോൾ പുറത്തേക്കുള്ള വാതിലുകൾ പൂട്ടിയിടും. പുറത്ത് നിന്നാർക്കും അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. ഒരു ദിവസം വീട് പൂട്ടിപുറത്തുപോയി തിരിച്ചു വന്നപ്പോൾ വീട്ടിനകത്തൊരാൾ നിൽക്കുന്നു.  


"നിങ്ങളാര്..? എങ്ങനെ അകത്ത് കടന്നു..?" ദാവൂദ് (അ) ചോദിച്ചു.


വീടിന്റെ മധ്യത്തിലാണ് ആളുടെ നിൽപ്പ്. വീട്ടിനകത്തെ പെണ്ണുങ്ങളും അസ്വസ്ഥരായിരുന്നു. അദ്ദേഹം ഇങ്ങനെ മറുപടി നൽകി:


"ഞാൻ രാജാക്കന്മാരെ ഭയപ്പെടാത്തവൻ. മറകൾ എനിക്ക് വിലങ്ങ് ആവുകയില്ല."  


 അതു കേട്ടപ്പോൾ ദാവൂദ് (അ) ആളെ മനസ്സിലാക്കി. നിങ്ങൾ മലക്കുൽ മൗത്ത് - മരണത്തിന്റെ മാലാഖയാണ്. സ്വാഗതം അല്ലാഹുﷻവിന്റെ കല്പന നടക്കട്ടെ..! 


 ദാവൂദ് (അ) കിടന്നു. അസ്റാഈൽ (അ) റൂഹ് പിടിച്ചു. സംഭവ ബഹുലമായ ജീവിതം അസ്തമിച്ചിരിക്കുന്നു. ദാവൂദ് (അ)ന്റെ മരണത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. മരണം പെട്ടെന്ന് നടന്നു. അതൊരു ശനിയാഴ്ചയായിരുന്നു... 


 നിസ്കരിക്കാൻ വേണ്ടി മിഹ്റാബിൽ കയറിയപ്പോഴാണ് മരണത്തിന്റെ മലക്ക് വന്നതെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്... 


 മലക്ക് പറഞ്ഞു : "അല്ലാഹുﷻവിന്റെ നബിയേ താങ്കളുടെ ആയുസ്സിലെ വർഷങ്ങളും മാസങ്ങളും അവസാനിച്ചു കഴിഞ്ഞു. ഭക്ഷണ പാനീയങ്ങളും അവസാനിച്ചു." ഉടനെ ദാവൂദ് നബി(അ) നിസ്കാരത്തിൽ പ്രവേശിച്ചു. സുജൂദിൽ മരണം സംഭവിച്ചു... 


 മരണവാർത്ത പുറത്തേക്കൊഴുകി. നാടാകെ നടുങ്ങിപ്പോയി. ജനം സ്തബ്ധരായി. പിന്നെയവർ മുമ്പോട്ട് കുതിച്ചു. ജനാസ ഖബറിലേക്കെടുക്കാൻ സമയമാവുന്നു. നിന്നു തിരിയാൻ കഴിയാത്തവിധം ജനം തടിച്ചുകൂടിയിരിക്കുന്നു. അത്യുഷ്ണകാലം എല്ലാവരും വിയർത്തൊഴുകുന്നു. സൂര്യൻ കത്തിജ്ജ്വലിക്കുന്നു ഭൂമി ചൂടുപിടിച്ചിരിക്കുന്നു. ഉഷ്ണം സഹിക്കാൻ വയ്യ. നിൽക്കാൻ കഴിയുന്നില്ല. ഇരിക്കാനും വയ്യ. മരണത്തിലെ ദുഃഖം അവരെ തളർത്തിയിരിക്കുന്നു. ഒപ്പം ഉഷ്ണവും... 


"ഓ... . സുലൈമാൻ.... രക്ഷിക്കൂ....." ജനങ്ങൾ സുലൈമാൻ (അ)നെ വിളിച്ചു കരയുന്നു.  


ചെറുപ്പക്കാരനായ സുലൈമാൻ (അ) വന്നു. വൻജനക്കൂട്ടം നോക്കി നിൽക്കുകയാണ്. നാല്പതിനായിരത്തോളം പണ്ഡിതന്മാരുണ്ട്. പിന്നെ, ജനസമുദ്രം തന്നെ...   


സുലൈമാൻ (അ) ഉറക്കെ വിളിച്ചു:


 "ഹേ....പറവകളേ..."

വിളിക്കുത്തരമെന്നോണം പല ഭാഗത്തുനിന്നും പറവകൾ പറന്നു വന്നു. 


"ജനക്കൂട്ടത്തിന് തണലാകൂ" സുലൈമാൻ (അ) കല്പിച്ചു.  


 പറവകൾ തിങ്ങിനിറഞ്ഞു. ഓരോ പക്ഷിയും ഇരു ചിറകുകളും നീട്ടിപ്പരത്തിനിന്നു.  എണ്ണിയാലൊതുങ്ങാത്ത പക്ഷികൾ. സൂര്യരശ്മികളെ തടുത്തുനിർത്തി. ചൂടു കുറഞ്ഞു. നേർത്ത കാറ്റ് വീശി. വല്ലാത്ത ആശ്വാസം. സുലൈമാൻ (അ)ൽ നിന്ന് ജനങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ അനുഭവമാണിത്...


 ദാവൂദ് (അ)ന്റെ ഭൗതിക ശരീരം ഖബറിലേക്ക് താഴ്ത്തി. ഖബറടക്കൽ കർമ്മം അവസാനിച്ചു. മഹാരാജാവ് പോയി ഇനിയാര്..? അവർ സുലൈമാൻ(അ)ന്റെ മുഖത്തേക്കുനോക്കി. നിറഞ്ഞ പ്രതീക്ഷയോടെ... 


 അല്ലാഹു ﷻ പറയുന്നു : "ദാവൂദിന് നാം സുലൈമാനെ നൽകി. അദ്ദേഹം വളരെ നല്ല അടിയൻ. നിശ്ചയമായും അദ്ദേഹം വളരെ വണക്കമുള്ള ആളാകുന്നു." (38:30)


 ദാവൂദ് നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ☝????


ദാവൂദ് നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 ദാവൂദ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】