ഇസ്രാഈലി സമൂഹത്തിൽ വന്ന അവസാനത്തെ പ്രവാചകനായിരുന്നു ഈസാ(അ).
സൂറത്ത് മാഇദയിൽ ഇങ്ങനെ കാണാം : "ഇസ്രാഈൽ സന്തതികളിൽ നിന്ന് വിശ്വസിക്കാത്തവർ ദാവൂദിന്റെയും മർയമിന്റയും മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത് അവർ അനുസരണക്കേട് കാണിക്കുകയും അതിര് വിടുകയും ചെയ്തതുകൊണ്ടാകുന്നു." (5:81)
ഒരു കൂട്ടർ ചെയ്യുന്ന തെറ്റ് മറ്റൊരുകൂട്ടർ തടയുന്നില്ല. അക്കൂട്ടർ ചെയ്യുന്നത് ഇവരും തടയുന്നില്ല. തെറ്റുകുറ്റങ്ങൾ ചെയ്യുന്നതിൽ പരസ്പര സഹകരണം. രണ്ടു പ്രവാചകന്മാർ അവരെ ശപിക്കാനുള്ള കാരണം അതാകുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു : "അവർ ചെയ്ത ദുരാചാരത്തെക്കുറിച്ച് അവർ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ." (5:82)
മറ്റുള്ളവരെ തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കണം. അധികാരവും ശക്തിയുമുള്ളവർ അതുപയോഗിച്ചു തടയണം. അതിനു കഴിയാത്തവർ വാക്കുകൊണ്ടു. തടയണം അവരുമായുള്ള ബന്ധം ഉപേക്ഷിക്കണം.
സത്യവിശ്വാസികൾ സഹോദരന്മാരാണ്. അവർ പരസ്പരം സഹകരിക്കണം. സത്യവിശ്വാസി തന്റെ കൈകാര്യകർത്താക്കളായി വിശ്വസിക്കാത്തവരെ നിയോഗിക്കരുത്. സത്യവിശ്വാസിയുടെ സംസ്കാരവും വിശ്വാസവും കാലക്രമേണ നശിച്ചുപോവാൻ ഇത് ഇടവരുത്തും.
ഇസ്രാഈല്യർക്ക് ഇതാണ് സംഭവിച്ചത്. വിശ്വസിച്ചവരും വിശ്വാസിക്കാത്തവരും ഇടകലർന്നു. വിശ്വാസവും സംസ്കാരവും മലീമസമാകുംവിധം അവർ കൂടിക്കലർന്നു. അവർ പാപം ചെയ്തു. കുറ്റക്കാരായി. ശിക്ഷാർഹരായി. നരകത്തിന്റെ അവകാശികളായി.
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: "അവരിൽ നിന്ന് പലരെയും വിശ്വസിക്കാത്തവരോട് മൈത്രീ ബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാം. അവരുടെ നഫ്സുകൾ (സ്വന്തങ്ങൾ) തങ്ങൾക്കുവേണ്ടി മുന്നൊരുക്കി വെച്ചിട്ടുള്ളത് വളരെ ചീത്തതന്നെ. അല്ലാഹുﷻ അവരോട് ക്രോധം വെച്ചിരിക്കുന്നു. ശിക്ഷയിലാവട്ടെ അവർ ശാശ്വതമായിരിക്കും. (ഇതാണവർ തങ്ങൾക്കു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്." (5:83)
ഇസ്രാഈലുകാർ ഈ സ്വഭാവം തലമുറകളിലൂടെ നിലനിർത്തുകയാണ് ചെയ്തത്. അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ കാലത്തും അവർ പല കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരുന്നു.
നബിﷺതങ്ങൾ ഒരിക്കൽ സ്വഹാബികളോട് ഇങ്ങനെ പറഞ്ഞു : ഇസ്രാഈല്യരിൽ ആദ്യം വീഴ്ച വന്നത് ഇങ്ങനെയായിരുന്നു. ഒരാൾ തെറ്റു ചെയ്യുന്നത് കാണുമ്പോൾ മറ്റൊരാൾ പറയുന്നു. ഇത് തെറ്റാണ് ചെയ്യരുത്. പിറ്റെ ദിവസം അയാൾ അതേ തെറ്റ് ചെയ്യുന്നു. ഉപദേശിച്ചയാൾ അയാളോടൊപ്പം തിന്നുകയും കുടിക്കുകയും സഹവസിക്കുകയും ചെയ്യുന്നു. ഒരു പ്രയാസവുമില്ലാതെ.
അങ്ങനെ ചെയ്യുവാൻ തുടങ്ങിയപ്പോൾ അല്ലാഹു ﷻ അവരുടെ ഹൃദയങ്ങളെ തമ്മിൽ തല്ലിച്ചു. അവർ ഭിന്നിച്ചു. എന്നിട്ട് നബി ﷺ ഈ ഖുർആൻ വചനങ്ങൾ ഓതി. തുടർന്നിങ്ങനെ പറഞ്ഞു: "അല്ലാഹുവാണെ സത്യം നിങ്ങൾ സദാചാരംകൊണ്ട് കല്പിക്കുകയും ദുരാചാരം വിരോധിക്കുകയും വേണം. നിങ്ങൾ അക്രമിയുടെ കൈക്ക് പിടിക്കുകയും വേണം. അവനെ യഥാർത്ഥത്തിലൂടെ നടത്തുകയും വേണം.
ഇതാണ് ഒരു സത്യവിശ്വാസിയുടെ കടമ. ഇതിൽ നിന്ന് പിൻമാറിയാൽ അല്ലാഹുﷻവിന്റെ കോപത്തിനിരയായിത്തീരും.