Wednesday - 22 April, 2026 4-Dhu al-Qadah-1447

ത്വാലൂത്ത് രാജാവ് (1)

   "എല്ലാ വിഭാഗക്കാർക്കും രാജാക്കന്മാരുണ്ട്. ഞങ്ങൾക്കു മാത്രം രാജാവില്ല. ഞങ്ങൾക്കും വേണം ഒരു രാജാവ്. ഞങ്ങൾക്കൊരു രാജാവിനെ നൽകാൻ വേണ്ടി താങ്കൾ അല്ലാഹുﷻവിനോട് പ്രാർത്ഥന നടത്തുക." ഇസ്രാഈൽ ശമവീൽ നബിയോട് ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടപ്പോൾ പ്രവാചകൻ പ്രാർത്ഥിച്ചു...  


"അല്ലാഹു ﷻ നിങ്ങൾക്കൊരു  രാജാവിനെ നൽകിയെന്ന് കരുതുക. അദ്ദേഹം നിങ്ങളെ ഒരു യുദ്ധത്തിലേക്കു ക്ഷണിക്കുന്നുവെന്നും കരുതുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങൾ യുദ്ധത്തിന് തയ്യാറാകുമോ? അതോ അനുസരിക്കാതെ പിന്തിരിഞ്ഞു പോകുമോ?" ശമവീൽ (അ) അവരോട് ചോദിച്ചു...


"രാജാവ് യുദ്ധത്തിന് ക്ഷണിച്ചാൽ ഞങ്ങൾ തീർച്ചയായും ആ ക്ഷണം സ്വീകരിക്കും. ഞങ്ങൾ യുദ്ധം ചെയ്യും. ഞങ്ങളെങ്ങനെ യുദ്ധം ചെയ്യാതെ മാറിനിൽക്കും. അമാലിക്കുകൾ ഞങ്ങളുടെ വീടുകളിൽ നിന്ന് ആട്ടിയോടിച്ചില്ലേ? ഞങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കിയില്ലേ? ആ ശത്രുക്കൾക്കെതിരെ ഞങ്ങൾ പൊരുതും." ഇസ്രാഈല്യർ ഉറക്കെ പ്രഖ്യാപിച്ചു  


ഈ വീമ്പിളക്കലൊന്നും നബിയുടെ വില കെടുത്തിയില്ല. ഇസ്രാഈല്യരുടെ സ്വഭാവം നബിക്കറിയാം. യുദ്ധം ചെയ്യാൻ നിർബന്ധമായി വന്നാൽ എത്ര പേർ ഉറച്ചുനിൽക്കും? കണ്ടുതന്നെ അറിയണം.  


 ശമവീൽ നബിയും ഇസ്രാഈല്യരും തമ്മിൽ നടന്ന ഈ സംഭാഷണം അൽബഖറ സൂറത്തിൽ ഇങ്ങനെ കാണാം : 


"നീ കണ്ടില്ലേ, മൂസയുടെ കാലശേഷം ഇസ്രാഈൽ സന്തതികളിൽ നിന്നുള്ള പ്രധാനികളെ? അവർ അവരുടെ ഒരു പ്രവാചകനോട് പറഞ്ഞ സന്ദർഭം

 താങ്കൾ ഞങ്ങൾക്ക് ഒരു രാജാവിനെ നിയോഗിച്ചു തരണം. ഞങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം."


"അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മേൽ യുദ്ധം നിയമമാക്കപ്പെടുന്നപക്ഷം, നിങ്ങൾ യുദ്ധം ചെയ്യാതെ മാറിനിൽക്കുമോ?" 


"അവർ പറഞ്ഞു: യുദ്ധം ചെയ്യാതിരിക്കാൻ ഞങ്ങൾക്കെന്ത് കാരണമാണുള്ളത്?  ഞങ്ങളുടെ ഭവനങ്ങളിൽ നിന്നും സന്താനങ്ങളിൽ നിന്നും ഞങ്ങൾ പുറത്താക്കപ്പെട്ട സ്ഥിതിക്ക്."  


"എന്നിട്ട്, അവരുടെ മേൽ യുദ്ധം നിയമമാക്കപ്പെട്ടപ്പോൾ അവർ തിരിഞ്ഞു കളഞ്ഞു. അവരിൽ നിന്ന് അൽപം ആളുകളൊഴികെ. അല്ലാഹു അക്രമകാരികളെക്കുറിച്ചു നന്നായി അറിയുന്നവനാകുന്നു." (2:246)


 ശമവീൽ (അ) ജനങ്ങളെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. അല്ലാഹുﷻവിന്റെ കല്പനകൾ അനുസരിക്കുക. അവ ലംഘിക്കരുത്. ലംഘിച്ചാൽ പാപികളായിപ്പോവും.   


ശമവീൽ നബിക്ക് ഒരു വടിയും ഒരു പാത്രത്തിൽ എണ്ണയും കിട്ടി. കൂടെ ഇങ്ങനെ ഒരു സന്ദേശവും വന്നു. 


 "ഒരാൾ നിന്റെ വീട്ടിൽ പ്രവേശിക്കും. അപ്പോൾ ഈ എണ്ണ തിളക്കും. വടി അയാളുടെ പൊക്കത്തിനൊപ്പം ദൈർഘ്യമുള്ളതായിത്തീരും. അയാളെ ഇസ്രാഈല്യരുടെ രാജാവായി നിയോഗിക്കുക. അയാളുടെ തലയിലും മുഖത്തും ഈ എണ്ണ പുരട്ടുക. രാജാധികാര ചിഹ്നമായി കൊടി ഉയർത്തുകയും ചെയ്യുക."


 ശമവീൽ രാജാവ് കാത്തിരുന്നു. പലരും വീട്ടിൽ വന്നു. എണ്ണ തിളച്ചില്ല. ദിവസങ്ങൾ കഴിയുംതോറും വാർത്തക്കു പ്രചാരം വർദ്ധിച്ചുവന്നു. ഇസ്രാഈല്യരിൽ പെട്ട പല പ്രമുഖന്മാരും വന്നു. എണ്ണ അതേ പടി തന്നെ കിടന്നു.  


 ഇസ്രാഈല്യർ പന്ത്രണ്ട് ഗോത്രക്കാരായിരുന്നു. അതിൽ പ്രമുഖ ഗോത്രമായിരുന്നു ലേവി. ആ ഗോത്രത്തിലാണ് പ്രവാചകന്മാർ പിറന്നത്. മറ്റൊരു പ്രമുഖ ഗോത്രമായിരുന്നു യഹൂദ്യ.  ആ ഗോത്രത്തിൽ ന്യായാധിപന്മാർ ഉണ്ടായിരുന്നു. പല ഗോത്രങ്ങൾക്കും പല പ്രത്യേകതകളാണ്. ചിലതിൽ ധീര യോദ്ധാക്കൾ കാണും. ചിലരിൽ ബുദ്ധിജീവികൾ. ചിലതിൽ ജനനേതാക്കളും. ധനികരും കാണും.   


എടുത്തു പറയാൻ പറ്റുന്ന നേട്ടങ്ങളില്ലാത്ത ഒരു ചെറിയ ഗോത്രമാണ് ബിൻയാമിൻ. ഈ ഗോത്രത്തിലെ ഒരു പ്രമുഖൻ ദുഃഖിതനായി. ഒരുദിവസം അദ്ദേഹത്തിന്റെ ഒരു കഴുതയെ കാണാതായി. സമീപ പ്രദേശത്തൊന്നും കാണാനില്ല. ഇനി ദൂര ദിക്കുകളിൽ അന്വേഷിക്കണം. അതിനുവേണ്ടി സ്വന്തം മകനെയും ഭൃത്യനെയും അയച്ചു. കഴുത പോയതാണ് ദുഃഖം...