ഇസ്രാഈല്യരിൽ എടുത്ത പറയാൻ പറ്റുന്ന നേട്ടങ്ങളില്ലാത്ത ഒരു ചെറിയ ഗോത്രമാണ് ബിൻയാമിൻ. ഈ ഗോത്രത്തിലെ ഒരു പ്രമുഖൻ ദുഃഖിതനായി. ഒരുദിവസം അദ്ദേഹത്തിന്റെ ഒരു കഴുതയെ കാണാതായി. സമീപ പ്രദേശത്തൊന്നും കാണാനില്ല. ഇനി ദൂര ദിക്കുകളിൽ അന്വേഷിക്കണം. അതിനുവേണ്ടി സ്വന്തം മകനെയും ഭൃത്യനെയും അയച്ചു. കഴുത പോയതാണ് ദുഃഖം...
മകന്റെ പേർ ത്വാലൂത്ത് എന്നായിരുന്നു. സുമുഖനും, ധീരനും, ബുദ്ധിമാനുമായ ത്വാലൂത്ത്. ഭൃത്യനോടൊപ്പം പല സ്ഥലങ്ങളിൽ കറങ്ങി. കഴുതയെ കണ്ടില്ല. അങ്ങനെയവർ ശമവീൽ നബിയുടെ നാട്ടിലെത്തി. ഒരു വീട്ടിലേക്ക് ധാരാളമാളുകൾ വരുന്നതും പോവുന്നതും അവർ കണ്ടു. അതാരുടെ വീടാണ്..? ത്വാലൂത്ത് അന്വേഷിച്ചു...
"ശമവീൽ നബിയുടെ വീടാണ്." ഒരാൾ പറഞ്ഞുകൊടുത്തു. നബിയുടെ വീട്ടിലേക്ക് നമുക്കും പോയി നോക്കാം. കഴുതയെക്കുറിച്ച് വല്ല വിവരവും കിട്ടിയേക്കാം.
ത്വാലൂത്ത് ഭൃത്യനോട് പറഞ്ഞു. അവർ വീട്ടിലേക്ക് കയറിച്ചെന്നു.
ത്വാലൂത്ത് വീട്ടിൽ പ്രവേശിച്ചതോടെ എണ്ണ തിളയ്ക്കാൻ തുടങ്ങി. വടി ത്വാലൂത്തിന്റെ ഉയരത്തിന് തുല്യമായി. ശമവീൽ നബി (അ) ഉടനെത്തന്നെ ത്വാലൂത്തിന്റെ തലയിലും മുഖത്തും എണ്ണ പുരട്ടിക്കൊടുത്തു. എന്നിട്ട് സന്തോഷപൂർവ്വം പറഞ്ഞു.
"ത്വാലൂത്ത് താങ്കളെ അല്ലാഹു ﷻ ഇസ്രാഈല്യരുടെ രാജാവായി നിയോഗിച്ചിരിക്കുന്നു."
"ഞാനൊരു ചെറിയ ഗോത്രത്തിലാണ് ജനിച്ചത്. സമൂഹത്തിലെ ഉന്ന ഗോത്രക്കാരുടെ രാജാവായി ഞാനെങ്ങനെ വാഴും..?"
"ത്വാലൂത്ത് ഇത് അല്ലാഹു ﷻ നൽകിയ അനുഗ്രഹമാണ്. സന്തോഷമായി സ്വീകരിച്ചുകൊള്ളൂ."
"എന്റെ മനസ്സിന്റെ സമാധാനത്തിനുവേണ്ടി ഒരു അടയാളം നൽകണം."
"താങ്കൾ വീട്ടിലെത്തുമ്പോൾ നഷ്ടപ്പെട്ട കഴുത അവിടെ എത്തിയിട്ടുണ്ടാവും." പറഞ്ഞതുപോലെ സംഭവിച്ചു. ത്വാലൂത്ത് വീട്ടിലെത്തുമ്പോൾ കഴുത എത്തിയിരിക്കുന്നു. ഇസ്രാഈല്യരിലെ കുലീന ഗോത്രക്കാർ ത്വാലൂത്തിനെ രാജാവായി സ്വീകരിക്കാൻ തയ്യാറായില്ല...
"ത്വാലൂത്തിന് മാന്യത പോര. കുലമഹിമയില്ല. ധനവാനല്ല. ഞങ്ങളിൽ നിന്നൊരാളെ രാജാവാക്കണം." ഇസ്രാഈല്യർ നബിയെ ശല്യപ്പെടുത്തി.
"അല്ലാഹു ﷻ ഉദ്ദേശിക്കുന്നവരെ അവൻ രാജാവാക്കും. അത് ചോദ്യം ചെയ്യരുത്." നബി ഉപദേശിച്ചു
"ത്വാലൂത്ത് രാജാവാണെന്നതിന് ദൃഷ്ടാന്തം വേണം." ജനങ്ങൾ നിർബന്ധം പിടിച്ചു.
അപ്പോൾ അല്ലാഹു ﷻ നബിയെ ഇങ്ങനെ അറിയിച്ചു: "ഇസ്രാഈല്യരിൽ നിന്ന് അമാലിക്കത്തുകൾ സ്വന്തമാക്കിയ സക്കീനത്ത് പെട്ടി അവർക്കു തിരിച്ചുകിട്ടും. അതാണ് ദൃഷ്ടാന്തം."
വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയിൽ ഇങ്ങനെ പറയുന്നു : "അവരുടെ പ്രവാചകൻ അവരോട് പറഞ്ഞു: നിശ്ചയമായും അല്ലാഹു ത്വാലൂത്തിനെ നിങ്ങൾക്ക് രാജാവായി നിയോഗിച്ചു തന്നിട്ടുണ്ട്."
"അവർ പറഞ്ഞു: എങ്ങനെയാണ് അവന് ഞങ്ങളുടെ മേൽ രാജത്വം ഉണ്ടാകുന്നത്? ഞങ്ങളാകട്ടെ രാജത്വത്തിന് അവനെക്കാൾ അർഹതയുള്ളവരാകുന്നു. സാമ്പത്തികമായ കഴിവും അവന് നൽകപ്പെട്ടിട്ടില്ല."
"അദ്ദേഹം (പ്രവാചകൻ) പറഞ്ഞു: നിശ്ചയമായും അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേൽ (രാജത്വത്തിന്) തിരഞ്ഞെടുത്തിരിക്കുന്നു. അവൻ അദ്ദേഹത്തിന് അറിവിലും ശരീരത്തിലും വികാസം കൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ വക രാജത്വം നൽകുന്നു. അല്ലാഹു വിശാലനും എല്ലാം അറിയുന്നവനുമാകുന്നു." (2:247)
പ്രവാചകൻ ത്വാലൂത്തിന്റെ നിയോഗം അംഗീകരിക്കണമെന്ന് ജനങ്ങളെ പലതവണ ഉപദേശിച്ചു. "ത്വാലൂത്തിന് വിജ്ഞാനമുണ്ട്. വിവേകമുണ്ട്. ആരോഗ്യവും ധൈര്യവുമുണ്ട്. ഇനി വേണ്ട ഗുണങ്ങൾ സാന്ദർഭികമായി കിട്ടിക്കൊണ്ടിരിക്കും. ഇസ്രാഈല്യരെ നയിക്കാൻ അദ്ദേഹത്തിന് കഴിയും."
വിശുദ്ധ ഖുർആൻ പറയുന്നു : "അവരുടെ പ്രവാചകൻ പറഞ്ഞു അദ്ദേഹത്തിന്റെ രാജത്വത്തിന്റെ ദൃഷ്ടാന്തം ആ താബൂത്ത് (പെട്ടി) നിങ്ങൾക്ക് വന്നെത്തലാകുന്നു. അതിൽ നിങ്ങളുടെ റബ്ബിൽ നിന്ന് ശാന്തിയും മൂസായുടെ ആൾക്കാരും ഹാറൂനിന്റെ വിട്ടേച്ചുപോയതിൽ നിന്നുള്ള ചില അവശിഷ്ടവുമുണ്ടായിരിക്കും. മലക്കുകൾ അത് വഹിച്ചു കൊണ്ട് വരുന്നതാണ്. നിശ്ചയമായും അതിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്. നിങ്ങൾ വിശ്വാസികളാണെങ്കിൽ." (2:248)
ഈസ്രാഈല്യർക്ക് അതൊരു ആശ്ചര്യകരമായ വാർത്തയായിരുന്നു. തങ്ങൾക്കു നഷ്ടപ്പെട്ട പെട്ടകം തിരിച്ചുകിട്ടുക. അതിനെക്കുറിച്ചോർത്തു സങ്കടപ്പെടാൻ തുടങ്ങിയിട്ട് കാലമെത്രെയായി. ആ സങ്കടം തീരാൻ പോവുകയാണോ..? അല്ലാഹുﷻവിന്റെ മഹത്തായ അനുഗ്രഹം തന്നെ...