Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രവാചകൻ (2)

   ഇസ്രാഈല്യരുടെ ഒരു പ്രധാന ഗോത്രമാണ് ലേവി ആ ഗോത്രത്തിൽ നിന്ന് പ്രവാചകൻമാർ വന്നിട്ടുണ്ട്. ഇനിയൊരു പ്രവാചകൻ ആ ഗോത്രത്തിൽ നിന്ന് വരുമെന്ന് തോന്നുന്നില്ല. ആ ഗോത്രത്തിലെ പുരുഷന്മാരെല്ലാം വധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും വധിക്കപ്പെട്ടുപോയി. ഇനി ഒരു സ്ത്രീമാത്രം ബാക്കിയുണ്ട്. അവരുടെ ഭർത്താവിനെയും അവർക്ക് നഷ്ടപ്പെട്ടിരുന്നു. അവർ മനസ്സുരുകി പ്രാർത്ഥന നടത്തി...


 "സർവ്വശക്തനായ അല്ലാഹുവേ ഒരു മഹത്തായ ഗോത്രം ഇതാ നശിച്ചു നാമാവശേഷമായിരിക്കുന്നു. ഒരൊറ്റ പുരുഷനും ബാക്കിയായതായി അറിവില്ല. അല്ലാഹുവേ നീ സർവ്വശക്തനാണ്. എന്തിനും കഴിവുള്ളവനാണ്. റബ്ബേ.... ഈ പാവപ്പെട്ടവൾക്ക് നീ ഒരാൺകുഞ്ഞിനെ നൽകേണമേ....." പൊട്ടിക്കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന. നിരന്തരമായ തേട്ടം കണ്ണീരിൽ കുതിർന്ന വാക്കുകൾ സ്വീകരിക്കപ്പെട്ടു. ആ സ്ത്രീ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് അശ്മവീൽ (ശമവീൽ) എന്നു പേരിട്ടു.  


അല്ലാഹു ﷻ എന്റെ പ്രാർത്ഥന കേട്ടു എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഹീബ്രു ഭാഷയിൽ ഇസ്മാഈൽ എന്ന് അർത്ഥം പറയാം. ശമുവീലിന്റെ കുട്ടിക്കാലത്തെക്കുറിച്ചു വിശദ വിവരങ്ങൾ ലഭിക്കുന്നില്ല. ശമുവീലിന്റെ ജനനത്തിനു മുമ്പുതന്നെ പിതാവ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയെ ഉമ്മ കഷ്ടപ്പെട്ട് വളർത്തിയെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉമ്മയിൽ നിന്ന് കുട്ടി വളരെയേറെ അറിവുകൾ നേടിയെന്നും നാല്പതാം വയസ്സിൽ പ്രവാചകത്വം ലഭിച്ചെന്നും രേഖപ്പെടുത്തിയിരിക്കുന്നു.


 പിന്നീട് മസ്ജിദിലെ ദർസിൽ ചേർന്നു. ഒരു പണ്ഡിതനിൽ നിന്ന് പഠിക്കാൻ തുടങ്ങി. ആരാധനാ കർമ്മങ്ങളെല്ലാം അദ്ദേഹത്തിൽ നിന്ന് പഠിച്ചു. ഒരു രാത്രി ശമവീൽ മസ്ജിദിൽ ഉറങ്ങുകയായിരുന്നു. തന്റെ ഉസ്താദും പള്ളിയിൽ ഉറങ്ങുന്നുണ്ട്. ശമവീൽ ഏതോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഉസ്താദ് വിളിച്ചതായിരിക്കുമോ? 


ശമവീൽ ഉണർന്നെഴുന്നേറ്റു. ഉസ്താദിന്റെ മുറിയിലേക്ക് ധൃതിയിൽ ചെന്നു. ആദരവോടെ ചോദിച്ചു 

"അങ്ങ് എന്നെ വിളിച്ചുവോ?" 


ഉസ്താദ് ഉറക്കച്ചടവോടെ മറുപടി  പറഞ്ഞു : "ങ....ങാ...." അദ്ദേഹം ഉറക്കിലേക്ക് വീണു. 


ശമവീൽ വന്നു കിടന്നു. ഉറങ്ങി. ഉറങ്ങിയപ്പോൾ ആരോ തന്നെ വിളിക്കുന്നു. ഉണർന്നെഴുന്നേറ്റു ഉസ്താദ് ഉറക്കിൽ തന്നെ. പിന്നാരാണ് തന്നെ വിളിച്ചത്?  വീണ്ടും കിടന്നു ഉറങ്ങി. മൂന്നാം തവണയും വിളിയുടെ ശബ്ദം ഉണർന്നു. അപ്പോൾ ഇങ്ങനെ പറയുന്നത് കേട്ടു. 


"ഞാൻ ജിബ്രീൽ ആകുന്നു. അല്ലാഹു ﷻ താങ്കളെ നബിയായി നിയോഗിച്ചിരിക്കുന്നു. താങ്കളുടെ സമുദായത്തിലേക്കുള്ള നബിയാണ് താങ്കൾ." 


ശമവീൽ തന്റെ ബന്ധുക്കളെ സമീപിച്ചു. താൻ പ്രവാചകനായി നിയോഗിക്കപ്പെട്ട വിവരം പറഞ്ഞു. ചിലർ അത് വിശ്വസിച്ചു. പലരും സംശയിച്ചുനിന്നു. 


 അമാലിഖത്തുമായുള്ള യുദ്ധങ്ങൾ കാരണമായി ഇസ്രാഈലി വംശം തകർന്നു തരിപ്പണമായിപ്പോയിരുന്നു. ആ തകർച്ചയുടെ ഘട്ടത്തിലാണ് ശമവീൽ ജനിച്ചത്. അതിനുശേഷം നാല്പതിലേറെ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. പുതിയ തലമുറ വളർന്നുവന്നിരിക്കുന്നു. എന്നാലും അവർ ശക്തരല്ല. ഇനിയവർക്ക് വളരണം. ശക്തരാവണം. പഴയ പ്രതാപം വീണ്ടെടുക്കണം. അതിന്നവർക്ക് ശക്തനായ നേതാവ് വേണം. ഒരു പ്രവാചകൻ വേണം. ശമവീൽ പ്രവാചകനായി വരുന്നത് നല്ലതുതന്നെ എന്ന ചിന്ത വളർന്നു.


 അമാലിഖത്ത് നടത്തിയ കൊടും ക്രൂരതകൾ അവർ വേദനയോടെ ഓർക്കുന്നു. പ്രതികാരം ചെയ്യണം. യുദ്ധം നടത്തണം. യുദ്ധം നയിക്കാൻ ഒരു രാജാവ് തന്നെ വേണം. അവർ അങ്ങനെ ചിന്തിക്കാൻ തുടങ്ങി...