Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രശംസ

   മുഹമ്മദ് നബി ﷺ തങ്ങൾ ഇസ്ലാം മത പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന കാലം. ശത്രുക്കളുടെ ഉപദ്രവം വർദ്ധിച്ചിരിക്കുന്നു. പ്രവാചകനും (ﷺ) അനുയായികളും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുﷻ അവരോട് ക്ഷമിക്കുവാൻ ഉപദേശിക്കുന്നു. ദാവൂദ് (അ)നെ ഓർക്കുവാനും ആവശ്യപ്പെടുന്നു...


 വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ... "(നബിയേ) അവർ പറയുന്നതിനെപ്പറ്റി ക്ഷമിച്ചു കൊള്ളുക. നമ്മുടെ അടിയനെ, കരുത്തുള്ള ദാവൂദിനെ, ഓർക്കുകയും ചെയ്യുക. നിശ്ചയമായും അദ്ദേഹം വളരെ വണക്കമുള്ള ആളായിരുന്നു." (38:17)


 നബിﷺതങ്ങൾ പലപ്പോഴും ദാവൂദ് (അ)നെ ഓർക്കാറുണ്ടായിരുന്നു. പ്രശംസിച്ചു സംസാരിക്കാറുണ്ടായിരുന്നു. ഈ വിശുദ്ധ ഖുർആൻ വചനം തന്നെ പ്രശംസയാകുന്നു. ഒന്നാമത്തെ പ്രശംസ നമ്മുടെ അടിയൻ എന്നുള്ളതാകുന്നു.  


 അല്ലാഹുﷻവിന്റെ കല്പനകളനുസരിച്ചു ജനങ്ങളെ സത്യമാർഗ്ഗത്തിലേക്കു ക്ഷണിച്ചു. നീതിയോടെ ഭരണം നടത്തി. ശരീരത്തിന്റെ കരുത്ത് നല്ല കാര്യങ്ങൾക്കായി പ്രയോഗിച്ചു. അങ്ങനെ അല്ലാഹുﷻവിന്റെ ഇഷ്ടദാസനായിത്തീർന്നു... 


രണ്ടാമത്തെ പ്രശംസ കരുത്തുറ്റവൻ എന്നാകുന്നു. പലതരം കഴിവുകളുണ്ടായിരുന്നു. ശരീരശേഷി, ആയുധ പ്രയോഗം, ഭരണനൈപുണ്യം, സൈനിക ശക്തി, സാധന സാമഗ്രികളുടെ ശേഖരം, ലോക പ്രശസ്തി അങ്ങനെ എല്ലാ രംഗത്തും ഒന്നാമനായിരുന്നു...  


വണക്കവും വിനയമുള്ളവനും എന്നതാണ് മൂന്നമത്തെ പ്രശംസ. അല്ലാഹുﷻവിന്റെ സൃഷ്ടികളെ സ്നേഹിച്ചു. ആദരിച്ചു  അല്ലാഹുﷻവിനോടുള്ള ഭക്തി മനസ്സിൽ നിറഞ്ഞുനിന്നു... 


 നബിﷺ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട് : "നിസ്കാരത്തിൽ വെച്ച് അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നിസ്കാരമാകുന്നു. നോമ്പുകളിൽ വെച്ച് അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പാകുന്നു."


 അദ്ദേഹം രാത്രി പകുതി സമയം ഉറങ്ങും. മൂന്നിലൊരു ഭാഗം എഴുന്നേറ്റിരുന്നു നിസ്കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പ് പിടിക്കും. ഒരു ദിവസം നോമ്പ് വിടും. വളരെ വണക്കമുള്ള ആളായിരുന്നു. ശത്രുക്കളുമായി ഏറ്റുമുട്ടിയാൽ പിന്മാറില്ല... 


 മറ്റൊരിക്കൽ നബിﷺതങ്ങൾ പറഞ്ഞു: "ദാവൂദ് (അ) സ്വന്തം കൈകൊണ്ട് അധ്വാനിച്ചു നേടിയതിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിട്ടില്ല. ഒരിക്കൽ നബി ﷺ പറഞ്ഞു : "മനുഷ്യരുടെ കൂട്ടത്തിൽ വലിയ ഇബാദത്തുകാരനായിരുന്നു ദാവൂദ് (അ)."  


ദാവൂദ് നബി(അ)ക്ക് അല്ലാഹു ﷻനൽകിയ ചില അനുഗ്രഹങ്ങൾ താഴെ വചനങ്ങളിൽ പറയുന്നു: "സന്ധ്യാസമയത്തും  പ്രഭാതത്തിലും തസ്ബീഹ് ചെയ്തുകൊണ്ട് അദ്ദേഹത്തോടൊപ്പം പർവ്വതങ്ങളെ നാം കീഴ്പ്പെടുത്തുകയുണ്ടായി." (38:18)


 പ്രഭാതവേളയിലും സന്ധ്യാ വേളയിലുള്ള തസ്ബീഹിൽ പർവ്വതങ്ങൾ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. പക്ഷികൾ അദ്ദേഹത്തിന് ചുറ്റും പറന്നുകൂടും.  തസ്ബീഹിൽ പങ്കെടുക്കും.  


ഖുർആൻ പറയുന്നു : "ഒരുമിച്ചു കൂട്ടപ്പെട്ട നിലയിൽ പക്ഷികളെയും (കീഴ്പ്പെടുത്തി). അവയെല്ലാം അദ്ദേഹത്തോട് വണക്കമുള്ളതായിരുന്നു." (38:19)


 "അദ്ദേഹത്തിന്റെ ഭരണാധിപത്യത്തെ നാം ശക്തമാക്കുകയും. അദ്ദേഹത്തിന് വിജ്ഞാനവും അഭിമുഖ സംസാരത്തിൽ തീരുമാന വൈഭവവും നൽകി." (38:20)


 വിവിധ തരക്കാരായ നിരവധി പേരുമായി ഓരോ ദിവസവും അഭിമുഖ സംഭാഷണം നടത്തേണ്ടിവരും. സംസാരവിഷയത്തിൽ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുവാനുള്ള വൈഭവം അല്ലാഹുﷻ അദ്ദേഹത്തിന് നൽകിയിരുന്നു. 


 തർക്കങ്ങളുമായി വരുന്നവർക്ക് നീതിയോടെ വിധി കിട്ടണം. ഇരു കൂട്ടരെയും വിസ്തരിക്കണം. തെറ്റു സംഭവിച്ചത് ആർക്കാണെന്ന് കൃത്യമായി മനസ്സിലാക്കണം. ഇരുകൂട്ടരെയും സത്യം ബോധ്യപ്പെടുത്തി വിധി പ്രഖ്യാപിക്കണം. ആരോടും ഒരളവോളവും അനീതി കാണിക്കാൻ പാടില്ല. ഇതിനെല്ലാമുള്ള വൈഭവം അല്ലാഹു ﷻ നൽകിയിരുന്നു. ഇവയൊക്കെ നബി ﷺ തങ്ങൾക്ക് അല്ലാഹു ﷻ അറിയിച്ചുകൊടുത്തു.