രണ്ടു സ്ത്രീകൾ. ഒരു വലിയ സ്ത്രീ, ഒരു ചെറിയ സ്ത്രീ. രണ്ടു പേരും തർക്കത്തിലായി. ഒരു കുഞ്ഞിന്റെ കാര്യത്തിൽ തർക്കം. കുഞ്ഞ് എന്റേതാണ് വലിയ സ്ത്രീ വാദിച്ചു. അല്ല, അത് എന്തേതാണ് ചെറിയ സ്ത്രീ വിട്ടുകൊടുത്തില്ല. വഴക്കു മൂത്തു. പലരും ഇടപെട്ടു. ഒരു തീരുമാനത്തിലെത്താനാർക്കും കഴിഞ്ഞില്ല.
ഒടുവിൽ കേസ് ദാവൂദ് (അ)ന്റെ മുമ്പിലെത്തി. കുറേ നേരം രണ്ടുപേരെയും വിസ്തരിച്ചു. അവരുടെ മൊഴികൾ പരിശോധിച്ചു.
രണ്ടു സ്ത്രീകൾക്കും ഓരോ കുട്ടികളുണ്ടായിരുന്നു. അവർ ഒരുമിച്ചു കഴിഞ്ഞുകൂടി. ഒരു ദിവസം ചെന്നായ വന്നു ഒരു കുട്ടിയെ പിടിച്ചു കൊണ്ടുപോയി. രണ്ടു ഉമ്മമാരും മനസ്സുരുകി നിലവിളിച്ചു. നിലവിളി ഒന്നടങ്ങിയപ്പോൾ വലിയാൾ ചോദിച്ചു: "നിന്റെ കുഞ്ഞിനെ ചെന്നായ കൊണ്ടുപോയി. എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റിയില്ല."
അപ്പോൾ ചെറിയവൾ ശബ്ദുമുയർത്തി. "നീയെന്ത് പറഞ്ഞു? എന്റെ കുഞ്ഞിനെ ചെന്നായ കൊണ്ടുപോയെന്നോ. ഇല്ല ഇല്ല നിന്റെ കുഞ്ഞിനെ ചെന്നായ കൊണ്ടുപോയി. ഇതെന്റെ കുഞ്ഞാണ്."
എല്ലാവരും ആകാംഷയോടെ മുൾമുനയിലാണ്. അപ്പോൾ ദാവൂദ് (അ)ന്റെ വിധി വന്നു. "കുഞ്ഞിനെ വലിയ സ്ത്രീക്ക് നൽകുന്നു."
വിധികേട്ട് വലിയ സ്ത്രീക്ക് സന്തോഷമായി. കണ്ണീർ തുടച്ചു പുഞ്ചിരി തൂകി കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു തുരുതുരെ ചുംബിച്ചു. ചെറിയ സ്ത്രീ മനസ്സുരുകി കരയുന്നു. വിധിയിൽ അവൾ സംതൃപ്തയല്ല...
സുലൈമാൻ (അ) വിധിയറിഞ്ഞു. ചെറിയ സ്ത്രീയുടെ നിലവിളി കേട്ടു. ആ കണ്ണീരും നെടുവീർപ്പും പ്രത്യേകം ശ്രദ്ധിച്ചു. ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ സുലൈമാൻ (അ)ലാണ്. രണ്ടു സ്ത്രീകളും ആ സന്നിധിയിലുണ്ട്. രണ്ടു പേരുടെയും കരച്ചിൽ കണ്ടു. പരാതി കേട്ടു.
സുലൈമാൻ (അ) തന്റെ വേലക്കാരനനോടിങ്ങനെ കല്പിച്ചു: "നല്ല മൂർച്ചയുള്ള കത്തി കൊണ്ടുവരൂ..!"
കത്തി കൊണ്ടുവന്നു. എല്ലാവരും വളരെ ആകാംക്ഷയിലാണ്. കുഞ്ഞിനെ മേശപ്പുറത്ത് മലർത്തിക്കിടത്തി.
"കുഞ്ഞിനെ രണ്ടായി പിളർക്കാൻ പോവുകയാണ്. ഓരോരുത്തർക്കം ഓരോ പിളർപ്പ് കൊടുക്കാം... എന്താ എന്റെ വിധി സ്വീകാര്യമല്ലേ?"
"വിധി ഞാൻ സ്വീകരിക്കാം." വലിയ സ്ത്രീ പറഞ്ഞു.
ചെറിയ സ്ത്രീ ഉച്ചത്തിൽ കരഞ്ഞുകൊണ്ടു പറഞ്ഞു: "വേണ്ടാ.... കുഞ്ഞിനെ പിളർക്കേണ്ട. എനിക്ക് കുഞ്ഞിനെ വേണ്ട. അവൾക്ക് കൊടുത്തോളൂ. ഞാൻ സഹിച്ചോളാം. എന്നാലും കുഞ്ഞിന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഉണ്ടാവരുത്." സുലൈമാൻ (അ) കാര്യങ്ങൾ മനസ്സിലാക്കി.
കണ്ടുനിന്നവർക്കും സത്യം മനസ്സിലായി കുഞ്ഞിന്റെ യഥാർത്ഥ മാതാവ് ചെറിയ സ്ത്രീയാകുന്നു. കുഞ്ഞിന് ഒരാപത്ത് വരുന്നത് അവർക്ക് സഹിക്കാൻ കഴിയില്ല. കുഞ്ഞിനെ ചെറിയ സ്ത്രീക്ക് മടക്കിക്കൊടുത്തു. മകന്റെ വിധി പിതാവ് അംഗീകരിച്ചു...
ഇസ്രാഈല്യർക്കിടയിൽ ഈ സംഭവം വളരെ പ്രസിദ്ധമായിത്തീർന്നു. ഉമ്മാക്ക് കുഞ്ഞിനോടുള്ള കലർപ്പില്ലാത്ത സ്നേഹം. അതിന്റെ മികച്ച ഉദാഹരണമായി അവർ ഈ സംഭവം പറഞ്ഞു നടന്നു.
മുഹമ്മദ് നബിﷺ തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: വിധികർത്താവ് വിധി പറയുമ്പോൾ സത്യം കണ്ടെത്താൻ പരമാവധി ശ്രമിക്കണം. അപ്പോൾ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്. സത്യം കണ്ടെത്തിയതിന് ഒരു പ്രതിഫലം, ശ്രമം നടത്തിയതിന് രണ്ടാം പ്രതിഫലവും. ഇനി സത്യം കണ്ടെത്താൻ ശ്രമിച്ചു കണ്ടെത്തിയില്ല. എങ്കിൽ വിധികർത്താവിന് ഒരു പ്രതിഫലമുണ്ട്. ശ്രമിച്ചതിനുള്ള പ്രതിഫലം.
സത്യത്തോടൊപ്പം നിൽക്കണം. എന്നും. എപ്പോഴും. പേരും പദവിയും പണവും നഷ്ടപ്പെട്ടാലും നിൽപ് സത്യത്തോടൊപ്പം മാത്രം...