Wednesday - 22 April, 2026 4-Dhu al-Qadah-1447

അനുഗ്രഹങ്ങൾ എടുത്തു പറയുന്നു (1)

   ദാവൂദ് നബി (അ)ന്റെയും മകൻ സുലൈമാൻ (അ)ന്റെയും സംസാരം കൃതജ്ഞതാ നിർഭരമായിരുന്നു. അല്ലാഹുﷻ തങ്ങൾക്കു ചെയ്തുതന്ന മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച് അവർ എപ്പോഴും ഓർക്കും. സംസാരിക്കും. അവരുടെ കൃതജ്ഞതാബോധത്തെ അല്ലാഹുﷻ ഖുർആനിൽ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്.


 സൂറത്ത് നംലിൽ ഇങ്ങനെ കാണാം. "തീർച്ചയായും ദാവൂദിനും സുലൈമാനും നാം ജ്ഞാനം നൽകുകയുണ്ടായി. രണ്ടാളും പറയുകയും ചെയ്തു : സത്യവിശ്വാസികളായ തന്റെ അടിയാന്മാരിൽ മിക്കവരെക്കാളും  ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുﷻവിനാണ് സർവ്വ സ്തുതിയും." (27:15)


 ശക്തരായ ഭരണാധികാരികളും പ്രതാപശാലികളായ പ്രവാചകന്മാരായിരുന്നു  ആ പിതാവും പുത്രനും. മുമ്പുള്ളവർക്ക് കഴിയാത്ത മികച്ച പടയങ്കി നിർമാണം ദാവൂദ് (അ) ലോകത്തെ പഠിപ്പിച്ചു. ഇരുമ്പ്കൊണ്ടുള്ള വിവിധ സാമഗ്രികളുണ്ടാക്കാൻ പഠിപ്പിച്ചു.  


 പക്ഷികളുടെയും മൃഗങ്ങളുടെയും സംസാരം പഠിപ്പിച്ചുകൊടുത്തു. പർവ്വതങ്ങളുടെ തസ്ബീഹ് പഠിപ്പിച്ചു. അങ്ങനെ എന്തെല്ലാം വിജ്ഞാനങ്ങളാണവർക്ക് നൽകപ്പെട്ടത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ അവർ മറച്ചുവെച്ചില്ല. അനുഗ്രഹങ്ങൾ ജനങ്ങളോട് വിളിച്ചു പറയുകയാണ് ചെയ്തത്. 


 വിശുദ്ധ ഖുർആൻ പറയുന്നു: "സുലൈമാൻ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു : ഹേ! മനുഷ്യരേ! നമുക്ക് പക്ഷികളുടെ സംസാരം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ വസ്തുക്കളിൽ നിന്നും നമുക്കു നൽകപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ഇതുതന്നെയാണ് വ്യക്തമായ അനുഗ്രഹം." (27:16)


 പിതാവായ ദാവൂദ് (അ) നിന്ന് സുലൈമാൻ (അ) പ്രവാചകത്വവും രാജാധികാരവും അനന്തരമെടുത്തു. പിതാവിന് ലഭിച്ച അനുഗ്രഹങ്ങൾ പുത്രനും ലഭിച്ചു. തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ ജനങ്ങളോട് തുറന്നു പറയുകവഴി അവർ അല്ലാഹുﷻവിനോടുള്ള നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 


 ദാവൂദ് (അ) ന് അധികാരവും ശക്തിയും ഉണ്ടായിരുന്നതുകൊണ്ട് ഇസ്രാഈല്യർ അടങ്ങിയൊതുങ്ങിനിന്നുവെന്നേയുള്ളൂ. തക്കം കിട്ടിയാൽ ധിക്കാരം കാണിക്കും.  


 നന്മ കല്പിക്കുക, തിന്മ വിരോധിക്കുക  ഇതാണ് സത്യവിശ്വാസിയുടെ ലക്ഷണം ഇക്കാര്യത്തിൽ ഇസ്രാഈല്യർക്ക് വലിയ വീഴ്ച പറ്റിയിട്ടുണ്ട്. തെറ്റു ചെയ്യുന്നവനെ തടയില്ല. ചിലർ ഉപദേശിക്കും. ഉപദേശം സ്വീകരിച്ചില്ലെങ്കിലും സൗഹൃദം തുടരും. വെറുപ്പ് കാണിക്കില്ല. ഒരു തെറ്റ് ഒരു ദിവസം ചെയ്യും. അടുത്ത ദിവസം തെറ്റ് വർദ്ധിക്കും. തെറ്റുക്കാരുടെ കൂട്ടുകാർ വർദ്ധിക്കും. അവർ അക്രമാസക്തരാവും.  


 ഇക്കാരണത്താൽ ദാവൂദ് (അ) അവരെ ശപിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഈസാ(അ)മും ശപിച്ചിട്ടുണ്ട്. ഇസ്രാഈലി സമൂഹത്തിൽ വന്ന അവസാനത്തെ പ്രവാചകനായിരുന്നു ഈസാ(അ).


 സൂറത്ത് മാഇദയിൽ ഇങ്ങനെ കാണാം : "ഇസ്രാഈൽ സന്തതികളിൽ നിന്ന് വിശ്വസിക്കാത്തവർ ദാവൂദിന്റെയും മർയമിന്റയും മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത് അവർ അനുസരണക്കേട് കാണിക്കുകയും അതിര് വിടുകയും ചെയ്തതുകൊണ്ടാകുന്നു." (5:81)


 ഒരു കൂട്ടർ ചെയ്യുന്ന തെറ്റ് മറ്റൊരുകൂട്ടർ തടയുന്നില്ല. അക്കൂട്ടർ ചെയ്യുന്നത് ഇവരും തടയുന്നില്ല. തെറ്റുകുറ്റങ്ങൾ ചെയ്യുന്നതിൽ പരസ്പര സഹകരണം. രണ്ടു പ്രവാചകന്മാർ അവരെ ശപിക്കാനുള്ള കാരണം അതാകുന്നു...