പെട്ടി ഒരു ഗ്രാമത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു. ആ പ്രദേശത്ത് നാശനഷ്ടവും മരണവും സംഭവിച്ചു. മറ്റൊരു സ്ഥലത്തേക്കുമാറ്റി. കുഴിച്ചിട്ടു അവിടെയും നാശം സംഭവിച്ചു. ഇങ്ങനെ അഞ്ച് സ്ഥലങ്ങളിൽ വൻ നാശം സംഭവിച്ചു. അമാലിക്കത്ത് വർഗ്ഗം വല്ലാതെ ഭയന്നുപോയി...
അവർ പെട്ടി ഒരു കാളയുടെ പുറത്തു കെട്ടി. കാളയെ അതിന്റെ പാട്ടിനു വിട്ടു. അല്ലെങ്കിൽ കാളവണ്ടിയിൽ വെച്ചു. പിന്നെ അതിനെ നയിച്ചത് മലക്കുകളായിരുന്നു. കാള ത്വാലൂത്തിന്റെ വീട്ടിലെത്തി. പെട്ടി ഇസ്രാഈല്യർക്ക് തിരിച്ചു കിട്ടി.
ശമവീൽ രാജാവ് അപ്പോൾ ജനങ്ങളോടിങ്ങനെ പറഞ്ഞു : "നിങ്ങൾ യാതൊരു ശ്രമവും നടത്താതെതന്നെ പെട്ടി തിരിച്ചുകിട്ടി. ഇനി നിങ്ങൾ ത്വാലൂത്തിനെ രാജാവായി സ്വീകരിക്കുക." അവരത് സ്വീകരിച്ചു.
സക്കീനത്ത് പെട്ടി ത്വബരിയ തടാകത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയാണെന്നും ഇനിയത് പുറത്തെടുക്കുന്നത് ഈസാ നബി(അ) ആയിരിക്കുമെന്നും പറയപ്പെട്ടിരിക്കുന്നു. പെട്ടി സമീപത്തുണ്ടാകുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനാൽ പെട്ടിക്ക് സക്കീനത്ത് പെട്ടി എന്നു പേര് വന്നു...
മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാകുന്നു : രണ്ടു പശുക്കളെ കെട്ടിയ വണ്ടിയിൽ പെട്ടി വെച്ചു.
പശുക്കൾ വണ്ടി വലിച്ചു. കുറെ ദൂരം വണ്ടിയെ ആളുകൾ പിന്തുടർന്നു. വണ്ടി ശരിയായ ദിശയിൽ നീങ്ങി. ആളുകൾ മടങ്ങിപ്പോന്നു. വണ്ടി വഴിതെറ്റാതെ ത്വാലൂത്തിന്റെ സമീപത്തെത്തി. ഇങ്ങനെയൊക്കെ പറയപ്പെട്ടിട്ടുണ്ട്. മലക്കുകളാണ് വണ്ടി അവിടെ എത്തിച്ചത്.
ശമവീൽ നബി(അ) ന്റെ കാലത്ത് അമാലിക്കത്തിന്റെ ശക്തനായ നേതാവായിരുന്നു ജാലൂത്ത്. ആ പേര് കേട്ടാൽ തന്നെ ആളുകൾ ഭയന്നുപോകും. ധീരസാഹസികനാണ്. ശരീരത്തിന്റെ കരുത്ത് അത്ഭുതകരമായിരുന്നു.
ജാലൂത്തിനെ നേരിടാൻ ആരും തയ്യാറായില്ല. കൈകൊണ്ട് ആഞ്ഞു വീശി ഒന്നു കൊടുത്താൽ ആരും വീണുപോകും. കടുത്ത ധിക്കാരിയാണ്. അവൻ വിചാരിച്ചതൊക്കെ നടക്കും. ആരും എതിര് പറയില്ല.
അവന്റെ കിങ്കരന്മാർ നാട്ടിൽ നാശം വിതച്ചു. കൊള്ളയും കൊലയും നടമാടി. അനാചാരങ്ങൾ വളർന്നു. സത്യവും നീതിയും ഇല്ലാതായി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നില വന്നു. ദുർബ്ബല വിഭാഗങ്ങൾക്കൊന്നും രക്ഷയില്ല.
ഇസ്രാഈല്യരുടെ കൊടിയ ശത്രുവാണ് ജാലൂത്ത്. അവരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. ജാലൂത്തിനെ ശക്തികൊണ്ട് നേരിടണം. അവനുമായി പടപൊരുതണം. ശമവീൽ നബി(അ) ഇസ്രാഈല്യരെ ഉണർത്തി.
നബിയുടെ വാക്കുകൾ വളരെ ശരിയാണെന്ന് ഇസ്രാഈല്യർ സമ്മതിച്ചു. ജാലൂത്തിന്റെ ശക്തിയെക്കുറിച്ചവർ അതിശയത്തോടെ സംസാരിച്ചു. "എത്ര വലിയ സൈന്യം എന്തൊരു സമ്പത്ത്. അവനെ എങ്ങനെ നേരിടും നേരിട്ടാൽ തകർന്നു പോവില്ലേ?"
നബി പറഞ്ഞു: "ഇല്ല തകർന്നുപോവില്ല. നാം സത്യത്തിന്റെ പാതയിലാണ്. അല്ലാഹുﷻവിന്റെ സഹായം നമുക്കു ലഭിക്കും. അല്ലാഹു ﷻ സഹായിച്ചാൽ ശത്രുവിന് നിലനിൽപില്ല."