Wednesday - 22 April, 2026 4-Dhu al-Qadah-1447

താബൂത്ത് (1)

    താബൂത്ത് എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച സക്കീനത്ത് പെട്ടിയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. മേത്തരം മരം കൊണ്ടുണ്ടാക്കിയ പെട്ടി. സ്വർണ്ണക്കെട്ടുള്ള പെട്ടി. ചന്ദനമരം കൊണ്ടാണെന്നും പറയപ്പെട്ടിട്ടുണ്ട്.  


 അല്ലാഹു ﷻ ആദം നബി (അ)ന് ഇറക്കിക്കൊടുത്ത പെട്ടിയാണ്. വരാനിരിക്കുന്ന പ്രവാചകന്മാരുടെ രൂപങ്ങളും വിവരങ്ങളും അതിലുണ്ട്. മലക്കുകളുടെ സാക്ഷ്യത്തോടെയുള്ള ഒരു കരാർ പത്രവും അതിലുണ്ടായിരുന്നു.  


 ആദം നബി(അ) നു ശേഷം പെട്ടി ശീസ് നബി(അ) സുക്ഷിച്ചു. വളരെ ആദരവോടെയാണ് സൂക്ഷിച്ചത്. പല നബിമാരിലൂടെ താബൂത്ത് കടന്നുവന്നു.  ഒരു നബിക്കുശേഷം മറ്റൊരു നബി എന്ന ക്രമത്തിൽ.  


 ഒരു കാലത്ത് അത് ഇസ്മാഈൽ (അ)ന്റെ കൈവശമായിരുന്നു. പിന്നീടത് ഇസ്ഹാഖ് (അ) ന്റെ കൈവശം വന്നുചേർന്നു. പിന്നീട് ആ പ്രവാചകന്റെ സന്താനപരമ്പരയിൽ പെട്ട പ്രവാചകന്മാർ സൂക്ഷിച്ചുവന്നു. എന്നു പറഞ്ഞാൽ ഇസ്രാഈല്യരുടെ കൈവശം വന്നു ചേർന്നു. 


 ഇസ്രാഈല്യർ പലപ്പോഴും വഴിപിഴച്ച ജീവിതം നയിച്ചിരുന്നു. എന്നാലും അവർ താബൂത്തിനെ വളരരെയേറെ ആദരിച്ചു പോന്നു. പിന്നീടത് മൂസാ (അ) ന്റെ കൈവശം വന്നുചേർന്നു. മൂസാ(അ) തൗറാത്ത് എഴുതിയ പലകകളുമായി വന്നപ്പോൾ ജനങ്ങൾ സാമിരിയുടെ പശുക്കുട്ടിയെ ആരാധിക്കുന്നത് കണ്ടു. കടുത്ത നിരാശയും കോപവും വന്ന മൂസ(അ) പലകകൾ താഴെയിട്ടു. ചിലത് പൊട്ടിപ്പോയി. പൊട്ടിപ്പോയ പലകകൾ സക്കീനത്ത് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്.


മൂസായുടെ കുടുംബവും ഹാറൂനിന്റെ കുടുംബവും വിട്ടേച്ചുപോയ ചില അവശിഷ്ടങ്ങൾ ആ പെട്ടിയിലുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്. മൂസാ(അ)ന്റെയും ഹാറൂൻ (അ) ന്റെയും വടികളും വസ്ത്രങ്ങളും ആ പെട്ടിയിലുണ്ടെന്ന് അഭിപ്രായമുണ്ട്. മൂസ(അ) ന്റെ ചെരിപ്പും ഹാറൂൻ (അ)ന്റെ തലപ്പാവും അതിലുണ്ടായിരുന്നുവെന്നും കാണുന്നു. 


മൂസാ(അ)ന് ശേഷം പെട്ടി യൂശഹ് നബി(അ)ന് കിട്ടി. ആ പ്രവാചകന്റെ നേതൃത്വത്തിൽ ഇസ്രാഈല്യർ വൻ വിജയങ്ങൾ നേടിയിട്ടുണ്ട്. യുദ്ധമുണ്ടാക്കുമ്പോൾ പെട്ടി മുമ്പിൽ വെക്കും. എന്നിട്ട് യുദ്ധം ചെയ്താൽ വിജയം വരിക്കാൻ കഴിയും. യൂശഹ് (അ)നു ശേഷം പെട്ടി അൽയസഹ് നബി(അ) ന്റെ കൈവശമായിരുന്നു.  


പിൽക്കാലത്ത് അമാലിക്കത്ത് വർഗ്ഗം ഇസ്രാഈല്യരെ തകർത്തു തരിപ്പണമാക്കി. അവരുടെ സമ്പാദ്യം മുഴുവൻ കൈവശമാക്കി. കൂട്ടത്തിൽ സക്കീനത്ത് പെട്ടിയും പിടിച്ചെടുത്തു. പിൽക്കാലത്ത് സക്കീനത്തു പെട്ടിയുടെ ചിന്തയിൽ അവർ വളരെ ദുഃഖിതരായി കഴിഞ്ഞുകൂടി.  


ഇസ്രാഈല്യരിൽ നിന്ന് പിടിച്ചെടുത്ത സ്വത്തായതുകൊണ്ട് അമാലിക്കത്ത് വർഗ്ഗക്കാർ സക്കീനത്ത് പെട്ടിയെ നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്തു. അവർക്ക് മൂത്രമൊഴിക്കാൻ പ്രത്യേക സ്ഥലമുണ്ടായിരുന്നു. പെട്ടി അവിടെ കൊണ്ടുപോയിട്ടു നിന്ദിച്ചു. അവിടെ മൂത്രമൊഴിച്ചവർക്കെല്ലാം അർശസ്സ് പോലെയുള്ള രോഗങ്ങൾ വന്നു. പല നാശങ്ങളും വന്നു. 


 പിന്നീടവർ ആരാധനാലയത്തിൽ  പെട്ടി കൊണ്ടുപോയി വെച്ചു. അവിടെയുള്ള ബിംബങ്ങൾ തലകുത്തിവീണു.


 പെട്ടി ഒരു ഗ്രാമത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു. ആ പ്രദേശത്ത് നാശനഷ്ടവും മരണവും സംഭവിച്ചു. മറ്റൊരു സ്ഥലത്തേക്കുമാറ്റി. കുഴിച്ചിട്ടു അവിടെയും നാശം സംഭവിച്ചു.  ഇങ്ങനെ അഞ്ച് സ്ഥലങ്ങളിൽ വൻ നാശം സംഭവിച്ചു. അമാലിക്കത്ത് വർഗ്ഗം വല്ലാതെ ഭയന്നുപോയി...