Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു കുട്ടിയുടെ ധീരത (1)

   ദാവൂദ് നബി(അ) ന്റെ പിതാവ് ഈശ(അ) ആയിരുന്നു. ഈശ(അ) നബിയായിരുന്നുവെന്ന് ചില ഗ്രന്ഥങ്ങളിലുണ്ട്. അദ്ദേഹത്തിന് പതിമൂന്ന് മക്കളുണ്ടായിരുന്നു.  ഏറ്റവും പ്രായം കുറഞ്ഞയാൾ ദാവൂദ് (അ). ശമവിൽ നബി(അ) ന് കല്പന കിട്ടി.


"ഈശയുടെ വീട്ടിൽ പോവുക. പതിമൂന്ന് മക്കളെയും പരിശോധിക്കുക. പരിശുദ്ധമായ എണ്ണപ്പാത്രം അവരുടെ ശിരസ്സിൽ വെക്കുക. പാത്രം ആരുടെ തലയിൽ വെക്കുമ്പോഴാണോ അത് നിറയുന്നത്. അവനുവേണ്ടി നീ പ്രാർത്ഥിക്കുക. നിനക്കുശേഷം അവനായിരിക്കും പ്രവാചക പദവി ലഭിക്കുക." 


 അല്ലാഹുﷻവിന്റെ കല്പന പ്രകാരം ശമവീൽ (അ) ഈശയുടെ വീട്ടിലെത്തി. മക്കളെയെല്ലാം വിളിച്ചു വരുത്തി. അവരെയെല്ലാം പരിശോധിച്ചു. ഫലം കണ്ടില്ല.  


"ഈശാ....നിങ്ങളുടെ മക്കളിൽ ആരെങ്കിലും ഇവിടെ ഹാജരാവാതെയുണ്ടോ?"

 

"ഉണ്ട്, ഇളയവൻ. അവൻ ആടിനെ മേയ്ക്കാൻ പോയതാണ്."  


"അവനെ വിളിച്ചുവരുത്തൂ..."  


ദാവൂദിനെ വിളിക്കാൻ ആളെ അയച്ചു. ശമവീൽ (അ) കാത്തിരുന്നു. ദാവൂദ് എന്ന ബാലൻ വന്നുചേർന്നു. പരിശോധന നടന്നു തൃപ്തികരം. നബിയുടെ മുഖം തെളിഞ്ഞു. സന്തോഷത്തോടെ ബാലന്റെ ശിരസ്സിൽ കൈവെച്ചു പ്രാർത്ഥിച്ചു. വിലപ്പെട്ട ഉപദേശങ്ങൾ നൽകി. 


ബാലന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ഉപദേശങ്ങൾ മനസ്സിൽ നന്നായി പതിഞ്ഞു. അതിന്നനുസരിച്ചായി പിന്നീടുള്ള ജീവിതം. ഉപദേശം സ്വീകരിച്ചപ്പോൾ തന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി ദാവൂദിനു തോന്നി.  


 ഇപ്പോൾ എല്ലാവരും യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ക്രൂരനായ ജാലൂത്ത് രാജാവിന്നെതിരെ നടക്കാൻ പോവുന്ന യുദ്ധം. ആരോഗ്യമുള്ള പുരുഷന്മാരെല്ലാം യുദ്ധത്തിനൊരുങ്ങിക്കഴിഞ്ഞു. തന്റെ ഉപ്പയും സഹോദരങ്ങളുമെല്ലാം സൈന്യത്തിൽ ചേർന്നിട്ടുണ്ട്. 


 ദാവൂദിനും കൂടെ പോവാൻ വല്ലാത്ത മോഹം. തനിക്ക് യുദ്ധം ചെയ്യാനുള്ള പ്രായമൊന്നും ആയിട്ടില്ല. എന്നാലും എന്തെങ്കിലും  സഹായം ചെയ്തുകൊടുക്കാൻ സാധിക്കും. പുറപ്പെടുക തന്നെ. 


 ശമവീൽ (അ) വീട്ടിലെത്തി. അവിടെ ഒരു അങ്കി ഉണ്ടായിരുന്നു. ഇത് ഒരു ദൂതൻവശം ത്വാലൂത്ത് രാജാവിന് കൊടുത്തയച്ചു. കൂടെ സന്ദേശവും. "ഈ അങ്കി ആരുടെ ശരീരത്തിനാണോ യോജിക്കുക, അവനെ ധരിപ്പിക്കുക. അവനായിരിക്കും ജാലൂത്തിനെ വധിക്കുക."  


താലൂത്ത് രാജാവ് സൈന്യത്തെ സജ്ജമാക്കി. ആ സൈന്യത്തിൽ  അണി ചേരാൻ ദാവൂദിന്റെ പിതാവും സഹോദരന്മാരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ കടന്നുപോയി. അപ്പോൾ ദാവൂദിന്റെ മനസ്സിൽ ഒരു മോഹം. പിതാവിനെയും സഹോദരങ്ങളെയും ഒന്നു പോയി കാണണം. യുദ്ധ സന്നാഹങ്ങളും കാണാമല്ലോ..? 


 ദാവൂദ് യാത്ര ചെയ്യുമ്പോൾ വഴിയിൽ ഒരു കല്ല് കണ്ടു. അത് പറഞ്ഞു : "എന്നെ എടുത്തു കൊണ്ടുപോകൂ... ഞാൻ  ജാലൂത്തിനെ കൊല്ലും." അതിനെ എടുത്തു രണ്ടു കല്ലുകൾ കൂടി ഇങ്ങനെ പറഞ്ഞു. അവയും എടുത്തു. മൂന്നു കല്ലുകൾ സൂക്ഷിച്ചു വെച്ചു.  


 താലൂത്ത് രാജാവിന്റെ സൈന്യം തമ്പടിച്ച സ്ഥലത്തെത്തി. പിതാവിനെയും സഹോദരങ്ങളെയും കണ്ടു. വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു. ദാവൂദ് പട്ടാളക്കാരുടെ വിശേഷങ്ങളും തിരക്കി.


 ത്വാലൂത്ത് രാജാവിന്റെ പ്രഖ്യാപനം ദാവൂദ് കേട്ടു. ജാലൂത്തിനെ വധിക്കുന്ന ആൾക്ക് ത്വാലൂത്ത് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കും. രാജ്യത്തിന്റെ പകുതി ഭാഗവും നൽകും.  


ഇതു കേട്ടപ്പോൾ ദാവൂദ് സഹോദരന്മാരോട് ചോദിച്ചു: "ഞാൻ ജാലൂത്തിനെ വധിച്ചാൽ ത്വാലൂത്തിന്റെ മകളെ എനിക്ക് ഭാര്യയായി ലഭിക്കും. രാജ്യത്തിന്റെ പകുതിയും കിട്ടും. ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ..!"