മനുഷ്യനാഗരികതയുടെ ചരിത്രത്തിൽ ഇരുമ്പിന് വലിയ സ്ഥാനമുണ്ട്. പണ്ട് മനുഷ്യൻ കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചു. ശിലായുഗം എന്നൊരു കാലഘട്ടം തന്നെ കടന്നുപോയിട്ടുണ്ട്.
ഇരുമ്പിന്റെ കണ്ടുപിടുത്തം മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയിലെ നാഴികക്കല്ലായിരുന്നു. ഇരുമ്പിന്റെ ആയുധങ്ങൾ മരംമുറിക്കാനും വിറകുണ്ടാക്കാനും ഉപയോഗിച്ചു. മൃഗങ്ങളെ വേട്ടയാടി പിടിക്കാനും ഉപയോഗിച്ചു. ആഹാര സമ്പാദനത്തിനുള്ള മാർഗ്ഗമായിത്തീർന്നു ഇരുമ്പ്.
ശത്രുക്കളെയും വന്യ ജന്തുക്കളെയും നേരിടാനും ഇരുമ്പ് ഉപയോഗപ്പെടുത്തി. യുദ്ധരംഗത്ത് ഇരുമ്പു അനിവാര്യമായിത്തീർന്നു. വാളിന്റെ ഉപയോഗം സർവ്വസാധാരണമായി. വാൾ വന്നപ്പോൾ പരിചയും വേണ്ടിവന്നു. ഇങ്ങോട്ട് വെട്ടുന്നത് തടയാൻ പരിച വേണം എന്ന അവസ്ഥ വന്നു.
വാൾ പലവിധത്തിൽ പയറ്റാൻ തുടങ്ങിയപ്പോൾ പ്രതിരോധത്തിന് പരിച പോരാതെ വന്നു. ശരീരത്തിലെവിടെയും വാൾ വീഴും. അപ്പോൾ ശരീരത്തിനൊട്ടാകെ പ്രതിരോധം വേണം. അതിനാണ് കവചം കണ്ടെത്തിയത്. ഇരുമ്പ്കൊണ്ട് പലതരം സാധനങ്ങളുണ്ടാക്കാം. ഇരുമ്പ് കട്ടി കൂടിയ ലോഹമാണ്. അത് മിനുസപ്പെടുത്തണം. എങ്കിലേ പലവിധ സാധാനങ്ങൾ എളുപ്പത്തിലുണ്ടാക്കാൻ കഴിയുകയുള്ളൂ. ഇതിനുള്ള സാങ്കേതിക വിദ്യ അല്ലാഹുﷻ പഠിപ്പിച്ചത് ദാവൂദ് നബി (അ) നായിരുന്നു.
അക്കാലം വരെ ഇരുമ്പ് ഉരുക്കാനും സാധനങ്ങളുണ്ടാക്കാനും മനുഷ്യർ വളരെയേറെ സാഹസപ്പെടേണ്ടിയിരുന്നു. ദാവൂദ് (അ) ഇരുമ്പു ഉരുക്കുന്ന പുതിയ വിദ്യ ജനങ്ങളെ പഠിപ്പിച്ചു. ഇരുമ്പുമായി ബന്ധപ്പെട്ട ജോലികളിൽ ധാരാളം പേർ വ്യാപൃതരായി. പുതിയ പുതിയ സാധനങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടു. അവ നാട്ടിലെങ്ങും പ്രചരിച്ചു. വിദേശങ്ങളിലുമെത്തി.
സബഹ് സൂറത്തിലെ പത്താം വചനത്തിൽ അല്ലാഹു ﷻ പറഞ്ഞു: "അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു ."
ഇരുമ്പുകൊണ്ടുള്ള ധാരാളം സാധന സാമഗ്രികൾ നിർമ്മിക്കത്തക്കവണ്ണം ഇരുമ്പിനെ അല്ലാഹു ﷻ ദാവൂദ് (അ) ന് മയപ്പെടുത്തിക്കൊടുത്തു. വളരെവേഗത്തിൽ ഇരുമ്പ് ഉരുക്കുവാനും വിവിധതരം സാധനങ്ങൾ നിർമ്മിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
പരിഷ്കരിച്ച രീതിയിലുള്ള പടച്ചട്ട (പടയങ്കി) നിർമ്മിച്ചത് ദാവൂദ് (അ) ആകുന്നു. ഇരുമ്പ് തകിടുകൊണ്ടുള്ള ഒരുതരം പടച്ചട്ട നേരത്തെ ഉപയോഗിച്ചിരുന്നു. അവയ്ക്ക് ഭാരം കൂടുതലായിരുന്നു. സ്വതന്ത്രമായി ഓടാനും ചാടാനും പ്രയാസമായിരുന്നു.
മനുഷ്യ ശരീരം സ്വതന്ത്രമായി മടക്കാനും, വളയ്ക്കാനുമൊക്കെ പറ്റുന്ന വിധത്തിലുള്ള കണ്ണികളുള്ള പടച്ചട്ടയാണ് ആവശ്യം. അതെങ്ങനെ നിർമ്മിക്കാമെന്നുള്ള വിജ്ഞാനം അല്ലാഹു ﷻ ദാവൂദ് (അ)നെ പഠിപ്പിച്ചു. ആദ്യമായി പടയങ്കി കടഞ്ഞുണ്ടാക്കിയത് ദാവൂദ് (അ) ആകുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു : "നാം കൽപിച്ചു വിശാലമായവയെ (വലിയ പടയങ്കികളെ) നിർമ്മിക്കുക. (കണ്ണികൾ) മടയുന്നതിൽ തോത് കണക്കാക്കുകയും ചെയ്യുക. നിങ്ങൾ സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുക. നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഞാൻ കണ്ടറിയുന്നവനാകുന്നു." (34:11)
പടച്ചട്ട പണിയുമ്പോൾ നീളവും വീതിയും ശരീയായ വിധത്തിലാവണം. മടയുന്നത് ശരിയായ അളവിൽ വേണം. അപ്പോൾ കാണാൻ ഭംഗിയുണ്ടാവും. പണി നടക്കുമ്പോൾ പണിക്കാരുടെ മനസ്സിൽ നല്ല തോന്നലുകൾ നൽകും. അതനുസരിച്ച് അവരുടെ കൈകൾ ചലിക്കും. നിർമ്മാണം മെച്ചമായിത്തീരും.
ഇരുമ്പിനെ അധീനപ്പെടുത്തിക്കൊടുത്തത് വലിയൊരനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യണം. എങ്ങനെയാണ് നന്ദി പ്രകടനം? ധാരാളം സൽകർമ്മങ്ങൾ ചെയ്യുക. അവ വർദ്ധിപ്പിക്കുക. ഒരു സൽക്കർമ്മവും അല്ലാഹു ﷻ കാണാതെ പോവില്ല. എല്ലാം അവൻ കണ്ടറിയുക തന്നെ ചെയ്യും.
സൂറത്ത് അമ്പിയാഇൽ ഇങ്ങനെ കാണാം : "നിങ്ങളുടെ യുദ്ധത്തിൽ നിങ്ങളെ കാത്തു രക്ഷിക്കുവാനായി, നിങ്ങൾക്കു വേണ്ടി പടച്ചട്ട നിർമ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നും എന്നിട്ട് നിങ്ങൾ കൃതജ്ഞത കാണിക്കുന്നവരാണോ?" (21:80)
മനുഷ്യർക്ക് അല്ലാഹു ﷻ നിരന്തരം അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. മനുഷ്യർ കൃതജ്ഞത കാണിക്കുന്നുണ്ടോ, എന്ന ചോദ്യം അവർക്കു മുമ്പിൽ എപ്പോഴുമുണ്ട്.