Wednesday - 22 April, 2026 4-Dhu al-Qadah-1447

മാതൃക

   ദാവൂദ് നബി (അ) ഭൂമിയിൽ അല്ലാഹുﷻവിന്റെ പ്രതിനിധിയാകുന്നു. അതായത് ഖലീഫ. പ്രവാചകനും ഭരണാധികാരിയുമായ ആ ഖലീഫ എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്ന് അല്ലാഹു ﷻ വിവരിച്ചുകൊടുത്തു. സൂറത്തു സ്വാദിൽ അല്ലാഹു ﷻ നൽകുന്ന നിർദ്ദേശങ്ങൾ കാണാം.  


അതിൽ ഇപ്രകാരം പറയുന്നു : "ഹേ...  ദാവൂദ് നിശ്ചയമായും ഭൂമിയിൽ നിന്നെ ഞാൻ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. അതുകൊണ്ട് നീ മനുഷ്യർക്കിടയിൽ ന്യായപ്രകാരം വിധി നടത്തുക. ഇച്ഛയെ പിൻപറ്റുകയും ചെയ്യരുത്. കാരണം അത് അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിന്ന് നിന്നെ വ്യതിചലിപ്പിക്കുന്നതാണ്. നിശ്ചയമായും അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നവർ, അവർ ന്യായവിചാരണ ദിവസത്തെ വിസ്മരിക്കുന്നത് നിമിത്തം അവർക്ക് കഠിന ശിക്ഷയുണ്ടാവും." (38:26)


എക്കാലത്തെയും ഭരണാധികാരികളും ന്യായാധിപന്മാരും നേതാക്കന്മാരും പിൻപറ്റേണ്ട നിർദ്ദേശങ്ങളാണ് ഈ വചനത്തിലുള്ളത്. മനുഷ്യർക്കിടയിൽ ന്യായപ്രകാരം വിധി നടത്തുക എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. 


ഏത് വിധിയും ന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. കുടുംബബന്ധം നോക്കരുത്. തറവാട് മഹിമയോ കുലമഹിമയോ പരിഗണിക്കരുത്. ജാതിയും മതവും ഭാഷയും ദേശവും ന്യായം പറയുന്നതിൽ നിന്ന് ന്യായാധിപനെയും ഭരണാധികാരിയെയും നേതാവിനെയും വിലക്കരുത്.  


ഇന്നത്തെ ഭരണാധികാരികളുടെയും നേതാക്കന്മാരുടെയും അവസ്ഥയെന്ത്? അവർ ന്യായം നോക്കുന്നുണ്ടോ? സ്വന്തം പാർട്ടിക്കാരൻ എന്ത് ധിക്കാരവും അക്രമവും കാണിച്ചാലും അത് ശരിയും നീതിയും.


എതിർ പാർട്ടിക്കാരൻ എത്ര നല്ല കാര്യം ചെയ്താലും അത് നീതിയായി കാണില്ല. അന്യരിൽ അനീതി മാത്രം കാണുക. സ്വന്തക്കാരിൽ നീതി.  ഇതാണ് നാം നമുക്കു ചുറ്റും കാണുന്നത്. നീതി അനീതിയാക്കുക. സ്വന്തം അനീതികളെ നീതിയായി ചിത്രീകരിക്കുക. ഇവരെക്കുറിച്ചാണ് ന്യായവിസ്താരത്തെ വിസ്മരിച്ചവൻ എന്ന് പറഞ്ഞത്. അവർക്ക് പരലോകത്ത് കഠിനമായ ശിക്ഷയുണ്ട്.  


ശാരീരികേച്ഛകളെ പിൻപറ്റരുത് എന്നതാണ് രണ്ടാമത്തെ നിർദ്ദേശം. കടമകൾ നിർവ്വഹിക്കുകയെന്നതായിരിക്കണം ലക്ഷ്യം. മദ്യപാനവും, ധനമ്പാദനവും, സുഖസൗകര്യങ്ങളുമൊക്കെയാണ് ആധുനിക മനുഷ്യർ ഇച്ഛിക്കുന്നത്. ന്യായം മറക്കുന്നു. മാഫിയകൾ വളരുന്നതങ്ങിനെയാണ്. നേതാക്കളും ഭരണാധികാരികളും അവിഹിത കൂട്ടുകെട്ടുകളുണ്ടാക്കുന്നു. വിലക്കപ്പെട്ട മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നു. എന്തിന്?


ശാരീരികേച്ഛകൾ സംരക്ഷിക്കാൻ. ഇവരും ന്യായവിസ്താര ദിവസത്തെ മറന്നവരാകുന്നു. ശാരീരികേച്ഛകൾ നിന്നെ അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിപ്പിക്കുമെന്ന് ദാവൂദ് നബി(അ) നോട് അല്ലാഹു ﷻ പറഞ്ഞു. 


എല്ലാ നേതാക്കളുടെയും ഭരണാധികാരികളുടെയും അവസ്ഥ അതുതന്നെ. സ്വന്തം കാര്യങ്ങൾക്കു അധികാരദുർവിനിയോഗം ചെയ്യുന്നവർ അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്ന് അകന്നകന്നു പോവും.  


ന്യായവിസ്താര ദിവസം ഇവർക്ക് നഷ്ടങ്ങളുടെ കണക്കു മാത്രമേ ഉണ്ടാവുകയുള്ളൂ. ജീവിതകാലത്ത് നാവിൽ നിന്ന് വന്ന ഓരോ വാക്കും ചെയ്തുപോയ ഓരോ കർമ്മവും കൃത്യമായി കണക്കു നോക്കുന്ന ദിവസമാണത്. ആ ദിവസത്തെ ഭരണാധികാരികളും നേതാക്കളും ഭയപ്പെടണം. ഭയമില്ലാത്തവർ ശിക്ഷ സഹിക്കേണ്ടിവരും. 


ദാവൂദ്(അ) അല്ലാഹുﷻവിന്റെ സ്മരണയിലായി ജീവിച്ചു. ഓരോ വാക്കും അല്ലാഹുﷻവിന്റെ തൃപ്തിയിലായി സംസാരിച്ചു. ഓരോ കർമ്മവും അല്ലാഹുﷻവിന്റെ തൃപ്തി ലക്ഷ്യമാക്കി ചെയ്തു. അതുകൊണ്ടുതന്നെ ആ പുണ്യ പ്രവാചകൻ മാതൃകാ ഭരണാധികാരിയും ജനനായകനുമൊക്കെയായിത്തീർന്നു.  


വിശുദ്ധ ഖുർആന്റെ പ്രശംസക്ക് പാത്രമായി ഒരോരുത്തരും ഓരോ രീതിയിലുള്ള ഭരണാധികാരികളാകുന്നു. അവർക്കെല്ലാം ദാവൂദ് (അ) മാതൃകാ പുരുഷനാകുന്നു...