Wednesday - 22 April, 2026 4-Dhu al-Qadah-1447

ആട്ടിടയൻ

   യഹ്ഖൂബ് നബി (അ) ന്റെ സന്താന പരമ്പരയിലാണ് ദാവൂദ് (അ) ജനിച്ചത്. ആ പരമ്പര ഇപ്രകാരമായിരുന്നു. 


യഹ്ഖൂബ് (അ)

യഹൂദാ

ഫാരിള് 

ഹസ്റൂൻ

ഇറം

അവീനാദിബ് 

നഹ്ശൂൻ

സൽമൂൻ

ആബിർ

ഉവൈദ് 

ഈശ 

ദാവൂദ് (അ) 


ഇസ്രാഈലി വംശത്തിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ദാവൂദ് (അ)ന്റെ പിതാവ് ഈശ. അദ്ദേഹത്തിന് പതിമൂന്ന് പുത്രന്മാരുണ്ടായിരുന്നു. അവരിൽ ഏറ്റവും ഇളയ പുത്രനായിരുന്നു ദാവൂദ് (അ). വലിയ ഉയരമില്ല. ഉയരം കുറഞ്ഞ ആളായിരുന്നു. നീലക്കണ്ണുകൾ. തലയിൽ തിങ്ങിനിറഞ്ഞ മുടിയില്ല. മുടി കുറവായിരുന്നു. പരിശുദ്ധമായ മനസ്സ്. ആരും ഇഷ്ടപ്പെടുന്ന ആകർഷകമായ പെരുമാറ്റം. 


വലിയ ധീരനാണ്. നല്ല ശക്തനുമാണ്. പുലിയെയും സിംഹത്തെയുമൊക്കെ ഒറ്റക്ക് നേരിടും. ഏറ്റുമുട്ടി വക വരുത്തും. അത്രയ്ക്ക് ശക്തനാണ്. കൈയിൽ കവണ കാണും. അത് വളരെ പ്രസിദ്ധമായ കവണയാണ്. കവണയിൽ കല്ല് വെച്ച് ഉന്നം നോക്കി എയ്തുവിടും. ലക്ഷ്യത്തിൽ തന്നെ ചെന്നു കൊള്ളും. ഇളയ കുട്ടിയായതുകൊണ്ട് ഗോത്രക്കാരിൽ നിന്ന് അളവറ്റ സ്നേഹവും ലാളനയും ലഭിച്ചു... 


 ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നുവന്നു. അത്ഭുതകരമായ ബുദ്ധിശക്തിയും. പാവങ്ങളോട് വല്ലാത്ത അലിവുള്ള മനസ്സ്. ധിക്കാരികളോട് കടുത്ത വിരോധം. ശൈശവം വിട്ടു. ബാല്യദശയിലെത്തി. ധാരാളം അംഗങ്ങളുള്ള തറവാട്. ദിവസേന ഒട്ടേറെ വിരുന്നുകാർ. വ്യക്തിപരമായ കാര്യങ്ങൾ ചർച്ചക്കുവരും. ദാവൂദ് കൗതകത്തോടെ കേൾക്കും. പല കാര്യങ്ങൾ കേട്ടു പഠിക്കും. വ്യക്തികൾ നേരിടുന്ന എന്തെല്ലാം പ്രശ്നങ്ങൾ. ആ പ്രശ്നങ്ങൾ ഒരാൾ അവതരിപ്പിക്കുന്നു. കേട്ടിരിക്കുന്നവർ അവരവരുടെ ബുദ്ധിക്കും ഭാവനക്കുമനുസരിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.  


പ്രശ്നം ഒന്ന്. പരിഹാരം പലത്. അതെന്താ അങ്ങനെ? 

ബാലനായ ദാവൂദ് ചിന്തിച്ചു. വിവിധ വ്യക്തികൾ. വിവിധ ചിന്തകൾ. വിവിധ അഭിപ്രായങ്ങൾ. ആ വൈവിധ്യങ്ങളെക്കുറിച്ച് ആ ബാലൻ ചിന്തിച്ചു. 


 വീട്ടിലെത്തുന്ന ചിലർ കുടുംബ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. എല്ലാ കുടുംബത്തിലുമുണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ. അവയുടെ കാരണങ്ങൾ ഒരേ രീതിയിലുള്ളതല്ല. വിവിധ കാരണങ്ങൾ. പരിഹാരമാർഗ്ഗങ്ങളും പലവിധം. അതേക്കുറിച്ചൊക്കെ ബാലൻ ചിന്തിക്കാൻ തുടങ്ങി.  


 സാമൂഹിക പ്രശ്നങ്ങളാണ് മറ്റ് ചിലപ്പോൾ ചർച്ചക്കുവരിക. അതും ശ്രദ്ധിച്ചു കേൾക്കും. സമൂഹത്തിലെ അംഗങ്ങൾ. വിവിധ സ്വഭാവക്കാർ. സംസ്കാരമുള്ളവർ. സത്യം കാത്തുസൂക്ഷിക്കുന്നവർ സംസ്കാരമില്ലാത്തവർ, സ്വഭാവദൂഷ്യമുള്ളവർ, കള്ളന്മാർ, ദുഷ്ടന്മാർ, ഭിന്നിപ്പുണ്ടാക്കുന്നവർ അവരെക്കുറിച്ചെല്ലാം കേട്ടു. ചിന്തിച്ചു. മനുഷ്യരിങ്ങനെയൊക്കെയാവാൻ?  


 ഏകനായ അല്ലാഹുﷻ. അല്ലാഹു ﷻ വാണ് എല്ലാ മനുഷ്യരുടെയും സൃഷ്ടാവ്. പക്ഷെ മനുഷ്യർ പലവിധമായി. ചിലർ അനുസരണയുള്ളവരായി. മറ്റുചിലർ ധിക്കാരികളായി. ദാവൂദ് വളരെ നേരം ചിന്തിച്ചിരുന്നുപോയി. ഇക്കാക്കമാരോടൊപ്പം ആടിനെ മേയ്ക്കാൻ പോവും. ഒരു വലിയ ആട്ടിൻ കൂട്ടം. അതിന്റെ ഉടമയാണ് പിതാവ്. വീട്ടിൽ ജോലിക്കാരുണ്ട്. ആടിനെ മേയ്ക്കാൻ പോവുമ്പോൾ അവരിൽ ചിലരും കൂടെക്കാണും...


 മാനംമുട്ടെ ഉയർന്നുനിൽക്കുന്ന മലകൾ. അവയുടെ ചരിവുകൾ വിശാലമാണ്. അവിടെ കുറ്റിച്ചെടികൾ വളർന്നുനിൽക്കുന്നു.  ചെടികളുടെ ഇലകൾ തിന്നാൻ ആടുകൾ മത്സരിച്ച് ഓടും. മറ്റുള്ളവരുടെ ആട്ടിൻകൂട്ടങ്ങളും അപ്പുറത്തൊക്കെ കാണും. പരസ്പരം കൂടിക്കലരാതെ നോക്കണം. വടിയുമായി ആട്ടിൻപറ്റത്തിന്റെ ചുറ്റും ഓടി നടന്നു നിയന്ത്രിക്കണം. വിശപ്പടങ്ങിയാൽ ആടുകൾ വിശ്രമിക്കും. അപ്പോൾ ഇടയന്മാർക്കും വിശ്രമം.


 ബാലനായ ദാവൂദ് പാറപ്പുറത്തിരുന്നു മേൽപ്പോട്ടു നോക്കും. വിശാലമായ നീലാകാശം. അവിടെ മേഞ്ഞു നടക്കുന്ന മേഘങ്ങൾ. അല്ലാഹുﷻവിന്റെ സൃഷ്ടി വൈഭവം. ആശ്ചര്യകരം. സൃഷ്ടാവായ അല്ലാഹുﷻ. സകല ലോകങ്ങളെയും അവൻ സൃഷ്ടിച്ചു. മനുഷ്യരെ സന്മാർഗത്തിലേക്ക് നയിക്കാൻ പ്രവാചകന്മാരെ അയച്ചു. ഈ സമുദായത്തിലേക്ക് അയക്കപ്പെട്ട നബിയാണ് ശമവീൽ (അ)... 


 ദാവൂദിന്റെ മനസ്സിൽ ശമവീൽ പ്രവാചകന്റെ മനോഹരമായ രൂപം തെളിഞ്ഞുവന്നു. എത്രയോ തവണ കണ്ടിട്ടുണ്ട്. സംസാരം കേട്ടിട്ടുണ്ട്. എത്ര സുന്ദരമാണ് ആ സംസാരം. എന്ത് നല്ല പെരുമാറ്റം. സാരോപദേശങ്ങൾ കേൾക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു. ദാവൂദിന്റെ മനസ്സ് ഭക്തിനിർഭരമായി. 


 ഗോത്രക്കാർ ദാവൂദിന്റെ ധീരതയെ വാഴ്ത്തിപ്പറഞ്ഞു. സ്വഭാവ ഗുണങ്ങൾ എടുത്തുപറഞ്ഞു. ശാരീരിക ശക്തിയെപ്പറ്റി സംസാരിച്ചു. എന്നാലതൊന്നുമല്ല ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പിന്നെന്താണത്..?  ദാവൂദിന്റെ ശബ്ദസൗന്ദര്യം. എത്ര മധുരമാണാ ശബ്ദം. പാട്ട് പാടുന്നത് കേട്ടാൽ മനുഷ്യർ ചലനമറ്റ് നിന്നുപോകും.