Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രവാചകൻ (1)

    ഇസ്രാഈലി സമൂഹത്തിന്റെ ചരിത്രം. കുട്ടികൾ കേട്ടുപഠിക്കുന്നത് അവരുടെ ഉമ്മമാരിൽ നിന്നും ഇത്താത്തമാരിൽ നിന്നുമാണ്. പ്രായം ചെന്ന ഉമ്മൂമമാർ കഥകൾ നീട്ടിപ്പറഞ്ഞുകൊടുക്കും. കുട്ടികൾ ശ്രദ്ധയോടെ കേട്ടു പഠിക്കും. നബിമാരുടെ കഥകൾ പറയും. 


 മൂസാ(അ)ന്റെ ചരിത്രം. ഫിർഔനിന്റെയും ഖാറൂനിന്റെയും ചരിത്രം ഹാറൂൻ (അ)ന്റെ ചരിത്രം. അതിനു ശേഷം വന്ന നബിമാർ. ചരിത്രം വന്നു നിൽക്കുന്നത് ശമവീൽ നബി(അ)യിലാണ്. അദ്ദേഹത്തെ ചിലർ അശ്മവീൽ പ്രവാചകൻ എന്നും വിളിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് ബാലിയ്യ്. പിതൃപരമ്പര പ്രസിദ്ധനായ അസ്രിയ്യാ എന്ന ഇസ്രാഈലി നേതാവിൽ ചെന്നുചേരുന്നു. ആ പരമ്പര ഇങ്ങനെയാകുന്നു. 


ബാലിയ്യ്-അൽഖമ-ഹാം-അൽയാഹൂ-തഹ്വ്-സൂഫ്-അൽഖമ-മാഹിസ്-അമൂസ്വാ-അസ്രിയ്യാ 


 ശമവീൽ (അ) ഹാറൂൻ (അ) ന്റെ സന്താന പരമ്പരയിൽ പെടുന്നുവെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൽഫായാ എന്ന പൗര പ്രമുഖന്റെ മകനാണ് അശ്മവീൽ എന്നു രേഖപ്പെടുത്തിയവരുണ്ട്. 


 ശമവീൽ ജനിക്കുന്നതിന്റെ എത്രയോ വർഷങ്ങൾക്കു മുമ്പുള്ള ഒരു ദുരന്തത്തിന്റെ കഥ ജനങ്ങൾ പറയുന്നത് കുട്ടിയായ ദാവൂദ് കേട്ടു.  ഇസ്രാഈലി വംശത്തിന്റെ ദുരന്ത കഥ.  


ഗസ്സ, അസ്ഖലാൻ തുടങ്ങിയ പ്രദേശങ്ങളിലാണ് ദുരന്തം കൂടുതൽ നടന്നത്. അവിടെ ധാരാളം ഇസ്രാഈലികളുണ്ടായിരുന്നു. കൃഷിയും കച്ചവടവും മറ്റുമായി അവർ നല്ലനിലയിൽ കഴിഞ്ഞുകൂടുകയായിരുന്നു. അമാലിഖത്ത് വർഗ്ഗക്കാർ ഒരു ശാപംപോലെ അവിടെയെത്തി.  


 മൂസ(അ) ന്റെ വിയോഗത്തിനുശേഷം ഇസ്രാഈലി സമൂഹത്തെ നയിച്ചത് യൂശഹ് നബി(അ) ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇസ്രാഈല്യർ ഫലസ്തീനിൽ പ്രവേശിച്ചു. ഓരോ ഗോത്രത്തിനുള്ള വാസസ്ഥലം നിർണയിച്ചുകൊടുത്തു. ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെ നിയമിച്ചുകൊടുത്തു. ന്യായാധിപൻമാർ തൗറാത്ത് അനുസരിച്ചാണ് വിധി... 


 ഈ നല്ല കാലം യൂശഹ് (അ) ന്റെ മരണംവരെ നിലനിന്നു. അദ്ദേഹത്തിന്റെ നിയന്ത്രണം ഇസ്രാഈല്യർക്ക് വിജയവും പുരോഗതിയും നേടിക്കൊടുത്തു. അതിനുശേഷം മൂന്നര നൂറ്റാണ്ടുകൾ കടന്നുപോയി. എത്രയോ പ്രവാചകന്മാർ വന്നു. അവർ ജനങ്ങളെ നിയന്ത്രിച്ചു. അവരുടെ ഉപദേശമനുസരിച്ചു ന്യായാധിപൻമാർ ഭരണം നടത്തി. 


 പ്രവാചകന്മാർ തന്നെ ന്യായാധിപൻമാരായി ജനങ്ങളെ നയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ സ്ഥിതിയാകെ മാറി. ജനങ്ങൾ ലൗകിക സുഖങ്ങളിൽ മുഴുകി. പ്രവാചകന്മാർ പഠിപ്പിച്ചതെല്ലാം മറന്നു. നേരായ മാർഗ്ഗത്തിൽ നിന്നകന്നു. ബിംബാരാധന മടങ്ങിവന്നു. ദുരാചാരങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു. അവർക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടിവന്നു...


 അമാലിഖത്ത് വർഗ്ഗക്കാരുടെ ആക്രമണമായിരുന്നു വല്ലാത്ത പരീക്ഷണം. അമാലിഖത്തും ഇസ്രാഈല്യരും തമ്മിൽ പല യുദ്ധങ്ങൾ നടന്നു. ഇസ്രാഈല്യർക്ക് വമ്പിച്ച നാശനഷ്ടങ്ങൾ സംഭവിച്ചു.  ഇസ്രാഈല്യരുടെ കൈവശം തൗറാത്തിന്റെ കോപ്പികളും താബൂത്ത് എന്ന വിശുദ്ധ പെട്ടകവും ഉണ്ടായിരുന്നു. അവയും അമാലിഖത്ത് ബലം പ്രയോഗിച്ചു കൈവശപ്പെടുത്തി. അതോടെ അവരുടെ മതചിഹ്നങ്ങളും നഷ്ടപ്പെട്ടു. 


 ജീവന്മരണ പോരാട്ടമാണ് പിന്നെ നടന്നത്. ഓരോ ഗ്രാമത്തിലും കൂട്ടക്കുരുതി തന്നെ നടന്നു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വധിച്ചു. പട്ടണങ്ങളിൽ നിന്ന് ഇസ്രാഈല്യർ കൂട്ടത്തോടെ പാലായനം ചെയ്തു. അവരുടെ വസ്തുവകകൾ അമാലിഖത്ത് വംശക്കാർ പിടിച്ചടക്കി...  


 ഇസ്രാഈല്യരുടെ ഒരു പ്രധാന ഗോത്രമാണ് ലേവി ആ ഗോത്രത്തിൽ നിന്ന് പ്രവാചകൻമാർ വന്നിട്ടുണ്ട്. ഇനിയൊരു പ്രവാചകൻ ആ ഗോത്രത്തിൽ നിന്ന് വരുമെന്ന് തോന്നുന്നില്ല. ആ ഗോത്രത്തിലെ പുരുഷന്മാരെല്ലാം വധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും വധിക്കപ്പെട്ടുപോയി. ഇനി ഒരു സ്ത്രീമാത്രം ബാക്കിയുണ്ട്. അവരുടെ ഭർത്താവിനെയും അവർക്ക് നഷ്ടപ്പെട്ടിരുന്നു. അവർ മനസ്സുരുകി പ്രാർത്ഥന നടത്തി...