ദാവൂദ് (അ)ന് അല്ലാഹു ﷻ ഇറക്കിക്കൊടുത്ത വേദഗ്രന്ഥമാണ് സബൂർ. സബൂർ എന്ന വാക്കിന് ഗ്രന്ഥ, ഏട് എന്നൊക്കെയാണ് അർത്ഥം. സങ്കീർത്തനങ്ങൾ എന്ന് പറയപ്പെടുന്നുണ്ട്.
ദാവൂദ് നബി(അ)ന്റെ വേദഗ്രന്ഥ പാരായണം വളരെ പ്രസിദ്ധമായിരുന്നു. പർവ്വതങ്ങളും പറവകളും മനുഷ്യരും ആസ്വദിക്കും. അതിൽ അലിഞ്ഞുചേരും. വല്ലാത്ത ആകർഷണമുള്ള പാരായണം. സബൂർ പാരായണം ദാവൂദ് നബി(അ)ന് അല്ലാഹു ﷻ ലഘൂകരിച്ചു കൊടുത്തു. ചുരുങ്ങിയ സമയംകൊണ്ട് ഓതിത്തീർക്കും. ദിവസത്തിൽ അനേക തവണ ഓതും...
സബൂർ നൽകിയത് ദാവൂദ് നബി(അ)ന്റെ ശ്രേഷ്ഠതയായി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. സൂറത്ത് ഇസ്രാഈലിൽ ഇങ്ങനെ കാണാം : "നിന്റെ റബ്ബ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നനാകുന്നു. തീർച്ചയായും നബിമാരിൽ ചിലരെ ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിന് നാം സബൂർ നൽകുകയും ചെയ്തിരിക്കുന്നു." (17:55)
അല്ലാഹു ﷻ സബൂർ നൽകിക്കൊണ്ട് ദാവൂദ് (അ)നെ ശ്രേഷ്ഠപ്പെടുത്തിയിരിക്കുന്നു. സൂറത്തു നിസാഇൽ ഇങ്ങനെ കാണാം : "നിശ്ചയമായും നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള നബിമാർക്കും വഹ് യ് (ദിവ്യ ബോധനം) നൽകിയതുപോലെ താങ്കൾക്കും (മുഹമ്മദ് നബിﷺക്കും) നാം വഹ്യ്യ് നൽകിയിരിക്കുകയാണ്.
ഇബ്രാഹിമിനും, ഇസ്മാഈലിനും, ഇസ്ഹാഖിനും, യഹ്ഖൂബിനും (അദ്ദേഹത്തിന്റെ സന്തതികൾക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂനും, സുലൈമാനും നാം വഹ് യ് നൽകിയിരിക്കുന്നു. ദാവൂദിന് നാം സബൂർ നൽകിയിരിക്കുന്നു." (4:163)
ഇവിടെ മഹാന്മാരായ പ്രവാചകന്മാരിൽ ചിലരുടെ പേര് പറയുകയും അവർക്ക് വഹ്യ് നൽകിയ കാര്യം പ്രസ്താവിക്കുകയും ചെയ്യുന്നു. ദാവൂദ് (അ)ന് സബൂർ നൽകിയ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
സൂറത്ത് അമ്പിയാഇൽ സബൂറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. "തീർച്ചയായും ഭൂമിയെ എന്റെ സദ് വൃത്തന്മാരായ അടിയാന്മാർ അനന്തരമെടുക്കുന്നതാണെന്ന് (ആ) പ്രമാണത്തിനുശേഷം സബൂറിൽ നാം രേഖപ്പെടുത്തിയിരിക്കുന്നു." (21:105)
"തീർച്ചയായും ഇതിൽ ആരാധന ചെയ്യുന്ന ജനങ്ങൾക്ക് സന്ദേശമുണ്ട്." (21:106)
പ്രമാണം എന്ന അർത്ഥത്തിൽ ദിക്റ് എന്ന അറബി പദമാണ് മേൽ വചനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ അല്ലാഹുﷻവിന്റെ ജ്ഞാന രേഖയാണ് ഉദ്ദേശിക്കപ്പെടുന്നത്. അതിന് ലൗഹുൽ മഹ്ഫൂള് എന്നു പറയുന്നു. സൂക്ഷിക്കപ്പെട്ട ഫലകം.
മൂസ(അ) ന് അല്ലാഹു ﷻ ഇറക്കിക്കൊടുത്ത വേദഗ്രന്ഥമായ തൗറാത്ത് ആണ് ഇവിടെ ഉദ്ദേശ്യമെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. മൂസ(അ)ന്റെ തൗറാത്തിലും, അതിനു പുറമെ ദാവൂദ് (അ)ന്റെ സബൂറിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നർത്ഥം വരും.
എന്താണ് രേഖപ്പെടുത്തിയത്..?ഭൂമിയെ എന്റെ സദ് വൃത്തരായ അടിയാന്മാർ അനന്തരാവകാശമെടുക്കുന്നതാണ്. ധിക്കാരികൾ ഭൂമിയെ അടക്കിവാഴും. ഒരു നിശ്ചിത കാലത്തേക്ക് മാത്രം. പിന്നീടവരെ അല്ലാഹു ﷻ നശിപ്പിക്കും. സദ് വൃത്തരെ അനന്തരാവകാശികളാക്കും. അനന്തരാവകാശം എന്നതിന് സ്വർഗ്ഗത്തിലെ താമസം എന്നാണ് അർത്ഥമെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. സ്വർഗ ഭൂമി എന്നൊരു പ്രയോഗമുണ്ട്.
സജ്ജനങ്ങൾ സ്വർഗത്തിൽ പ്രവേശിച്ച ശേഷം ഇപ്രകാരം പറയും : "നമ്മോടുള്ള വാഗ്ദാനം സത്യമാക്കി നിറവേറ്റിത്തന്ന അല്ലാഹുﷻവിന്നാകുന്നു സർവ്വസ്തുതിയും. സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്നിടത്ത് നമുക്കു താമസിക്കാവുന്ന വിധത്തിൽ ഈ സ്വർഗ്ഗഭൂമിയെ അവൻ നമുക്ക് അനന്തരമാക്കിത്തരികയും ചെയ്തിരിക്കുന്നു. സ്വർഗ്ഗം സജ്ജനങ്ങളുടെ അനന്തരാവകാശമാകുന്നുവെന്ന സത്യമാണ് സബൂർ പ്രഖ്യാപിക്കുന്നത്."
ദാവൂദ് (അ) സബൂർ പാരായണം ചെയ്യുന്നത് കേൾക്കാൻ ഇസ്രാഈല്യർ കാത്തിരിക്കും. പാരായണ ശബ്ദം അവരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലും. ആശയങ്ങൾ മനസ്സിൽ ശക്തമായ ചലനങ്ങളുണ്ടാക്കും. അന്തരീക്ഷമാകെ ഭക്തിനിർഭരമായിത്തീരും. ശ്രോതാക്കളിൽ ചിലർ മയങ്ങിവീണുപോകും. സ്വബോധം കുറെ നേരത്തേക്ക് കാണില്ല.
നദിക്കരയിൽ വെച്ചാണ് പാരായണം ചെയ്യുന്നതെങ്കിൽ ഒഴുകുന്ന ജലം നിശ്ചലമായിപ്പോകും. പക്ഷികൾ പറന്നുവന്ന് സമീപത്തിരിക്കും. എല്ലാതരം പക്ഷികളും പറന്നെത്തും. പറവകളുടെ സമ്മേളനമായി മാറും. അവയും നബിയുടെ പാരായണത്തിൽ ലയിച്ചുചേരും.
മൃഗങ്ങളും വന്നുകൂടും. മൃഗങ്ങളുടെ സംഗമം അവ നിശബ്ദമായി സബൂർ പാരായണം കേൾക്കും. വൃക്ഷങ്ങൾ ശ്രദ്ധിച്ചു കേൾക്കും. കാട്ടിൽ വെച്ചാണ് പാരായണം ചെയ്യുന്നതെങ്കിൽ വന്യമൃഗങ്ങൾ വന്നുചേരും. ദാവൂദ് (അ) എഴുപത് വിധത്തിൽ സബൂർ പാരായണം ചെയ്തിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.
ചിലപ്പോൾ സന്തോഷത്തിന്റെ അലകളുയരുന്ന സ്വരത്തിൽ വായിക്കും. അപ്പോൾ ശ്രോതാക്കൾ ആനന്ദത്തിൽ ലയിക്കും. ചിലപ്പോൾ ശോകസ്വരത്തിൽ വായിക്കും. അപ്പോൾ കരയിലും കടലിലുമുള്ള ജന്തുക്കൾ വരെ ശോകഭാവത്തിലാവും. ദുഃഖം വളരും.
ഒരു യാത്രാവേളയിൽ രാത്രിയിൽ നബിﷺ തങ്ങൾ സ്വഹാബിവര്യനായ അബൂമൂസ(റ) വിന്റെ ഖുർആൻ പാരായണം കേൾക്കാനിടയായി. വളരെ ആകർഷകമായ രംഗം. പിറ്
റെ ദിവസം നബിﷺതങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: "അബൂ മൂസാ, നിങ്ങൾക്ക് ദാവൂദിന്റെ ശബ്ദങ്ങളിൽ നിന്ന് ഒന്ന് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ ശബ്ദം ശ്രവണമധുരമാണ്."
അത് ലഭിച്ചാൽ അല്ലാഹുﷻവിനെ സ്തുതിക്കണം. നന്ദി പ്രകാശിപ്പിക്കണം. പ്രഭാതത്തിലും സായഹ്നത്തിലും പർവ്വതങ്ങളും പറവകളും ദാവൂദ് (അ)നോടൊപ്പം അല്ലാഹുﷻവിനെ വാഴ്ത്തുമായിരുന്നു. സുന്ദരമായ ശബ്ദം ആരെയും ആകർഷിക്കും. സുന്ദര ശബ്ദത്തിൽ ഗാനാലാപനം നടത്തുമ്പോൾ വമ്പിച്ച സദസ്സുകൾ ഇളകിമറിയുന്നു. ശബ്ദസൗന്ദര്യത്തിന്റെ മനുഷ്യമനസ്സുകളിലെ സ്വാധീനം അപാരം തന്നെ.