Wednesday - 22 April, 2026 4-Dhu al-Qadah-1447

രക്തസാക്ഷി

   ദാവൂദ് (അ) പ്രവാചകനും രാജാവും.  ശമവീൽ (അ) ന്റെ പിൻഗാമി. ജനങ്ങളുടെ ആദരവും അനുസരണയും വർദ്ധിച്ചു. ത്വാലൂത്ത് അസഹ്യതയോടെ എല്ലാം നോക്കിക്കണ്ടു. ത്വാലൂത്തിന്റെ പദ്ധതികൾ പുറത്തറിഞ്ഞു. പണ്ഡിത്മാർ അദ്ദേഹത്തെ സമീപിച്ചു. ഉപദേശിച്ചു...


 ദാവൂദ് (അ) പ്രവാചകനാണ്. വധിക്കരുത്. ശാപം കിട്ടും. ത്വാലൂത്തിന് ഉപദേശമൊന്നും ഇഷ്ടപ്പെട്ടില്ല. കോപാകുലനായി മാറി നിഷ്കളങ്കരായ അനേകം പണ്ഡിതൻമാർ വധിക്കപ്പെട്ടു.


 ദാവൂദ് (അ) ത്വാലൂത്തിനെ നേരിടാൻ പോയില്ല. എഴുപത് അനുയായികളുമായി മലമുകളിലേക്ക് കയറിപ്പോയി. അവിടെ രഹസ്യമായി താമസിച്ചു. ആരാധനാലയം സ്ഥാപിച്ചു. എപ്പോഴും ഇബാദത്തിലായി കഴിഞ്ഞുകൂടി. ത്വാലൂത്ത് വിവരമറിഞ്ഞു. സൈന്യവുമായി മലമുകളിലെത്തി. ദാവൂദ് (അ)നെ ഒന്നും ചെയ്യാനാവാതെ നിരാശനായി മടങ്ങി.


 പല നല്ല മനുഷ്യരും ത്വാലൂത്തിന് നിഷ്കളങ്കമായ ഉപദേശം നൽകി. ത്വാലൂത്ത് തന്റെ ക്രൂരമായ പ്രവർത്തനങ്ങളെക്കുറിച്ച് സ്വയം ചിന്തിക്കാൻ തുടങ്ങി. താൻ പിശാചിനെ അനുസരിച്ചു. അവൻ പറഞ്ഞതൊക്കെ ചെയ്തു. തനിക്കെന്ത് പറ്റിപ്പോയി. മനസ്സിൽ ദുഃഖം വളർന്നു. ഖേദത്താൽ കരഞ്ഞു. പശ്ചാത്താപ വിവശനായി. ഭയന്നു വിറച്ചു... 


എനിക്ക് തൗബയുണ്ടോ..? പ്രായശ്ചിത്തമുണ്ടോ..?  

ഭൗതിക സുഖങ്ങൾ വെടിഞ്ഞു അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടി. പാപങ്ങൾ പൊറുത്തു കിട്ടണം. അതിനെന്തുവേണം. വധിക്കപ്പെട്ട പണ്ഡിതൻമാർ അവർ മണ്ണിന്നടിയിലാണ്. അവർ തനിക്ക് മാപ്പ് തരുമോ..?  എങ്ങനെയാണ് മാപ്പിനപേക്ഷിക്കുക..? ആരെങ്കിലും ഒരു വഴി പറഞ്ഞുതരൂ... ത്വാലൂത്ത് കൊഞ്ചിക്കരഞ്ഞു. 


ഒടുവിൽ വധിക്കപ്പെട്ട പണ്ഡിതൻമാർ പരിഹാരമാർഗ്ഗം നിർദ്ദേശിച്ചുകൊടുക്കേണ്ടിവന്നു. ഒരു ദിവസം അവരുടെ വിളികേട്ടു.


"ഓ ത്വാലൂത്ത് നിങ്ങൾ ഞങ്ങളെ വധിച്ചു. എന്നാൽ ഓർത്തു കൊള്ളുക. ഞങ്ങൾ ജീവിച്ചിരിക്കുന്നവരാകുന്നു. നിങ്ങൾ ഞങ്ങളോട് ക്രൂരത കാണിച്ചു. അങ്ങനെ ഞങ്ങൾ പരേതരായി."


ഇതുകേട്ടതോടെ ഖേദവും കരച്ചിലും വർദ്ധിച്ചു. "മഹാത്മാക്കളേ... എനിക്ക് തൗബയുണ്ടോ..? ഞാനത് അന്വേഷിക്കാൻ ആരെയാണ് സമീപിക്കേണ്ടത്..?" ത്വാലൂത്ത് അടക്കാനാവാത്ത വേദനയോടെ ചോദിച്ചു. 


അപ്പോൾ ഒരു മറു ചോദ്യം വന്നു: "ഏതെങ്കിലും പണ്ഡിതനെ നിങ്ങൾ ബാക്കി വെച്ചിട്ടുണ്ടോ?"


എന്തൊരു ഹൃദയഭേതകമായ ചോദ്യം. ഒരു പണ്ഡിതവനിത ബാക്കിയുണ്ട്. വിലായത്തിന്റെ പദവിയുള്ള വനിതാരത്നം. അവർ തനിക്ക് മാർഗം കാണിച്ചു തരും. വെളിച്ചം തരും. മനസ്സിലെ ഇരുട്ട് അകറ്റിത്തരും. ത്വാലൂത്ത് പണ്ഡിതവനിതയുടെ വീട്ടിലെത്തി വേദന നിറഞ്ഞ കഥ പറഞ്ഞു... 


 രാപ്പകലുകൾ ഇബാദത്തുമായി കഴിയുന്ന വനിതയാണ്. അമ്പിയാക്കന്മാരും ഔലിയാക്കന്മാരുമായി ആത്മീബന്ധമുള്ള വിശുദ്ധ വനിത. 


"മൂസാനബി(അ)ന്റെ പിൻഗാമിയായിരുന്ന യൂശഹ് (അ) ന്റെ ഖബറിന്നടുത്തേക്ക് പോവാം. താങ്കൾക്ക് തൗബ ലഭിക്കാൻ എന്താണ് വഴിയെന്ന് ചോദിക്കാം." അവർ യൂശഹ് (അ)ന്റെ ഖബറിന്നരികിലെത്തി. ദുആ നടത്തി. യൂശഹ് (അ) ന് സലാം ചൊല്ലി.


യൂശഹ്(അ) ഉണർന്നു. എന്നിട്ടൊരു ചോദ്യം. "എന്താ... ഖിയാമം നാൾ ആയോ?"


പണ്ഡിത വനിത ഇങ്ങനെ മറുപടി നൽകി : "ഖിയാമം നാൾ ആയിട്ടില്ല. ത്വാലൂത്ത് നിങ്ങളെ കാണാൻ വന്നതാണ്. അദ്ദേഹത്തിന് തൗബയുണ്ടോ..?"


"ഉണ്ട്. തൗബയുണ്ട്. ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ നടക്കുന്ന ധർമ്മയുദ്ധത്തിൽ പങ്കെടുക്കട്ടെ..! വീര രക്തസാക്ഷിയാവട്ടെ..!"


ത്വാലൂത്തിന് സമാധാനമായി. ശാന്തമായ മനസ്സോടെ യൂശഹ് (അ) സലാം ചൊല്ലി മടങ്ങി. രാജാധികാരം ഇനി വേണ്ട രാജ്യഭാരം ദാവൂദ് (അ)നു വേണ്ടി വിട്ടൊഴിഞ്ഞു. ഇസ്ലാമിന്റെ ശത്രുക്കളുമായി നടക്കുന്ന യുദ്ധം. അതിൽ പങ്കെടുക്കാൻ പോവുകയാണ്. അദ്ദേഹം ഒറ്റക്കല്ല. കൊട്ടാരത്തിൽ നിന്നിറങ്ങിയത്. അദ്ദേഹത്തിന്റെ പതിമൂന്ന് പുത്രന്മാരും കൂടെയിറങ്ങി... 


 പടച്ചട്ടയണിഞ്ഞു ആയുധമെടുത്തു തൗബ തേടിയുള്ള യുദ്ധം.  പ്രായശ്ചിത്തം. അങ്ങനെയൊരു ചിന്ത മാത്രം മനസ്സിൽ. വീര രക്തസാക്ഷിയാവുക. അതിനുവേണ്ടിയുള്ള ധീരപോരാട്ടം. ആ പോരാട്ടത്തിൽ എഴുപത് ശത്രുക്കൾ വധിക്കപ്പെട്ടു. ശത്രുക്കളയച്ച ഒരമ്പ് ത്വാലൂത്തിന്റെ നെഞ്ചിൽ തുളച്ചുകയറി. രക്തം വാർന്നൊഴുകി. എന്നിട്ടും പൊരുതി. പൊരുതിപ്പൊരുതി തളർന്നുവീണു.  പശ്ചാത്താപ വിവശനായ ത്വാലൂത്ത് രാജാവ് പോർക്കളത്തിൽ വീരരക്തസാക്ഷിയായി...


 ചരിത്ര പണ്ഡിതന്മാരായ ഇബ്നു ജരീർ, മുഹമ്മദ് ബ്നു ഇസ്ഹാഖ് തുടങ്ങിയവർ ഈ സംഭവം വിവരിച്ചിട്ടുണ്ട്.  


ത്വാലൂത്ത് സന്ദർശിച്ചത് അൽ-യസഹ് നബി(അ)നെയായിരുന്നു വെന്ന് രേഖപ്പെടുത്തിയവരുണ്ട്. ശമവീൽ നബി(അ)നെയാണ് സന്ദർശിച്ചത് എന്നും അഭിപ്രായമുണ്ട്. നബിയോടുള്ള സംഭാഷണം സ്വപ്നത്തിലായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം.  


 ത്വാലൂത്ത് രാജാവിന്റെ ഭരണകാലം നാല്പത് വർഷമായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. ത്വാലൂത്തിന്റെ മരണത്തിനുശേഷം രാജ്യം മുഴുവൻ ദാവൂദ് (അ) ന്റെ കീഴിൽ വന്നു. രാജ്യത്തിന്റെ അതിരുകൾ വികസിച്ചു. 


അല്ലാഹു ﷻ സവിശേഷമായ അനുഗ്രഹങ്ങളാണ് ദാവൂദ് (അ)ന് നൽകിയത്. മനുഷ്യരും ജിന്നുകളും പക്ഷികളും മൃഗങ്ങളും മരങ്ങളും പർവ്വതങ്ങളും ദാവൂദ്(അ)ന് കീഴൊതുങ്ങി. എന്തൊരത്ഭുതം...