Wednesday - 22 April, 2026 4-Dhu al-Qadah-1447

ജാലൂത്ത് വധിക്കപ്പെട്ടു (3)


   യുദ്ധം വിജയിച്ചു. നാട് കീഴടങ്ങി. വമ്പിച്ച സ്വത്ത് കൈവശം വന്നു. വളരെപേർ വിശ്വാസികളായി. പിന്നെ നടന്നത് രാജകീയ വിവാഹമാണ്. ആട്ടിടയനായ ദാവൂദ്  ഇതാ രാജകുമാരനായി മാറുന്നു. രാജകുമാരിയെ വിവാഹം ചെയ്യുന്നു...


 ഇസ്ലാമിക രീതിയിൽ വളരെ ലളിതമായാണ് വിവാഹം നടക്കുന്നത്. പക്ഷെ ആ വിവാഹത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സർവ്വത്ര ആഹ്ലാദം. എല്ലാവരും സ്വയം പങ്കാളികളായി മാറുന്നു. ജാലൂത്ത് എന്ന ധിക്കാരിയുടെ പതനം. അവിശ്വസനീയമായ സംഭവം. അത് സംഭവിച്ചിരിക്കുന്നു. അതോടെ ദാവൂദ് നാട്ടിന്റെ അഭിമാനമായി മാറി. ജനങ്ങളുടെ രോമാഞ്ചമായി മാറി. 


 നദിയിൽ നിന്ന് കൂടുതൽ വെള്ളം കുടിച്ചവർ നിന്ദ്യരും നിസ്സഹായരുമായി മാറി. അവരെ ആരും പരിഗണിച്ചില്ല. പലരും നദിയുടെ സമീപംതന്നെ താമസമാക്കി. നിസ്സാരന്മാരായി കാലഗതി പ്രാപിച്ചു. 


 ദാവൂദ് (അ)ന് അല്ലാഹു ﷻ പ്രത്യേക വിജ്ഞാനം നൽകി. രാജ്യത്തിന്റെ പകുതി ഭാഗം കിട്ടിയപ്പോൾ അത് ഭരിക്കാനുള്ള കഴിവും വിവരവും അല്ലാഹു ﷻ നൽകി. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:


"അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവർ അവരെ (ജാലൂത്തിനെയും സൈന്യത്തെയും) തോല്പിച്ചുകളഞ്ഞു. ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജാധികാരവും വിജ്ഞാനവും നൽകുകയും ചെയ്തു. അവൻ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവൻ പഠിപ്പിച്ചു കൊടുത്തു. 


അല്ലാഹു മനുഷ്യരെ അവരിൽ ചിലരെ ചിലരെക്കൊണ്ട് തടുക്കലില്ലായിരുന്നെങ്കിൽ ഭൂമി നാശപ്പെടുമായിരുന്നു. പക്ഷെ അല്ലാഹു ലോകരുടെ മേൽ കനിവുള്ളവനാകുന്നു." (2:251)


 ജാലൂത്തിന്റെ ധിക്കാരം പരിധിവിട്ടപ്പോൾ അവനെ നേരിടാൻ ത്വാലൂത്തിനെയും ദാവൂദ്(അ)നെയും അല്ലാഹു ﷻ നിയോഗിച്ചു. ചിലരെ ചിലരെക്കൊണ്ട് തടുക്കലില്ലായിരുന്നെങ്കിൽ ഭൂമിയിലെ ജീവിതം ദുസ്സഹമാകുമായിരുന്നു. ധിക്കാരവും അക്രമങ്ങളും പെരുകുമ്പോൾ അതിനു പരിഹാരമായി അല്ലാഹു ﷻ ചിലരെ നിയോഗിക്കും. അതാണവന്റെ ചര്യ... 


 ദാവൂദ് (അ)ന്റെ പേരും പെരുമയും വളർന്നു. ജനങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി. ജനങ്ങൾ സ്നേഹവും ആദരവും തിരിച്ചുനൽകി. നാട്ടിൽ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു.  


 ശപിക്കപ്പെട്ട ഇബ്ലീസിന് ഇതൊന്നും സഹിക്കാനാവുന്ന കാര്യമല്ല. എന്തെങ്കിലും കുഴപ്പമുണ്ടാക്കണം. അതിനുവേണ്ടി ത്വാലൂത്തിനെ സമീപിച്ചു. ചില തോന്നലുകൾ മനസ്സിലേക്കിട്ടുകൊടുത്തു.  ദാവൂദിനെ നാട്ടുകാർ എന്തുമാത്രം സ്നേഹിക്കുന്നു? തന്നെയോ? തനിക്ക് അത്രയും സ്നേഹം ലഭിക്കുന്നുണ്ടോ? തനിക്ക് ദാവൂദിന്റെയത്ര പേരും പെരുമയുമുണ്ടോ? ദാവൂദിന്റെ യശസ്സ് തനിക്കൊരു ഭീഷണിയല്ലേ..?


 ദാവൂദ് ശക്തനായി മാറുമ്പോൾ താൻ നിസ്സഹായനായി മാറുകയല്ലേ? നിസ്സാരനാവുകയല്ലേ? എന്താണിതിനൊരു പരിഹാരം ? ഇബ്ലീസ് പരിഹാരം പറഞ്ഞു കൊടുത്തു. ദാവൂദിനെ വധിക്കുക ഇബ്ലീസിന്റെ ഉപദേശം. ത്വാലൂത്ത് അസ്വസ്ഥനായി. നിദ്രാവിഹീനനായി... 


 ശമവീൽ നബി (അ) ന്റെ കാലം അവസാനിക്കുകയാണ്. പിൻഗാമിയായി ദാവൂദ് (അ) നിയോഗിക്കപ്പെട്ടു. ജനങ്ങൾ ദാവൂദ് (അ)ന്റെ ഉപദേശം കേട്ടു. അതനുസരിച്ചു ജീവിച്ചു. ത്വാലൂത്തിന്റെ അസ്വസ്ഥത വർദ്ധിച്ചു.


 ശമവീൽ (അ) വൃദ്ധനായി. ധന്യമായ ഒരു പുരുഷായുസ്സ് അതിവിടെ അവസാനിക്കുകയാണ്. എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആ കണ്ണുകൾ അടഞ്ഞു പോയി. മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ വൻ ജനാവലിയെത്തി. ബൈത്തുൽ മുഖദ്ദസിന് സമീപം ഖബറടക്കപ്പെട്ടു. ആ പ്രദേശം ഔലിയാക്കളുടെയും ആലിമീങ്ങളുടെയും സംഗമ വേദിയായി...