ഇബ്നു ഹാത്തിമിന്റെ റിപ്പോർട്ടിൽ ഒരു സംഭവം പറയുന്നു :
അയ്യൂബ് നബി (അ)ന് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവർ ഇടക്കിടെ രോഗസന്ദർശനത്തിനായി വരും. ഒരിക്കൽ വന്നപ്പോൾ വൃണങ്ങളിൽ നിന്ന് വാസന അനുഭവപ്പെട്ടു. അത് കാരണം അവർ അകന്നുനിന്നു. അവർ തമ്മിലുള്ള സംഭാഷണം അയ്യൂബ് നബി (അ) കേൾക്കുന്നുണ്ട്...
ഒരാൾ പറഞ്ഞു: "അയ്യൂബിന്റെ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു ﷻ അറിഞ്ഞിരുന്നെങ്കിൽ ഇത്രയും മാരകമായ രോഗം നൽകുമായിരുന്നില്ല." ഇത് കേട്ടു അയ്യൂബ് നബി (അ) നടുങ്ങിപ്പോയി..!! അതുപോലൊരു നടുക്കം മറ്റൊരിക്കലും ഉണ്ടായിട്ടില്ല. രണ്ട് സഹോദരന്മാരും കേൾക്കത്തക്കവിധം നബി പ്രാർത്ഥന നടത്തി...
"അല്ലാഹുവേ..! ഞാൻ രാത്രി വിശപ്പ് അനുഭവിച്ചിട്ടുണ്ട്. വിശക്കുന്നവരുടെ അവസ്ഥ അറിയാൻ വേണ്ടിയാണത്. ഇത് സത്യമാണെന്ന് നിനക്കറിയാമെങ്കിൽ നീ സാക്ഷ്യം വഹിക്കുക."
ആകാശത്ത് നിന്ന് അശരീരി കേട്ടു. സത്യമാണ്. രണ്ട് സഹോദരന്മാരും അത് കേട്ടു ഞെട്ടി..!!
"അല്ലാഹുവേ! എനിക്ക് രണ്ട് ജോഡി വസ്ത്രമില്ല. ഒരു വസ്ത്രമേയുള്ളൂ. വസ്ത്രമില്ലാത്തവരുടെ പ്രയാസം മനസ്സിലാക്കാനാണത്. ഇത് സത്യമാണെങ്കിൽ അല്ലാഹുവേ നീ സാക്ഷ്യം വഹിക്കുക.
"ഇത് സത്യം"... ആകാശത്ത് നിന്ന് ശബ്ദം കേട്ടു. രണ്ട് സഹോദരങ്ങളും അത് കേട്ടു. ഞെട്ടലോടെ മടങ്ങിപ്പോയി. അയ്യൂബ് നബി (അ) സുജൂദിൽ വീണു. നബിയുടെ സത്യാവസ്ഥ അല്ലാഹു ﷻ വെളിപ്പെടുത്തുകയും ചെയ്തു...
ഇബ്നു ഹാത്തിം പറയുന്നു:
അയ്യൂബ് നബി (അ)ന് സ്വർഗത്തിൽ നിന്നുള്ള വസ്ത്രങ്ങൾ കിട്ടി. അത് ധരിച്ചു സുമുഖനായിത്തീർന്നു. ഭാര്യ വന്നു. ഭർത്താവിനെ കാണാനില്ല. വെപ്രാളമായി. ചെന്നായ പിടിച്ചു കൊണ്ടുപോയോ എന്നുവരെ ചിന്തിച്ചുപോയി. ഭയന്നു അവിടെ കണ്ട സുമുഖനോട് ചോദിച്ചു. "ഇവിടെയുണ്ടായിരുന്ന രോഗി എവിടെ? അയ്യൂബ് നബി എവിടെ..?"
അദ്ദേഹം പറഞ്ഞു: "ഞാൻ തന്നെയായിരിക്കും അയ്യൂബ്."
ഭാര്യ ചോദിച്ചു: "എന്നെ കളിയാക്കുകയാണോ?"
അദ്ദേഹം പറഞ്ഞു: "നാശം ഞാൻ തന്നെയാണ് അയ്യൂബ്. അല്ലാഹു ﷻ എന്റെ ശരീരം തിരിച്ചു തന്നു."
ഭാര്യ നോക്കി. ബോധ്യംവന്നു. സന്തോഷമായി...
ഇബ്നു അബ്ബാസ് (റ) പറയുന്നു:
അല്ലാഹു ﷻ അയ്യൂബ് നബി (അ)ന് നഷ്ടപ്പെട്ട സമ്പത്തും സന്താനങ്ങളെയും തിരിച്ചു നൽകി. അത്ര വേറെയും നൽകി...
ഇബ്നു അബീ ഹാത്തിമിന്റെ റിപ്പോർട്ട്: നബി ﷺ തങ്ങൾ പറഞ്ഞു: അയ്യൂബ് നബി (അ) ന്റെ രോഗം മാറിയപ്പോൾ അവിടെ സ്വർണത്തിന്റെ വെട്ടുകിളികൾ മഴയായി വർഷിച്ചു. സ്വർണ മഴ. അയ്യൂബ് (അ)അത് ശേഖരിച്ചു...
അല്ലാഹു ﷻ ചോദിച്ചു : "അയ്യൂബ്.., നിനക്ക് മതിയോ?"
അയ്യൂബ് നബി (അ) മറുപടി നൽകി: "നിന്റെ റഹ്മത്ത് ലഭിച്ചാൽ ആർക്കാണ് മതിയാവുക?"
ബന്ധുക്കളെ നൽകിയതിനെക്കുറിച്ചു വിശുദ്ധ ഖുർആനിൽ പറഞ്ഞതിങ്ങനെയാകുന്നു. "നാം അദ്ദേഹത്തിന്റെ ബന്ധുക്കളെ നൽകി. അത്ര വേറെയും നൽകി. തുടർന്നു പറഞ്ഞു: നമ്മിൽ നിന്നുള്ള കാരുണ്യമായിട്ട്."
ഇവിടെ റഹ്മത്ത് എന്ന പദം വന്നു. ഇതിൽ നിന്ന് ചില പണ്ഡിതന്മാർ മനസ്സിലാക്കുന്നത് അയ്യൂബ് നബി (അ)ന്റെ ഭാര്യയുടെ പേര് റഹ്മത്ത് ആണെന്നാണ്. റഹ്മത്തിന് അല്ലാഹു ﷻ യൗവ്വനം തിരിച്ചു നൽകി. അവർ ഇരുപത്താറ് പുത്രന്മാരെ പ്രസവിച്ചുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...
ഇബ്നു ജരീറും മറ്റു ചിലരും രേഖപ്പെടുത്തി: മരണപ്പെടുമ്പോൾ അയ്യൂബ് (അ)ന് തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. ഇതിനെക്കാളെറെക്കാലം അയ്യൂബ് (അ) ജീവിച്ചതായി മറ്റ് റിപ്പോർട്ടുകളിലുണ്ട്.
രോഗ വിമുക്തനായ ശേഷം എഴുപത് വർഷക്കാലം മതപ്രബോധനം നടത്തിയതായി രേഖകളിൽ പറയുന്നുണ്ട്...
റൂം പ്രദേശത്താണ് മതപ്രബോധനം നടത്തിയത്. മതശാസനകൾ സ്വീകരിച്ചതോടെ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കാൻ റോം നിവാസികൾക്ക് കഴിഞ്ഞു...