പരലോകത്ത് വെച്ച് മനുഷ്യരെല്ലാം വിചാരണ ചെയ്യപ്പെടും. ധനികരെ വിചാരണ ചെയ്യപ്പെടുമ്പോൾ സുലൈമാൻ നബി (അ) ഹാജരാക്കും. ധനികർ വേണ്ടവിധത്തിൽ ധനം ചെലവഴിച്ചിരുന്നോ? ധനം കൊണ്ട് അഹങ്കാരം കാണിച്ചിരുന്നോ? എല്ലാം പരിശോധിക്കാം. ധനം എങ്ങനെ ചെലവഴിക്കണമെന്ന് സുലൈമാൻ നബി (അ) ന്റെ നടപടികളിൽ നിന്ന് മനസ്സിലാക്കാം...
ഭൂമിയിൽ കഠിന പരീക്ഷണങ്ങൾക്ക് വിധേയരായവരെ ഹാജരാക്കും. വിചാരണ ചെയ്യും. അപ്പോൾ അയ്യൂബ് (അ)നെ അവിടെ ഹാജരാക്കും. ഇപ്രകാരമെല്ലാം മുജാഹിദ് (റ) ന്റെ റിപ്പോർട്ടിലുണ്ട്...
അയ്യൂബ് (അ)ന്റെ കാലശേഷം ദീൻ പ്രചരിപ്പിച്ച പുണ്യ പ്രവാചകൻ തന്റെ പുത്രനായ ദുൽകിഫ്ലി (അ) ആയിരുന്നു. പിതാവിന്റെ ജീവിതത്തിൽ നിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാൻ പുത്രന് കഴിഞ്ഞിട്ടുണ്ട്. പുത്രൻ ക്ഷമാശീലനായിത്തന്നെ വളർന്നു. അല്ലാഹുﷻവിന്റെ പ്രശംസ നേടുകയും ചെയ്തു...
ഇബ്രാഹിം (അ), ഇസ്ഹാഖ് (അ), യഹ്ഖൂബ് (അ), ഇസ്മാഈൽ (അ), അൽയസഹ് (അ) എന്നീ മഹാ പ്രവാചകന്മാരോടൊപ്പം ചേർന്ന് ദുൽകിഫ്ലി (അ)നെയും അല്ലാഹു ﷻ പ്രശംസിക്കുന്നു...
സൂറത്ത് സ്വാദിലെ ചില വചനങ്ങൾ കാണുക : "നമ്മുടെ അടിമകളെ അതായത് കർമശക്തിയും ഉൾക്കാഴ്ചയുമുണ്ടായിരുന്ന ഇബ്രാഹിം, ഇസ്ഹാഖ്, യഹ്ഖൂബ് എന്നിവരെ ഓർക്കുക." (38:45)
"നിശ്ചയമായും ഒരു പരിപാവന കാര്യം കൊണ്ട് അവരെ നാം പ്രത്യേകമാക്കി. അതായത് പരലോക സ്മരണ കൊണ്ട്." (38:46)
"അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരിൽ പെട്ടവർ തന്നെയാകുന്നു." (38:47)
"ഇസ്മാഈൽ, അൽയസഹ്, ദുൽകിഫ്ലി എന്നിവരെയും ഓർക്കുക. അവരെല്ലാവരും തന്നെ ഉത്തമന്മാരിൽ പെട്ടവരായിരുന്നു." (38:48)
കാലഘട്ടത്തെ അതിശയം കൊള്ളിച്ച മഹാപ്രവാചകന്മാർ. എത്ര വലിയ അംഗീകാരമാണവർക്ക് ലഭിച്ചത്. പരലോക സ്മരണയാണവരെ നയിച്ചത്. ദുനിയാവ് പരലോകത്തിന് വേണ്ടി പകരം നൽകി. സുഖസൗകര്യങ്ങളും അലങ്കാരങ്ങളുമെല്ലാം പരലോകത്ത് മതി. ദുനിയാവിലെ സുഖങ്ങളും സൗകര്യങ്ങളും വേണ്ടെന്ന് വെച്ചു. പരിത്യാഗ ജീവിതം നയിച്ചവർ...
യാതനകൾ, കഷ്ടപ്പാടുകൾ, പരീക്ഷണങ്ങൾ ഇവയെല്ലാം ധാരാളം സഹിച്ചു. ജനങ്ങൾക്കൊപ്പം നിന്നു. അത് കാരണം അവർ അല്ലാഹുﷻവിന്റെ പ്രത്യേകക്കാരായിത്തീർന്നു. അല്ലാഹുﷻവിന്റെ പ്രത്യേക പരിഗണന ലഭിക്കുകയെന്നത് അപൂർവ്വ പദവിയാണ്. പരലോക സ്മരണ നമ്മെയും പ്രത്യേകക്കാരാക്കിത്തീർക്കും എന്ന വസ്തുത നാം മനസ്സിലാക്കണം...
നമുക്ക് വേണ്ടത് പരലോക വിജയമാണ്. അവിടെ ഉന്നത സ്ഥാനം ലഭിക്കണം. അതിനുവേണ്ടി ദുനിയാവിൽ ചില ത്യാഗങ്ങളൊക്കെ സഹിക്കേണ്ടിവരും. പരീക്ഷണങ്ങൾ ക്ഷമയോടെ സഹിക്കണം. എല്ലാ സന്തോഷവും ദുനിയാവിൽ വെട്ടിപ്പിടിക്കാൻ നിന്നാൽ പരലോകം മറന്നു പോകും. അവിടെയെത്തുമ്പോഴാണ് പരാജയം എത്ര ഭീകരമാണെന്നറിയുക...
വിശുദ്ധ ഖുർആൻ ഈ പ്രവാചകന്മാരെ പരിചയപ്പെടുത്തിത്തന്നത് അവരെ മാതൃകയാക്കി ജീവിക്കാനാണ്. അവരെ സ്നേഹിക്കണം. ആദരിക്കണം. അവരിൽനിന്ന് ആവുന്നേടത്തോളം പാഠങ്ങൾ പഠിക്കുകയും വേണം. അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാർ ആകുന്നു. എന്നാണ് അല്ലാഹു ﷻ പറയുന്നത്...
അവർ തന്നെയാണ് ശ്രേഷ്ഠന്മാർ. ആദരണീയർ. അവരെ ആദരിച്ച വചനങ്ങൾ തന്നെ എത്ര മഹത്തരം. ഉത്തമന്മാർ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പരിയപ്പെടുത്തിത്തന്നത് ആരെയൊക്കെയാണ്. ഇസ്മാഈൽ(അ), അൽയസഹ്(അ), ദുൽകിഫ്ലി(അ)...
അൽയസഹ് (അ) മഹാനായ പ്രവാചകനാണ്. അദ്ദേഹത്തിന്റെ പിതാവ് ഉഖ്തുബ് ആയിരുന്നു. ഇസ്രാഈലീ സമൂഹത്തിലെ ഒരു സമുന്നത വ്യക്തിയാണദ്ദേഹം. ഇൽയാസ് നബി (അ) ന്റെ പിൻഗാമിയായിരുന്നു അൽയസഹ് (അ). ഇൽയാസ് (അ)ന് ശേഷം അൽയസഹ് (അ) ഇസ്രാഈല്യരുടെ പ്രവാചകനായിത്തീർന്നു...
അല്ലാഹുﷻവിന്റെ സന്ദേശങ്ങൾ നടപ്പാക്കുന്നതിൽ കഠിന ത്യാഗങ്ങൾ സഹിക്കേണ്ടിവന്ന പ്രവാചകനാണ് ദുൽകിഫ്ലി(അ). ഉത്തമന്മാർ (أَخْيَارِ) എന്നാണ് അല്ലാഹു ﷻ ഇവരെയെല്ലാം വിശേഷിപ്പിച്ചത്...
മനുഷ്യർ ദോഷങ്ങൾ ചെയ്യരുത്. സൂക്ഷിക്കണം. ദോഷബാധയെ സൂക്ഷിക്കുന്നവർക്ക് ഇവർ മാതൃകയാണ്. ഇത്രയും പ്രവാചകന്മാരെ പരിചയപ്പെടുത്തിയ ശേഷം അല്ലാഹു ﷻ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക...
"ഇതൊരു പ്രസ്താവനയാണ്. നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവർക്ക് നല്ല മടക്കസ്ഥാനമുണ്ട്." (38:49)
നല്ല മടക്കസ്ഥാനം എന്താണ്..? സ്വർഗം. ദോഷങ്ങൾ വരാതെ സൂക്ഷിച്ചു ജീവിച്ച മുത്തഖീങ്ങൾക്ക് സ്വർഗമുണ്ട്. അവർക്കുവേണ്ടി സ്വർഗവാതിലുകൾ തുറക്കപ്പെട്ടിരിക്കുന്നു. സ്ഥിരതാമസത്തിന് വേണ്ടി അതിലേക്ക് കടന്നുചെല്ലാം...
അല്ലാഹു ﷻ സജ്ജനങ്ങളുടെ കാര്യം പറയുന്നു ഇങ്ങനെ: "അവർക്കായി വാതിലുകൾ തുറന്നുവെക്കപ്പെട്ട സ്ഥിരതാമസത്തിനുള്ള സ്വർഗങ്ങൾ ഉണ്ട്." (38:50)
"അവരതിൽ ചില കട്ടിലുകളിൽ ചാരിയിരിക്കുന്നവരായി സുഖമനുഭവിക്കും. അവരവിടെ ധാരാളം പഴങ്ങൾക്കും പാനീയങ്ങൾക്കും ആവശ്യപ്പെടും." (38:51)
"അവരുടെയടുത്ത് കണ്ണുകളെ നിയന്ത്രിക്കുന്നവരും സമവയസ്കരുമായ തരുണികളുമുണ്ടായിരിക്കും." (38:52)
"വിചാരണ ദിവസത്തേക്ക് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണിതെല്ലാം." (38:53)