എല്ലാ സ്ത്രീകളെയും പോലെ പ്രവാചക പുത്രിയും ഉമ്മയാവാൻ കൊതിച്ചു. സ്വാലിഹായ സന്താനങ്ങളെ നൽകാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. ഒരു പ്രവാചകനെ ഗർഭം ധരിച്ച ചരിത്രമാണ് ഇനി പറയാനുള്ളത്...
അനുഭൂതികളുടെ നാളുകളായിരുന്നു അത്. അല്ലാഹുﷻവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ തന്നിൽ വർഷിക്കുന്നതായി ഗർഭിണിക്ക് തോന്നി. ഭർത്താവിന് മനം നിറയെ സന്തോഷം. ആ വലിയ കുടുംബത്തിൽ എല്ലാവർക്കും ആഹ്ലാദം തന്നെ. എല്ലായിടത്തും നവോന്മേഷം കളിയാടി...
മാസങ്ങൾ കടന്നു പോയി. പ്രസവം അടുത്തെത്തി. പ്രാർത്ഥനാ നിർഭരമായ നാളുകൾ. ഒടുവിൽ ആ സന്തോഷവാർത്ത പുറത്തേക്കൊഴുകിയെത്തി. പ്രസവം നടന്നു. ആൺകുഞ്ഞ്. എല്ലാ മുഖങ്ങളും തെളിഞ്ഞു. എല്ലാ കണ്ണുകളും തിളങ്ങി. നവജാത ശിശുവിനെ ഒരു നോക്കു കാണാൻ തിടുക്കമായി...
പൊന്നോമന കുഞ്ഞ്. അതിനെ താലോലിക്കാൻ എത്രയെത്രകുലീന വനിതകൾ. കുഞ്ഞിന്റെ പേരെന്താണ്?അതറിയാൻ എല്ലാവർക്കും തിടുക്കമായി. പേര് വിളിക്കപ്പെട്ടു. അയ്യൂബ് ആളുകളുടെ ചുണ്ടുകളിൽ ആ പേര് തത്തിക്കളിച്ചു ... അയ്യൂബ്... അയ്യൂബ്...
ഈ കുഞ്ഞാണ് പിൽക്കാലത്ത് പ്രസിദ്ധനായ പ്രവാചകനായിത്തീർന്നത്. സയ്യിദുനാ അയ്യൂബ് (അ). ചില ചരിത്രകാരന്മാർ അയ്യൂബ് നബി (അ)ന്റെ പിതൃപരമ്പര രേഖപ്പെടുത്തിയത് ഇങ്ങനെയാകുന്നു. അയ്യൂബ് (അ) -മൂസ്വ് റഹ്വീൽ -അൽഐസ്വ് -ഇസ്ഹാഖ് നബി (അ)...
പ്രസിദ്ധനായ ഇബ്നു ഇസ്ഹാഖിന്റെ രേഖയനുസരിച്ച് പിതൃപരമ്പര ഇങ്ങനെയാകുന്നു : അയ്യൂബ് (അ)-മൂസ്വ് -റാസഹ്-അൽഐസ്വ് -ഇസ്ഹാഖ് (അ)
അയ്യൂബ് (അ)ന്റെ ഉമ്മ ലൂത്വ് (അ)ന്റെ പുത്രിയായിരുന്നുവെന്ന് ഇബ്നു അസാക്കിറിന്റെ പ്രസിദ്ധമായ റിപ്പോർട്ടിൽ കാണാം. ഇബ്രാഹിം (അ)ന്റെ പുത്രനാണ് ഇസ്ഹാഖ് (അ). ആ പരമ്പരയിലാണ് അയ്യൂബ് (അ) പിറന്നത്...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "ദാവൂദ്, സുലൈമാൻ, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂൻ ഇവരെല്ലാം ഇബ്രാഹിമിന്റെ സന്താന പരമ്പരയിൽ പെട്ടവരാകുന്നു."
ഊർജ്ജ്വസ്വലനും ചിന്താശീലനുമായ കുട്ടിയായിരുന്നു അയ്യൂബ്. തന്റെ ചുറ്റും കാണുന്ന എല്ലാ വസ്തുക്കളെക്കുറിച്ചും കുട്ടി ചിന്തിച്ചു..
മുകളിൽ നീലാകാശം. അതിശയകരമായ സൃഷ്ടിപ്പ് തന്നെ. കിഴക്കൻ മലകൾക്കപ്പുറത്ത് നിന്നും പ്രഭാത സൂര്യൻ ഉയർന്നു വരുന്നു. സൂര്യരശ്മികളേൽക്കുമ്പോഴാണ് രാത്രിയുടെ തണുപ്പു നീങ്ങുന്നത്...
പ്രഭാതത്തിൽ സൂര്യന്റെ നിറം ചുവപ്പ്. രശ്മികൾക്ക് ചൂട് തീരെ കുറവ്. സൂര്യൻ ഉയർന്നുയർന്നു വരുന്നു. വെളുപ്പ് നിറമായി മാറുന്നു. ചൂട് വല്ലാതെ കൂടിവരുന്നു. പിന്നെപ്പിന്നെ സൂര്യനെ നോക്കാൻ തന്നെ കഴിയില്ല. വെയിലത്തിറങ്ങിയാൽ വിയർത്തൊലിക്കും...
സായാഹ്നം സന്തോഷകരമായ അനുഭവമാണ്. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്കിറങ്ങിച്ചെല്ലും. ചൂട് കുറഞ്ഞു വരും. നിറം ചുവപ്പായി മാറും. പടിഞ്ഞാറൻ ചക്രവാളമാകെ ചെമന്നു തുടിക്കും. മെല്ലെ മെല്ലെ സൂര്യൻ മാഞ്ഞുപോകും. നേർത്ത ഇരുൾ വീഴുന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ കുറെ നേരംകൂടി പ്രകാശം തങ്ങിനിൽക്കുന്നു. ആ പ്രകാശം മായുന്നതോടെ ഇരുട്ടിന്റെ ആധിപത്യമായി. ഇത് വല്ലാത്തൊരു പ്രതിഭാസം തന്നെ. ഇതിന്നു പിന്നിൽ പ്രവർത്തിക്കുന്ന ശക്തി ഏത്..?
എല്ലാ രാത്രിയും ഒരു പോലെയല്ല. ചില രാത്രികളിൽ കനത്തു കെട്ടിയ ഇരുട്ടാണ്. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ആകാശം നിറയെ കാർമേഘങ്ങൾ. ഒരു നക്ഷത്രത്തെപ്പോലും കാണാൻ കഴിയില്ല. ചില രാത്രികളിൽ ആകാശം കാണേണ്ട കാഴ്ച തന്നെയാണ്. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ. വെട്ടിത്തിളങ്ങുന്ന താരഗണങ്ങൾ. എന്തൊരു ഭംഗിയാണതിന്. ഇവയെല്ലാം പടച്ചതാര് ? ഇവയെ നിയന്ത്രിക്കുന്നതാര്..?
പൂനിലാവൊഴുകുന്ന രാവുകൾ. പാലൊളിച്ചന്ദ്രിക മാസത്തിന്റെ തുടക്കത്തിൽ വര പോലെ കാണുന്ന അമ്പിളിക്കല. പിന്നെയത് വളരുന്നു പതിനാലാം രാവിൽ പൂർണ ചന്ദ്രൻ. പിന്നെ വലുപ്പം കുറഞ്ഞു വരും. നേർത്ത അമ്പിളിക്കലയായി മാറുന്നു. എന്തൊരത്ഭുതം. കുട്ടിയുടെ ചിന്തകൾ ചോദ്യങ്ങളായി ഒഴുകി വന്നു...
ഉമ്മ പ്രവാചക പുത്രിയാണ്. പണ്ഡിത വനിത. മോന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാൻ മാതാപിതാക്കളുണ്ട്. ബന്ധുക്കൾ പലരുമുണ്ട്. അവരുടെ സംസാരം കുട്ടിയെ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഏകനായ അല്ലാഹുﷻ. അവൻ തന്നെ സൃഷ്ടാവും സംരക്ഷകനും. സർവലോക സംരക്ഷകൻ. റബ്ബുൽ ആലമീൻ. അല്ലാഹുﷻ ആകാശം സൃഷ്ടിച്ചു. അല്ലാഹുﷻ ഭൂമി സൃഷ്ടിച്ചു. സകല ചരാചരങ്ങളെയും സൃഷ്ടിച്ചു. അല്ലാഹുﷻവിന്റെ സൃഷ്ടിവൈഭവം അപാരം തന്നെ...
തനിക്കു ചുറ്റും കാണുന്ന മൃഗങ്ങൾ അവയുടെ ശരീര പ്രകൃതി. ആഹാരക്രമം. അവയെക്കൊണ്ട് മനുഷ്യന് ലഭിക്കുന്ന പ്രയോജനങ്ങൾ. എല്ലാം കുട്ടിയെ ചിന്തിപ്പിച്ചു. വിശാലമായ മരുഭൂമി. അതിലൂടെ നടന്നു പോവുന്ന ഒട്ടകക്കൂട്ടങ്ങൾ. മരുക്കപ്പലുകൾ. ഒട്ടകങ്ങൾ ആരെയാണ് വിസ്മയം കൊള്ളിക്കാത്തത്. ഓരോ കാഴ്ചയും അല്ലാഹുﷻവിനെ ഓർമപ്പെടുത്തുന്നു.