നാട്ടിന്റെ അഭിമാനമായ ചെറുപ്പക്കാരൻ, സ്നേഹ സമ്പന്നൻ, പരോപകാര തൽപരൻ, ഉദാരമതി. ചെറുപ്പക്കാരനെ എങ്ങനെ വിശേഷിപ്പിക്കണം..? നാട്ടുകാർക്കതറിയില്ല...
ആകർഷരകമായ സംസാരം. നല്ല വാചാലത. എത്ര കേട്ടാലും മതിവരില്ല.
പാവപ്പെട്ടവർ വരും സങ്കടം പറയും. താൽപര്യത്തോടെ കേട്ടിരിക്കും. നല്ല സഹായം നൽകും. ദുഃഖത്തിന്റെ ഭാണ്ഡവുമായി വന്നവർ ആശ്വാസത്തോടെ മടങ്ങിപ്പോവും...
കൊടുക്കുംതോറും കൂടിക്കൂടിവരികയാണ് സമ്പത്ത്. പിന്നെ കൊടുക്കാനെന്തിന് മടിക്കുന്നു..? ഒരു മടിയുമില്ല. കൈ നിറയെ കൊടുക്കും. ചോദിച്ചുവരുന്ന ഒരാളെയും സന്തോഷിപ്പിക്കാതെ വിടില്ല...
ആടിനെ വേണ്ടവർക്ക് ആടിനെ നൽകും. പശുവിനെ വേണ്ടവർക്ക് പശുവിനെ കിട്ടും. കഴുതയെ വേണോ..? ചോദിച്ചാൽ മതി. കിട്ടും. ഒട്ടകത്തെയും ചോദിക്കാം. കിട്ടും ഉറപ്പാണ്. പലർക്കും വേണ്ടത് ധാന്യമാണ്. രാവിലെയും വൈകുന്നേരവുമൊക്കെ ധാരളമാളുകൾ വരും. വന്നവർ വിശപ്പിന്റെ കഥകൾ പറയും...
ചെറുപ്പക്കാരന്റെ മനസ്സിലിയും. കൊണ്ടുവന്ന പാത്രങ്ങളും സഞ്ചികളും നിറയെ ധാന്യം കൊടുക്കും. വന്നവർ അമ്പരന്നുപോവും. ചാക്ക് നിറയെ ധാന്യം. ചുമന്നുകൊണ്ട് പോവാൻ പ്രയാസം. ഇങ്ങനെയുണ്ടോ ഒരു ഔദാര്യശീലം...
അയ്യൂബ് എന്ന ചെറുപ്പക്കാരന്റെ അവസ്ഥയാണിത്. നാട്ടിലാകെ പാട്ടാണിത്. അയൽനാടുകളിലും അയ്യൂബ് ഔദാര്യം കൊണ്ട് പ്രസിദ്ധനായി. ഉമ്മമാർ കുട്ടികൾക്ക് അയ്യൂബിന്റെ കഥ പറഞ്ഞു കൊടുക്കും. പൊന്നുമക്കളേ അയ്യൂബിന് എത്ര ആടുകളുണ്ടെന്നറിയാമോ..? ഏഴായിരം
കുട്ടികൾ വാ പൊളിച്ചിരുന്നുപോവും. ഏഴായിരം ആടുകളോ..? അതിനെ മേയ്ക്കാൻ എത്ര ഇടയന്മാർ വേണം. ഇടയന്മാരുടെ എണ്ണം നൂറ് കണക്കിന് വരും. നാട്ടിന്റെ പല ഭാഗങ്ങളിലായിട്ടാണ് ആട്ടിൻകൂട്ടങ്ങളെ വളർത്തുന്നത്. നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് ഓരോ ദിവസവും പ്രസവിക്കപ്പെടുന്നത്...
എത്ര പാത്രം പാലാണ് കറന്നെടുക്കുന്നത്. എന്നാലും കുഞ്ഞുങ്ങൾക്കു കുടിക്കാൻ വേണ്ടത്ര ബാക്കി കാണും. ഓരോ ദിവസവും എത്രയോ ആടുകളെ അറുത്ത് ആഹാരമാക്കുന്നുണ്ട്. ആടുകളെ കണക്കില്ലാതെ ദാനം ചെയ്യുന്നുമുണ്ട്. ആടുകളുടെ വിശേഷം തന്നെ ഒരുപാട് പറയാനുണ്ട്...
ഒട്ടകങ്ങൾ എത്രയുണ്ടെന്നറിയുമോ..? മുവ്വായിരം ... കേൾക്കുന്നവർ അതിശയംകൊണ്ട് മൂക്കത്ത് വിരൽ വെച്ചു പോവും. നൂറുകണക്കായ ജോലിക്കാരാണ് ഒട്ടകങ്ങളെ സംരക്ഷിക്കുന്നത്. പല പ്രായത്തിലുള്ള ഒട്ടകങ്ങൾ. കണേണ്ട കാഴ്ച തന്നെയാണത്. വീട്ടിൽ ഇടക്കിടെ ഒട്ടകത്തിന്റെ മാംസം പാകം ചെയ്യും. ഒട്ടകപ്പാൽ എല്ലാ ദിവസവുമുണ്ടാവും...
കാളകളും പശുക്കളും എണ്ണം ആയിരം. ചുമടെടുക്കാൻ കഴുതകൾ. കഴുതകളുടെ വലിയ കൂട്ടങ്ങൾ. കൃഷിയിടങ്ങൾ വളരെ വിശാലമാണ്. അളന്ന് തിട്ടപ്പെടുത്തിയിട്ടൊന്നുമില്ല. കൃഷിയുമായി ബന്ധപ്പെട്ട ജോലിക്കാർ നിരവധിയാണ്. അയ്യൂബിന്റെ സാമ്രാജ്യം...
അയ്യൂബ് നിറ യൗവ്വനത്തിലാണ്. ഇനിയൊരു വിവാഹം കഴിക്കണം. കുലീനകുടുംബത്തിൽ നിന്ന്. നബികുടുംബമാണ് ഏറ്റവും ശ്രേഷ്ഠം. തന്റെ ഭാര്യ നബികുടുംബത്തിലെ അംഗമായിരിക്കണം. അതാണ് ചേർച്ച. അങ്ങനെ ഒരാളെ കിട്ടണം...